ഹാരിസ് ഖാൻ*

കലഹങ്ങൾ,വിവാദങ്ങൾ ആശയപരവും, ആമാശയപരവും, വ്യക്തിപരവുമെല്ലാമുണ്ട് ആശയപരമാണേൽ അതിനൊരന്തസുണ്ട്..
കലഹങ്ങൾ എല്ലാരംഗത്തുമുണ്ട് അത് വ്യക്ത്യാധിക്ഷേപമാവുന്നു എന്നിടത്താണ് പ്രശ്നം .നമ്മുടെ പൊളിടിക്സ് ഏറെ കുറേ അങ്ങിനെയായി, സാഹിത്യരംഗവും മോശമല്ല.
കല കലക്ക് വേണ്ടി, കല ജീവിതത്തിന് വേണ്ടി എന്നീ ആശയങ്ങൾ തൊട്ട് തുടങ്ങിയ കലഹം, ആധുനികത, ഉത്താരാധുനിക, തൊട്ട് നവൻമാരിൽ എത്തി നിൽക്കുന്നു..
വിവാദങ്ങളിൽ പുതുസ്, അജീഷ് ദാസിൻെറ (പൂമുത്തോളെ ഫെയിം) സ്ത്രീ വിരുദ്ധ മൊഴി മുത്തുകളും അതിന് മറുപടിയായി സദസിലിരുന്നു കൂവിയ വനിതാരത്നങ്ങളുടേതുമാണ്…

എം. കൃഷ്ണൻ നായർ പണ്ട്
പി കെ ബാലകൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിച്ചപ്പോൾ പി കെ ബാലകൃഷ്ണൻ
എം കൃഷ്ണൻ നായരെ ഒരു പരിഹാസ്യ കഥാപാത്രമാക്കി നോവലെഴുതാൻ പോയി. പിന്നീടത് കേസായി കോടതി കയറി .

സുകുമാർ അഴീക്കോട് ഒരു കാലത്ത്
ജി. ശങ്കരകുറുപ്പിൻെറ വീട്ടിൽ നിത്യസന്ദർശകനായിരുന്നു ചായയും പഴം പൊരിയും കഴിച്ച് ലോഗ്യം പറഞ്ഞ് പോരും. ഒരു സുപ്രഭാതത്തിൽ ” ജി. വിമർശിക്ക പ്പെടുന്നു” എന്നൊരു പുസ്തകവുമായി അഴീക്കോട് രംഗത്ത് വരുന്നു. ജി.യും കുടുംബവും ഞെട്ടുന്നു.
പിന്നീട് ആ വീട്ടിൽ ആരും പഴംപൊരി ഉണ്ടാക്കിയിട്ടില്ല…

വെള്ളാപള്ളിയും അഴീക്കേോടും അടയും ചക്കരയുമായിരുന്നു. അവർ തമ്മിൽ ഉടക്കി പിരിഞ്ഞപ്പോൾ ഒരു ദിനം കൊണ്ട് അഴീക്കോടിന് വെള്ളാപ്പള്ളി വെറും അബ്കാരി കോണ്ട്രാക്ടറാവുന്നു…
അഴീക്കോടും വീരേന്ദ്രകുമാറും ഒക്ക ചെങ്ങായിമാരായിരുന്നു. തത്വമസി പോലൊരു മഹത്ഗ്രന്ഥം ഞാൻ വേറെ വായിച്ചിട്ടില്ലെന്ന് വീരേന്ദ്രകുമാറും, വീരേന്ദ്രനെപോലൊരു പണ്ഡിതൻ രാഷ്ടീയ രംഗത്ത് വേറെയില്ലെന്ന് അഴീക്കോട് പ്രസംഗിച്ച് നടന്നു. രണ്ട് പേരും പിണങ്ങുന്നതോടെ പരസ്പരം അയോഗ്യരായി മാറുന്നു. വീരേന്ദ്രന് തത്വമസി മോഷണ കൃതിയും, അഴീക്കോടിന് വീരേന്ദ്രകുമാർ മൂന്നാംകിട അവസരവാദിയായ രാഷ്ടീയക്കാരനുമായി മാറുന്നു…
സിനിമാ നടൻ ജോയ് മാത്യു പണ്ട് കോഴിക്കോട് ബോധി ബുക്സ് നടത്തിയിരുന്നു. അന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള തൻെറ സ്മാരകശിലകളുടെ കോപ്പി റൈറ്റ് ഒരേ സമയം ഡിസി ബുക്സിനും ബോധിക്കും വിറ്റ് വിശ്വാസ വഞ്ചന നടത്തിയതിന് പകരമായി ജോയ് മാത്യു സ്മാരകശിലകൾ റോഡിലിട്ട് 750 ഗ്രാമിന് 17 രൂപ 50 പൈസക്ക് തൂക്കി വിൽക്കാൻ വെച്ച് പുനത്തിലിന് തിരിച്ചടി കൊടുക്കുന്നു..

