സിജി സജീവ് 🔯
അമ്പിളിയുടെ ദുഃഖങ്ങൾ കാഴ്ചക്കാർക്കു പറഞ്ഞു പരിഹസിക്കാനും കുറ്റപ്പെടുത്താനും കാറിതുപ്പാനുമുള്ള ഒരുകാരണമായി മാത്രം എപ്പോഴും എഴുന്നു നിൽക്കും,,
കാരണം തിരയണ്ട,ഞാൻ പറയാം,,,
അല്ലെങ്കിലും ആരുമില്ലാത്തവരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമാണല്ലോ സമൂഹം എന്ന വിശുദ്ധ ആൾക്കൂട്ടം..
നിങ്ങൾക്ക് എന്തറിയാം അവളെക്കുറിച്ച്,, അറിയാമെന്നു വീമ്പു പറയണ്ട,, അറിയാമെങ്കിൽ പറയൂ,, എനിക്ക് ഇടയ്ക്കു കേറി പറയുന്ന ശീലമില്ല,, നിങ്ങളെ ഞാൻ മുഴുവൻ കേൾക്കാം..
പിന്നെ ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങളും ക്ഷമ കാണിക്കണം…
ഒന്നുമറിയാത്ത ഒരു പാവം പൊട്ടിപ്പെണ്ണായിരുന്നില്ലേ അവൾ,,
അവൾ ഓടിനടന്ന നാട്ടുവഴികൾ,,
ഇടവഴിയോരത്തെ പുളിയൻ മാവ്,,
കല്ലുകൊത്തിക്കളിച്ചിരുന്ന കൊച്ചുസ്കൂളിലെ പാറപ്പുറം,,
വാഴയ്ക്കാ വരയനെയും പരൽ മീനിനെയും തോർത്തിൽ കോരിയ താന്നിത്തോട്,,,
ഊഞ്ഞാല് കെട്ടാൻ കൊമ്പു നീട്ടിയ ചിലുമ്പി,,,
ഓടിക്കളിക്കാൻ ഞങ്ങൾക്കൊപ്പം കൂടിയ ആകാശത്തെങ്ങിലെ അണ്ണാറക്കണ്ണൻ,,,
എല്ലാവരും എല്ലാവർക്കും അവളെ കുറിച്ച് നല്ലതേ പറയാൻ കാണു….
നിങ്ങൾ,, നിങ്ങൾ മനുഷ്യവേഷമണിഞ്ഞ മൃഗങ്ങൾ മാത്രമാണ് അവളെ തള്ളി പറയുന്നത്,,
എന്നിലെ കോപം അരിശം എല്ലാം നിങ്ങളോടാണ്,,
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ ഉണ്ടെങ്കിൽ കല്ലെറിയൂ,,
കല്ലുകൾ ഞാൻ നിങ്ങൾക്കു പെറുക്കിത്തരാം,,
നിങ്ങൾക്ക് പറയാനൊന്നുമില്ലെങ്കിൽ മാത്രം ഞാൻ പറഞ്ഞു തുടങ്ങാം,,
പ്ലസ്ടുവിന് പഠിക്കുമ്പോൾ അവൾക്ക് എന്തൊരു ഭംഗിയായിരുന്നു,,
ഇളം റോസു നിറത്തിലെ മുട്ടൊപ്പമുള്ള ഞൊറിയൻ പാവാടയും ജാക്കറ്റും ധരിച്ചു അവളെ കാണുമ്പോഴൊക്കെ എനിക്ക് അസൂയ തോന്നിയിരുന്നു,, അവളുടെ അമ്മയുടെ കോട്ടൺ സാരി കൊണ്ട് അവൾ തുന്നിയതാണ് ആ ഡ്രെസ്സ്..
അല്ലെങ്കിലും അവൾക്ക് ഗോതമ്പിന്റെ നിറമാണ്,,
അവൾക്ക് ഏതു നിറവും ചേരും..
ആരും നോക്കിനിന്നുപോകുന്ന സുന്ദരി,, ഓടിയും ചാടിയും തുള്ളിച്ചാടിയും ആരെയും കൂസാതെ..
