വാസുദേവൻ കെ വി*
അയൽക്കാരനായ യുവാവ്.. എന്തിനുമേതിനും ഉതസാഹത്തോടെ… ഒരാഴചയിലേറെയായി ആതുരാലയത്തടങ്കലിൽ . ഇത്തിരിക്കുഞ്ഞന്റെ ആശ്ലേഷം മറികടന്നവൻ. ഹൃദയ നാളികളിൽ കൊഴുപ്പ് ഒത്തുകൂടി.
വേർപാട് വിശ്വസിക്കാനാവാതെ സൗഹൃദങ്ങൾ. അതറിഞ്ഞപ്പോൾ
അവളവന് ടൈപ്പ് ചെയ്തിട്ടു.
“രംഗബോധമില്ലാത്ത കോമാളി.. അവന്റെ കടന്നുവരവ് ആർക്കുമറിയാതെ....”
“അതേ പ്രിയപ്പെട്ടവളേ..
എന്റെയും നിന്റെയും അന്ത്യയാത്രയ്ക്ക് ഇനിയെത്ര ..??”
അവനവൾക്ക് മുന്നിൽ ചരിത്രത്താളുകൾ തുറന്നിട്ടു. , “പിയാ ബിൻ ചേൻ നഹീ…”
ജിൻജോട്ടി രാഗത്തിൽ ഉസ്താദ് അബ്ദുൾ കരിം ഖാന്റെ ബന്ദിഷ്,,,,
പിന്നീടത് ജനപ്രിയ ഗായകൻ സൈഗാൾ 1936 ൽ “ദേവദാസ് ” എന്ന ഹിറ്റ് സിനിമയ്ക്ക് വേണ്ടിയും പാടി. ഖാൻ സാഹിബ് ഒരുക്കിയത് ഹിന്ദുസ്ഥാനി ഖായലിലെ കിരാനാ ഖരാന.
പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഗുരുനാഥൻ സാവയ് ഗന്ഥർവ്വ, ഉസ്താദ് കരിംഖാന്റെ പ്രിയശിഷ്യനായിരുന്നു . പ്രശസ്ത മൈസൂർ പാലസ് സംഗീത സദസ്സിലെ ആസ്ഥാനഗായകൻ കരിം ഖാൻ . കർണാടിക് സംഗീതത്തിൽ പാണ്ഡിത്വം നേടിയ ആദ്യ ഹിന്ദുസ്ഥാനി ഗായകൻ.
മരണം രംഗബോധമില്ലാത്ത കോമാളി,, മരണം കൈയെത്തി തൊടുന്നത് എപ്പോഴും ഒരു പോക്കറ്റടിക്കാരന്റെ വിരൽസ്പർശ പാടവത്തോടെ .
മദ്രാസ് സംഗീതാസ്വാദക സദസ്സിന് മുന്നിൽ സംഗീതാമൃതം ചൊരിഞ്ഞ് ഗുരു അരബിന്ദിന്റെ ക്ഷണപ്രകാരം പോണ്ടിച്ചേരിയിൽ കച്ചേരി ഒരുക്കാൻ ഖാൻ സാഹിബ് യാത്രക്കൊരുങ്ങി റയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ് ആ കോമാളി പോക്കറ്റടി വിരൽസ്പർശം ഉസ്താദ് അബ്ദുൾ കരിംഖാനേ തൊട്ടു തലോടിയത് . ഹൃദയാഘാതം!. ആരോരുമില്ലാത്തവനെപ്പറ്റി ഏറെ പാടിയ ഗായകന് റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിലായിരുന്നു അന്ത്യം. ആരോരുമറിയാതെ..
“രണ്ടുമില്ലാതൊരുവന്റെ
നെഞ്ചിലെ തീ നീ കണ്ടുവോ?? “
-എന്ന കാവ്യ ചോദ്യം കുറിച്ചിട്ട നമ്മുടെ കവി അയ്യപ്പനും പണ്ട് സമാനഅന്ത്യം.
മരണം ദുർബ്ബലം തന്നെ!