നോവലിസ്റ്റ് വിലാസിനി തൻെറ അവസാന നാളുകൾ വിനിയോഗിച്ചത് വൈക്കം മുഹമ്മദ് ബഷീർ എന്ന വിഗ്രഹം ഉടക്കുക എന്ന യജ്ഞത്തിനായിരുന്നു.
ആശാനും, വള്ളത്തോളും കണ്ടാൽ മിണ്ടില്ലായിരുന്നു..
പുനത്തിലിനെ സാഹിത്യ ചോരൻ എന്ന് വിളിച്ചതിന് ടി പത്മനാഭൻ 5 തവണ കോടതി കയറി. എംടി ക്ക് കഥ എഴുതാനറിയില്ലെന്ന ടി. പത്മാനാഭൻ പറഞ്ഞ മറ്റൊരു കേസ് വേറെയും…
ബെന്യാമീൻ വി ടി ബലറാമിനെതിരെ ഇലക്ഷൻ പ്രചരണത്തിൽ പങ്കടുത്തതിൻെറ പിറ്റേന്ന് ആട് ജീവതത്തെ കുറിച്ച് 5 വർഷം മുന്നേ മുനയൊടിഞ്ഞ് പോയ ഒരു സാഹിത്യചോരണ കേസ് ഫേസ്ബുക്കിൽ വീണ്ടും പൊങ്ങി വരുന്നു..

നിരൂപകരിൽ കലഹപ്രിയരല്ലാത്ത ഒച്ചപ്പാടുണ്ടാക്കാത്ത ധിഷണാശാലിയായ കെ പി അപ്പൻ, സൗമ്യനായ ഗുപ്തൻ നായർ, ലീലാവതി എന്നിവരും ഉണ്ടായിരുന്നു. പിന്നെ ആഷാ മേനോനും. അതിൽ മേനവൻെറ ഭാഷ അയാൾക്ക് മാത്രെ തിരിയൂ എന്നതിനാൽ ആരോടെങ്കിലും കലഹിച്ചിരുന്നോ എന്നത് ബഹുജനം അറിയാതെയും പോയി…

സാറാ ജോസഫിൻെറ പാപത്തറ എന്ന കഥാസമാഹരത്തിൻെറ ആമുഖത്തിൽ സച്ചിദാനന്ദനാണ് ” പെണ്ണെഴുത്ത് “എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയോഗിക്കുന്നത്. വാക്ക് അന്നാണ് ഉണ്ടായതെങ്കിലും എഴുത്ത് അതിന് മുൻപെ തന്നെ ഉണ്ടായിരുന്നു. 1800കളിലെ കവിയത്രിയും, നാടകരചയിതാവുമായ (സുഭദ്രാർജ്ജുനം) തോട്ടക്കാട്ട് ഇക്കാവമ്മയാണ് ആ മഹിളാരത്നം.
“സ്ത്രീ ജാതിയിലെ എഴുത്തഛൻ”എന്നാണ് നിരൂപകൻ സി പി അഛ്യുത മേനോൻ അവരെ വിശേഷിപ്പിച്ചത്.

പെണ്ണെഴുത്തിനെ പരിഹസിച്ചിരുന്ന അന്നത്തെ പുരുഷ കേസരികളായ കവികൾ അവരെ പലതരത്തിൽ അധിക്ഷേപിച്ചും, അപമാനിച്ചും പോന്നു.
പലതും തെറികളായിരുന്നു. അവരിൽ ഒരു പുരുഷകേസരി എഴുതി…
“ഇക്കാവമ്മ കവക്കട്ടെ
കാണട്ടെ വൃത്തം… “
കവക്കുക എന്നാൽ കവിത രചിക്കുക
എന്ന് മാത്രമല്ല കാൽ അകറ്റുക എന്നും അർത്ഥമുണ്ടല്ലോ? കവക്കുമ്പോൾ കാണുന്ന വൃത്തത്തിനും വേറെ ദ്വയാർത്ഥമുണ്ടത്രെ… (എൻെറ നിഷ്കളങ്ക മനസിന് പിടികിട്ടാത്തതാവും) ഏതായാലും
“കവക്കുക”, “വൃത്തം” എന്നിവയിലെ അശ്ളീല ദ്വയാർത്ഥത്തിന് ഇക്കാവമ്മ മറുപടിയായി വൃത്തത്തിൽ ഒരു കവിത തന്നെ കവച്ചു അവസാന വരി ഇങ്ങിനെ എഴുതി ഉപസംഹരിച്ചു.
“…കവച്ചു മതിയോ നിനക്കെടാ.. “
ഈ വരി എഴുതിയപ്പോൾ അവർ “മതി” കഴിഞ്ഞൊരു ഗ്യാപ്പും ശേഷം വരുന്ന രണ്ടക്ഷരങ്ങൾ കഴിഞ്ഞുള്ള “നി” കഴിഞ്ഞൊരു ഗ്യാപ്പുമിട്ടു…
അതോടെ പുരുഷകേസരികൾ പത്തി മടക്കി എന്നാണ് കഥ…

ആ പുരുഷകേസരികളുടെ “ദാസൻ”മാർ
ഇപ്പോഴുമുണ്ട്…
അവർക്ക് നേരെ നടുവിരലുയർത്താൻ കെല്പുള്ള ഇക്കാവമ്മമാരും…
മൈക്കിന് മുന്നിൽ നിന്ന് നാവ്
വളക്കുമ്പോൾ മിനിമം അതെങ്കിലുമോർത്താൽ നന്ന്..

By ivayana