ശന്തനു കല്ലടയിൽ🍀
സിറിൾ !
ആരായിരുന്നു സിറിൾ ?
നിങ്ങളുടെ അയൽക്കാരൻ , സുഹൃത്ത്, സഹപാഠി, കാമുകൻ, ഒരു വഴിപോക്കൻ , അതുമല്ലെങ്കിൽ ഒരു ശല്യക്കാരൻ ???
കഥയേതെന്നറിയില്ലെങ്കിലും
സിറിൾ ഒരു കഥാപാത്രമാണ്.
ജീവിച്ചിരുന്നയാളാണ്.
ഇത്തിരിപ്പോന്നൊരു മനുഷ്യായുസിൽ
ജീവിതം പുകച്ചയാളാണ്.
കള്ള് കുടിച്ചിട്ട് കവലയിൽ നിന്ന്
പഞ്ചായത്തെലക്ഷനിൽ പ്രസംഗിച്ചിട്ടുണ്ട്.
ലിറ്റിൽ ഫ്ലവറിന്റെ രണ്ടിലയ്ക്ക് വേണ്ടിയും
കൈപ്പത്തിക്ക് വേണ്ടിയും
ചെങ്കൊടിക്ക് വേണ്ടിയും
ഒരേയന്തിയിൽ പ്രസംഗിച്ചിട്ടുണ്ട്.
ഞാൻ കേട്ടിട്ടുണ്ട് ,
ഞങ്ങൾ ചിരിച്ച് കുഴഞ്ഞിട്ടുണ്ട്
പരിഹസിച്ചവരുമുണ്ട്.
സിറിൾ, ആരെന്ന് എനിക്കറിയില്ല.
സിറിൾ ആർക്കൊക്കെ ആരൊക്കെയായിരു
ന്നുവെന്ന് എനിക്കറിവില്ല.
വേളാങ്കണ്ണീപ്പോവാൻ പൈസയും
ചോദിച്ച് വന്നിട്ടുണ്ട്
പലരും കണ്ടിട്ടുണ്ട്.
അവർക്കൊന്നും സിറിളിനെ അറിഞ്ഞൂടാ.
കുട്ടിക്കാലത്ത് സ്നേഹം തന്ന്
സ്നേഹിക്കാൻ പഠിപ്പിച്ചൊരു
അദ്ധ്യാപികയുടെ കൂടെപ്പിറപ്പാണതെന്ന്
പലരോടും ഞാമ്പറഞ്ഞിട്ടുണ്ട്.
വേളാങ്കണ്ണീല് സിറിൾ പോയിരുന്നോ
എന്നറിയില്ല…
മെല്ലിച്ച ഉടലുമായി
സിറിൾ നടക്കുന്നത് ഓർമ്മയുണ്ട് ,
ഒരു കാലിൽ പതിവ് വെച്ച് കെട്ടുണ്ട്.
കുഞ്ഞിച്ചിരി പോലെ
സിറിളിന്റെ ചിരിയോർമ്മയുണ്ട്.
സിറിൾ,
ആരായിരുന്നാലും
ഒരു കവിതാപാത്രമായി
ഓർമ്മകളുടെ നാട്ടിടവഴികളിലൂടെ
നിങ്ങളിന്നും നടക്കുന്നുണ്ട്.
മുൻപെങ്ങോ മരിച്ച് പോയിട്ടും
എന്തിനാണ്
ഞാനിടയ്ക്കിടെ
നിങ്ങളെയിങ്ങനെ
ഓർക്കുന്നതെന്ന്
മനസിലാവുന്നേയില്ല.