ആഹാ!എത്ര മനോഹരമായിരുന്നു അന്നൊക്കെ,,
അവൾക്ക് തൊട്ടുമുകളിലായി ഒരു ചേച്ചിയും കൂടിയുണ്ട്,,
വലിയൊരു പഠിപ്പിസ്റ്റ്,,
അമ്പിളിയുടെ അച്ഛന് ചെറുതായി തോന്നിയിരുന്ന ക്ഷീണം നാളുകൾ കഴിയും തോറും കൂടിക്കൂടി വന്നു…
ഹൃദയഭിത്തികൾക്ക് ബലക്ഷയവും വാൽവുകൾക്ക് തകരാറും ബ്ലോക്കും എല്ലാം കൂടി ആകെ തകർന്ന അവസ്ഥയിൽ അവളും അവളുടെ അമ്മയും ചേച്ചിയും ആകെ തകർന്നു പോയ സമയം,,
ചില നടപ്പുദോഷങ്ങളുടെ പേരിൽ കുടുംബക്കാർ മുഴുവൻ അവരുടെ അമ്മയിൽ നിന്നും അകലം പാലിച്ചത് ഒരിക്കലും അവളുടെയോ ചേച്ചിയുടെയോ കുറ്റമല്ല..
ആരും പരസഹായത്തിനില്ലാത്ത ഒരു പെരുമഴ തകർക്കുന്ന പാതിരാത്രിയിലാണ് അവളുടെ അച്ഛന് മൂന്നാമത്തെ അറ്റായ്ക്ക് വന്നത്,,
പൊതു നടവഴി വീടോട് ചേർന്നായതിനാൽ ആണ് ആ മൂന്നുപെണ്ണുങ്ങളുടെ നിലവിളി അലക്സ് കേട്ടത്..
തനിക്കു താങ്ങാൻ പറ്റാത്തവിധം ശരീരവലിപ്പം ഉണ്ടായിട്ടും ഒരുവിധം അലക്സും അമ്പിളിയും കൂടി വലിച്ചും പതിഉയർത്തിയും അവളുടെ അച്ഛനെ ആ രാത്രിയിൽ വഴിവരെ എത്തിച്ചു.. പിന്നീട് ഹോസ്പിറ്റലിലെത്തിച്ചു വീട്ടിൽ തിരികെ യെത്തും വരെയുള്ള സർവ്വകാര്യങ്ങളും അലക്സ് ചെയ്തു കൊടുത്തു..
അറിഞ്ഞു കേട്ടെത്തിയ ബന്ധുക്കളും സ്വന്തക്കാരും പരിധികളിലും പരിമിതികളിലും ഒതുങ്ങി നിന്നൊരകലം കാത്തു,,
അലക്സ് ഇരുകൈ മെയ്യ് മറന്ന് അവർക്കായ് നിലകൊണ്ടു,,
അവരുടെ ആരുമല്ലാതിരുന്നിട്ടും അവന്റെ ഈ സഹായമനോഭാവം കണ്ട പൊതുജനങ്ങളും ബന്ധുമിത്രാധികളുംചെവികൾ കടിച്ചു പിറുപിറുക്കൻ തുടങ്ങി,,
അമ്പിളിയുടെ അച്ഛൻ വീട്ടുകാർ അവനെ അവരുടെ വീട്ടിൽ ഇനി വരരുതെന്നു പലതവണ വിലക്കി,, തളർന്ന അവസ്ഥയിൽ കട്ടിലിൽ കിടക്കുന്ന അവളുടെ അച്ഛനെ ഒന്ന് പ്രഥാമീക കർമ്മങ്ങൽ ചെയ്യിക്കാൻപോലും അലക്സ് ചെല്ലണം എന്നായി,,
ആളുകളുടെ എതിർപ്പുകൾ കൂടും തോറും അലക്സ് അതൊരു ഉത്തരവാദിത്വം ആയി ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി,,
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നപോലെ ആളുകളുടെ മനോനിലവാരത്തെ ഇനിയും വെറുതേ ആശങ്കയുടെ മുൾ മുനയിൽ നിർത്തേണ്ട എന്ന ചിന്തയാലാവുംഅന്ന് അവർ രണ്ടാൾക്കും ഒരു പോലെ അലക്സിനോട് പ്രണയം തോന്നി.. അമ്പിളിക്കും അവളുടെ ചേച്ചിക്കും!!!അമ്പിളി അത് ഒരവസരത്തിൽ ആരുമറിയാതെ അലക്സിനോട് പറഞ്ഞു,
അവർക്കായിരുന്നു കൂടുതൽ അടുക്കാനുള്ള അവസരവും..
