രചന: എൻ. അജിത് വട്ടപ്പാറ*
ഓർമ്മ തൻ മുഖപടം
ഹൃദയത്തിൽ വിടരുന്നു ,
മാനസ സങ്കീർത്തന
നിലാവിൻ കുസൃതി പോൽ .
സാന്ത്വനമോഹങ്ങളാൽ
വർണ്ണങ്ങൾ തീർത്തുതന്നു ,
ബാല്യകാലങ്ങളിലെ
ഹൃദയത്തുടിപ്പുകൾ .
ആകാശവെൺ മേഘം പോൽ
പാറിപ്പറന്നു നിത്യം,
കൂട്ടുകാരുമായ് ചേർന്നു
നാടിന്റെ പുളകമായ് .
ജീവന്റെ പ്രഭാവമാം
പഠനം തമാശയായ് ,
കളിയുടെ വിഹായസ്സിൽ
ഉണരും ബാല്യ ലോകം .
ഉന്നതി തേടുന്നിടം
ഉന്നത സംസ്കാരത്താൽ ,
മണ്ണിതിൽ പൊന്നാക്കുന്ന
പാഠമായ് പഠിക്കണം.
അമിത വൈകൃതങ്ങൾ
തിന്മ എന്നറിയുവാൻ ,
ബുദ്ധിയായുദിക്കണം
പഠന പാഠ്യങ്ങളും.
ആത്മാവിൻ പരിവേഷം
ആത്മ സംതൃപ്തി നേടാൻ ,
സൗഹൃദം തേടുവാനായ്
രാജ്യ സ്നേഹികളാകാം.
ക്രൂര ഹസ്തങ്ങൾ നീട്ടും
വിനാശ വിധ്വംസനം
ഉണർത്തും പ്രയാണത്തെ
എതിരിടും രാജ്യ സ്നേഹം .
രാജ്യമൊരാത്മാവായി
ജീവന്റെ നിധിയായി ,
മർത്ത്യനിൽ പ്രഭ ഏകി
പെറ്റമ്മയാകുന്നെന്നും .
മാനവ രൂപം നൽകൽ
പെറ്റമ്മയാണെങ്കിലും,
മാനസ നവോധാനം
മാതൃരാജ്യത്തിൻ നീതി.