രചന : ശ്രീകുമാർ എം പി*

ഇന്ദ്രപ്രസ്ഥത്തിലെ
അഗ്നിമഞ്ചങ്ങളിൽ നിന്നും
ആഗ്നേയജ്വാലകൾ
ആളിപ്പടരുന്നു !
അതിന്റെ പ്രകാശം
ആസേതുഹിമാചലം
ജനകോടികളുടെ
കണ്ണിലും കരളിലും
പ്രതിബിംബിയ്ക്കുന്നു.
ദേശസ്നേഹത്തിന്റെ മേഘനാദം
കാതുകളിൽ മുഴങ്ങുന്നു.
ആ അഗ്നിതാപം
കോടാനുകോടി ഭാരതീയരുടെ
ഹൃദയങ്ങളേറ്റുവാങ്ങുന്നു.
ഭാരതാംബയുടെ വീരപുത്രരെ,
നിങ്ങൾ പകർന്ന
കരുത്തിന്റെ നാളങ്ങൾ
വലിയ ജ്വാലകളായ്
ഭാരതമാകെ വളർന്ന്
രാഷ്ട്രത്തിന് പ്രൗഢോജ്ജ്വലമായ
സുരക്ഷാകവചമേകിയിരിയ്ക്കുന്നു.
ആഴിയ്ക്കും ആകാശത്തിനും
അതിർത്തികൾക്കുമപ്പുറത്തേയ്ക്ക്
കണ്ണും കാതും കരളുമുറപ്പിച്ച്
ഞങ്ങൾക്ക് സുരക്ഷയേകിയ ധീരരെ,
നിങ്ങൾക്ക് എണ്ണമറ്റ പ്രണാമങ്ങൾ.
കരുത്തിന്റെ ഉന്നതിയിലേയ്ക്ക്
രാഷ്ട്രത്തെ നയിച്ച
പ്രഗത്ഭനായ സേനാനായക,
അങ്ങേയ്ക്കും
അക്ഷയമായ ശക്തി പകർന്നേകി
അന്ത്യയാത്രയിലും അങ്ങയെ പിന്തുടർന്ന
വീരപത്നിയ്ക്കും പ്രണാമങ്ങൾ.
ഞങ്ങൾ സുഖമായുറങ്ങുവാൻ
നിങ്ങൾ ഉണർന്നിരുന്നു.
നിങ്ങളെരിയുമ്പോൾ
ഞങ്ങൾ കരയുകയായിരുന്നു.
ഇനി, നിങ്ങളുറങ്ങുക
ഞങ്ങൾ ഉണരുകയാണ്.

ശ്രീകുമാർ എം പി

By ivayana