രചന :- ബിനു. ആർ*
ഞാനും നീയുമൊന്നാകുന്ന
പരിപാവനമാംപുണ്യസാങ്കേത- ത്തിലെത്തീടുവനെനിക്കൊരു
തീർത്‌ഥയാത്രപോയീടണം…
ഏഴരപ്പൊന്നാനമേൽമേവുന്ന
കൈലാസനാഥസങ്കേതത്തിൽ
നിന്നുംചിന്മുദ്രയണിഞ്ഞീടണം
ഗുരുസ്വാമിതൻ സവിധത്തിൽനിന്നും
നെയ്തേങ്ങനിറച്ചിരുമുടികെട്ടും
മുറുക്കീടണം…
പാലാഴികടയാതെകിട്ടിയ സഹ്യാദ്രിയിൽ
ശബരിഗിരിയിൽ വാഴുംപൊന്നു തമ്പുരാൻ
അയ്യനയ്യനേ കൺ നിറയേ കാണാനായ്
കണ്ടുതൊഴുതു മനമൊന്നുനിറയാനായ്…
തെക്കിന്റെ ഗംഗാതീർത്ഥമാം
പമ്പാനദിയിലൊന്നു മുങ്ങണം,
പാപങ്ങളെല്ലാമൊഴുക്കിക്കളയണം
പാമ്പാഗണപതിയെയൊന്നു
കണ്ടേത്തമിട്ടു വണങ്ങണം…
നീലിമലയും അപ്പാച്ചിമേടും താണ്ടി
ശബരീപീഠവും ശരംകുത്തിയാലും കടന്ന്
പതിനെട്ടാംപടിയിലെത്തണം
പതിനെട്ടാംപടിയിലുറങ്ങണ
വേദപ്പൊരുളുകളെ വണങ്ങണം…
പിന്നെ പൊന്നുപതിനെട്ടാംപടിക്കു
മേലിരിക്കുന്ന
നീയും ഞാനുമൊന്നെന്ന സത്യംനേടി
ചിന്മുദ്ര സമർപ്പിച്ചു,മാളികപ്പുറത്ത-
മ്മയെയും കണ്ടു മടങ്ങീടണം…