രചന: ശ്രീലത രാധാകൃഷ്ണൻ*

ഞാൻ മരിച്ചാൽഎന്നെ അടക്കം ചെയ്യുന്നതു വരെ നീയെന്റെ അരികിൽത്തന്നെ ഇരിക്കണം. എനിയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്.
വെറും നിലത്തെന്നെക്കിടത്തരുത്. തണുപ്പിഷ്ടമാണെങ്കിലും സിമന്റിന്റെ തണുപ്പ് എന്നെ അസ്വസ്ഥയാക്കും. പിന്നെ അടഞ്ഞുകിടക്കുന്ന എന്റെ കണ്ണുകൾ തുറന്ന് കൺമഷിയെഴുതണം. കണ്ണെഴുതിയില്ലേൽ എന്നെക്കാണുമ്പോൾ സങ്കടമാവുമെന്ന് നീ തന്നെ പറയാറുണ്ടല്ലോ..
നീയെനിക്കാദ്യമായി വാങ്ങിത്തന്ന ഇളം നീല
സാരി ഇരുമ്പു പെട്ടിയുടെ അടിയിലുണ്ട്. ഇരട്ടവാലൻമാർ കൂടു കൂടിയിട്ടുണ്ടാവും അതിൽ. എന്നാലും അത് കുടഞ്ഞ് നിവർത്തി എന്നെ ഉടുപ്പിക്കണം. ആദ്യമായി ഞാനത് ധരിച്ചപ്പോൾ നീ എന്നെ നോക്കിയ നോട്ടം ഞാനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എനിക്കിത് നന്നായിച്ചേക്കുമെന്നും അന്ന് നീ പറഞ്ഞു. അന്നാണ് ആദ്യമായി നീയെന്റെ നെറ്റിയിൽ ചുംബിച്ചത്. അന്നൊക്കെ നീ എന്നോട് വാതോരാതെ സംസാരിച്ചിരുന്നു. സംസാരിക്കുവാൻ ഏറെയുണ്ടായപ്പോൾ ഇന്നിപ്പോൾ ചുരുക്കം ചില വാക്കുകളിലൊതുങ്ങിപ്പോയല്ലോ നമ്മൾ.
പിന്നെ… ഞാൻ പണ്ട് പറഞ്ഞതുപോലെ നീ വേറെ വിവാഹം കഴിക്കരുതെന്നൊന്നും ഞാനിന്ന് പറയുന്നില്ല. നിന്റെ ശരീരവും മനസ്സും മറ്റൊരാൾ പങ്കവയ്ക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. ഞാനില്ലാതായാൽ നീ ഒറ്റയ്ക്കായിപ്പോവും. അതെനിയ്ക്ക് താങ്ങാനാവില്ല.
എത്ര പറഞ്ഞാലും തീരാത്ത കാര്യങ്ങളുണ്ടെനിയ്ക്ക് പറയുവാൻ .. എങ്കിലും ഞാനിവിടെ നിർത്തുന്നു. മനസ്സും ശരീരവും ഏറെ വേദനിക്കുന്നു. വാക്കുകൾ അക്ഷരങ്ങളായി തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നു.
ഇനിയൊരു ജന്മമുണ്ടെങ്കിൽ നിനക്കിഷ്ടമാണെങ്കിൽ നിന്റെ പ്രിയയായിപ്പിറക്കണം.
നിർത്തട്ടെ…
എന്നെന്നും സ്വന്തം

By ivayana