ഷീന വർഗീസ് ♥️

പ്രിയപ്പെട്ടവർ തമ്മിലും സഹപ്രവർത്തകർ തമ്മിലുമൊക്കെ സമ്മാനങ്ങൾ കൈമാറുന്ന കാലമാണ് ക്രിസ്മസ്‌.സമ്മാനങ്ങൾ കൊടുക്കുന്നതും കിട്ടുന്നതും എനിക്ക് ഇഷ്ടമാണ് .എന്നാൽ ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യത്തെ നിസ്സാരവൽക്കരിക്കുന്നവരാണ്‌ പലരും എന്നു തോന്നിയിട്ടുണ്ട്.(പ്രത്യേകിച്ച് നമ്മുടെയാളുകൾ)

ഒരാൾ നമുക്ക് വേണ്ടി മാറ്റി വയ്‌ക്കുന്ന അവരുടെ സമയത്തിന്റെയും അധ്വാനത്തിന്റെയുമൊക്കെ ആകെത്തുകയാണ്‌ നമ്മൾ നിസ്സാരമെന്നു കരുതുന്ന ആ സമ്മാനം. അവർ തങ്ങളുടെ ചില ആവശ്യങ്ങൾ മാറ്റി വച്ചിട്ടാവും നമുക്ക് മുന്നിൽ വർണക്കടലാസിൽ പൊതിഞ്ഞ പുഞ്ചിരിയുമായി എത്തുന്നതെന്നു മനസിലാക്കുക.

ചിലർ സമ്മാനങ്ങൾ തരുമ്പോ പറയാറുണ്ട് ” ഇതൊരു ചെറിയ സമ്മാനം ആണ്‌ ട്ടോ ” ന്ന്‌ ! സമ്മാനങ്ങൾക്കങ്ങനെ വലുപ്പച്ചെറുപ്പം ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സമ്മാനങ്ങൾ സ്നേഹത്തിന്റെ അടയാളമാണ്. നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ അല്ലെങ്കിൽ നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ പ്രതീകം.അതിനെങ്ങനെയാണ് വലുപ്പച്ചെറുപ്പം ഉണ്ടാവുക ?

മറ്റൊരാൾ നമുക്കു നൽകുന്ന സ്നേഹസമ്മാനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ പഠിക്കാം.സമ്മാനങ്ങൾ ബന്ധങ്ങളെ ഊഷ്മളമാക്കും. പുഞ്ചിരിയോടെ അപരനു നേരേ നീട്ടുന്ന ഒരു പൂവിൽ പോലും കരുതലിന്റെ ശബ്ദമുണ്ട്.അതിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമ്പോഴാണ് ആ കൊടുക്കൽ വാങ്ങലിന് പൂർണതയും പ്രകാശവും ഉണ്ടാവുക.പ്രിയപ്പെട്ടവർ , സഹപ്രവർത്തകർ …

ആരുമായിക്കൊള്ളട്ടെ നമുക്ക് അവർ നല്കുന്ന സമ്മാനത്തിന് അവരുടെ സമയത്തിന്റെ, കഷ്ടപ്പാടിന്റെ ഒക്കെ വിലയുണ്ട് എന്ന് തിരിച്ചറിയുക. അതിനെ നിരസിക്കാതെ, നിസ്സാരവൽക്കരിക്കാതെ ഹൃദയത്തോട് ചേർക്കുക.♥️

By ivayana