എന്നാൽ അമ്പിളിയുടെ ചേച്ചി പൊതുവേ ആരോടുമങ്ങനെ കൂടുതൽ അടുപ്പമില്ലാത്ത പ്രകൃതവും. മിണ്ടാട്ടം കുറവും,,
അവളും അലക്സിനെ ആരുമറിയാതെ പ്രണയിച്ചു..
പിന്നീട് അധിക കാലം അവരുടെ അച്ഛൻ ജീവനോടിരുന്നില്ല..
വേദനയില്ലാത്ത മരുന്നു വേണ്ടാത്ത ലോകത്തേക്ക് അദ്ദേഹം പോയി..
അന്ത്യ കർമ്മങ്ങളൊക്കെ ചെയ്യാൻ അലക്സ് ഓടിനടന്നു,,
അലക്സിന്റെ ചുറുചുറുക്കോടെയുള്ള പ്രവർത്തികളിൽ സംതൃപ്തരായ അമ്പിളിയും ചേച്ചിയും അച്ഛന്റെ വേർപാട് വേഗം മറന്നു…
ആ ഇടക്കാണ് നാട്ടുകാരും വീട്ടുകാരും എല്ലാവരും ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്,,
അലക്സിനു മാരകമായ എന്തോ രോഗം ഉണ്ടെന്ന്,,
ഇടക്കിടക്ക് മൂക്കിൽ നിന്നും ഇറ്റുവീഴുന്ന രക്ത തുള്ളികൾ ബ്രെയിൻ ട്യൂമറിന്റെ താണെന്നു താമസിയാതെ അവർ ഞെട്ടലോടെ അറിഞ്ഞു..
അതോടൊപ്പം മറ്റൊരു വാർത്തയും എല്ലാത്തിലും ഉപരി എല്ലാവരെയും ഞെട്ടിച്ചു,,
അമ്പിളി ഗർഭിണിയാണ്..
ആദ്യം ഞെട്ടിയതും തകർന്നതും അവളുടെ ചേച്ചിയാണ്..
ആ ഞെട്ടലിന്റെ ആഗാദത്തിൽ അവളുടെ ചേച്ചിയുടെ മനോനില തകർന്നു,,
ആരോടും മിണ്ടുകയും പറയുകയും ചെയ്യാതിരുന്ന അവൾ അലക്സിനെ ഇപ്പോൾ കാണുമ്പോൾ ഭ്രാന്തമായി പെരുമാറുവാൻ തുടങ്ങി,,
എന്നെയും സ്നേഹിക്കൂ എന്നവൾ അലമുറയിട്ടു,,
മരണത്തിന്റെ വാമുഖത്തു നിസ്സഹായനായി നിൽക്കുന്ന അലക്സ്,
അമ്പിളിയുടെ വയറ്റിൽ വളരുന്ന തന്റെ കുഞ്ഞിനേയോർത്തും മനോ നിലതെറ്റിയ അവളുടെ ചേച്ചിയെ യോർത്തും തീതിന്നു തുടങ്ങി..
അമ്പിളി ഒരു കാരണവശാലും കുഞ്ഞിനേഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല..
വീട്ടുകാരും നാട്ടുകാരും മൊത്തം എതിർത്തു അവസ്ഥകളെ വിശകലനം ചെയ്തു നോക്കി അമ്പിളി അതിനൊന്നും ചെവികൊടുത്തില്ല.. അവൾ അലക്സിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു..
അലക്സിന്റ വീട്ടുകാർ അവരെ സ്വീകരിച്ചില്ല,,
അയാൾ അവളുടെ വീട്ടിൽ തങ്ങി,, ചേച്ചിയുടെ ഭ്രാന്തമായ പ്രവൃത്തികൾ കണ്ടില്ലെന്നു നടിച്ചു,,
മാസങ്ങൾ കഴിയും തോറും അമ്പിളിയുടെ വയറും അലക്സിന്റെ രോഗവും വലുതായി വന്നു..
. അവൾക്ക് ഒൻപത് മാസമായപ്പോൾ അലക്സ് രോഗം മൂർച്ഛിച്ച്ആശുപത്രിയിൽ അഡ്മിറ്റായി,, അങ്ങനെ ഏതാനും ദിവസങ്ങൾ ഐ സി യൂ വിലും വെന്റിലേറ്ററിലും ആയി അയാൾ കിടന്നു..
