രചന: സാബു കൃഷ്ണൻ*

ആഹാ,മനോഹരമീ താഴ്‌വര കണ്ടൂ,ഞാ-
നേറെ,യാഹ്ലാദ ചിത്തനായി നിൽപ്പൂ.
കാടു പൂത്തു മണം പരത്തുന്നു
കാട്ടു പക്ഷിതൻ പാട്ടു കേൾക്കുന്നു.
കുന്നിൻ നെറുകയിൽ പൂത്ത മരങ്ങളും
മഞ്ഞല തൂകിയ പൂവഴകും.
കുന്നിൻ മുകളിലൊരു നീർച്ചോല,
വെള്ളി വരഞ്ഞ ശ്രീ രേഖ പോലെ.
മാമല വിടവിലൂടെത്തി നോക്കുന്നു
സൂര്യ കിരണ കിരീട ഭംഗി.
മലമുടി വെട്ടിത്തിളങ്ങുന്നു കാന്തി-
വിളങ്ങും വിദൂര വിലാസിതം.
കാടു പൂത്ത കാലത്തു കാനനപ്പാത-
യിലൂടെ നടന്ന പ്രഭാതമേ,
കാലമേറെക്കഴിഞ്ഞിട്ടുമോർമ്മയിലേ-
തു, തുഷാര സ്വപ്നത്തിൽ മുങ്ങി ഞാൻ
ആകാശ മേഘത്തെ മുട്ടിയുരുമ്മുന്ന
സാലമരത്തിൻ ചുവട്ടിലായി,
ചുറ്റിപ്പിണഞ്ഞു വല്ലിയിൽപ്പൂക്കൾ
ചെഞ്ചോരത്തുള്ളി ചിതറിയ പോൽ.
സഖീ ,നീയുണ്ടായിരുന്നെങ്കി-
ലെന്നതിയായി ,മോഹിച്ചു പോയ്‌.
ആത്മ ശലഭമായി പറന്നു വരൂ
നീയെന്നരികത്തു വന്നു ചേരൂ.
നിൻ്റെ കൈയുംപിടിച്ചുല്ലാസത്തോടെ
ഞാനീ,വനപാത കടന്നു പോകും.
ചമരിമാനോടിക്കളിക്കുന്ന ,
കസ്തൂരിക്കാറ്റിലലിഞ്ഞു ചേരും.
മഞ്ഞും മഴയുംവേനൽക്കിനാവും
രാവിൽ വനസ്ഥലീ, നീല നിലാവും.
നാടിനെക്കാളെത്ര ശ്രേഷ്ഠ മനോഹരം
വരൂ, സഖീ നമുക്കു കാടു പൂകാം.

By ivayana