തുടർച്ചയായുള്ള വേദന സഹിക്കാതാണ് അമ്പിളിയേ അതേ ആശുപത്രിയിൽ അഡ്മിറ്റാക്കിയത്,,
ഷുഗറും പ്രഷറും അധികം ശല്യം ചെയ്യാത്ത ഒരു സമയം നോക്കി അവളെ ഓപ്പറേഷൻ ചെയ്തു..
പൊന്നു പോലൊരു പെൺ കുഞ്ഞ്.. അന്ന് രാത്രി അലക്സിനെ എന്നുന്നേക്കുമായി വെന്റിലേറ്ററിൽ നിന്നും പുറത്താക്കി..
വേദനകളില്ലാത്ത ലോകത്തിലേക്കു മനസു നിറയെ വേദനകളുമായി അവൻ പോയി,,
തന്നെ ജീവനു തുല്യം സ്നേഹിച്ച പ്രിയമുള്ളവളെ കാണാനോ തന്റെ രക്തത്തിൽ പിറന്ന ആദ്യ സന്തതിയേ കാണാനോ നിൽക്കാതെ,,
ഒന്നലറി കരയുവാൻ പോലുമാകാതെ അമ്പിളി,,
നിർജ്ജീവമായ അവളുടെ കണ്ണുകൾ വിതുമ്പി വിറക്കുന്ന അവളുടെ ചുണ്ടുകൾ അഴിഞ്ഞുലഞ്ഞ മുടി,, നീരുവെച്ചു വീർത്ത അവളുടെ ആ ശരീരം ഇന്നും എന്റെ കണ്മുൻപിൽ വേദനയായി നിൽക്കുന്നു..
ഇനി,, ഇനി നിങ്ങൾ പറയൂ അവൾ ചെയ്യ്ത തെറ്റ് എന്താണെന്നു…?
ആരും സഹായിക്കാനില്ലാത്ത അവരെ സഹായിക്കാനെത്തിയ മനുഷ്യനെ അവർ രക്ഷകനായി കണ്ടത് ഒരു തെറ്റാണോ?
ആദ്യമായി ഒരു പുരുഷ സാന്നിധ്യം ഉണ്ടായപ്പോൾ അയാളോട് ആരാധന തോന്നിയത് തെറ്റാണോ?ചോരത്തിളപ്പിന്റെ പ്രായത്തിൽ സുന്ദരനായൊരു യുവാവിനോടൊപ്പം അധികസമയം ചിലവഴിക്കാൻ അവസരം ഉള്ളപ്പോൾ അയാളോട് പ്രണയം തോന്നിയത് തെറ്റാണോ,,
അതിലുപരി അയാൾ അവർക്ക് ആവിശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുമ്പോൾ അയാൾ തന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയത് എങ്ങനെ തെറ്റാവും..
അവൾ അറിയാതെ പോയതൊന്നു അവളുടെ ചേച്ചിയുടെ മനസ്സ് മാത്രമാണ്..
അത് എങ്ങനെ അവളുടെ തെറ്റാവും.. അടുത്തത് അലക്സൊരു രോഗിയാണെന്ന സത്യം,,
അതും അവൾക്ക് അറിയില്ലായിരുന്നു,, അറിഞ്ഞാലും അവൾ അയാളെ തള്ളിക്കളയില്ലായിരുന്നു..
ഇന്ന് അവൾ തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കുന്നു..
ആരെയും കൂസതെ,,
അവളോട് കിന്നാരം പറയുവാൻ എത്തുന്നവരെ കണ്ണുപൊട്ടുന്ന തെറിവാക്കുകൾ കൊണ്ടവൾ നാടുകടത്തുന്നു..
ഒരിക്കൽ പോലുമവൾ വഴിതെറ്റിയില്ല,, ഒരിക്കൽ പോലുമവൾക്കു മറ്റൊരു കൂട്ടുവേണമെന്ന് തോന്നിയില്ല,,
അവൾ എങ്ങനെ കുറ്റക്കാരിയാകും,, അവൾ എന്തു തെറ്റാണു ചെയ്തത്.. അവളുടെ മോഹങ്ങളും സ്വപ്നങ്ങളും അന്നേ അവനോടൊപ്പംആ ആറടി മണ്ണിൽ കുഴിച്ചിടപ്പെട്ടുപോയില്ലേ,,,
ഇനി പറയൂ,,,,
അവളാണോ അവളെ ജീവിക്കാനനുവദിക്കാത്ത ഈ സമൂഹമാണോ തെറ്റുകാർ,,,