രചന – ഉണ്ണി അഷ്ടമിച്ചിറ.*

എന്നും മഴയുള്ള നാടായിരുന്നിത്. വല്ലപ്പോഴും തലപൊക്കുന്ന സൂര്യൻ ആലസ്യം വിടാത്ത കണ്ണുകളിലൂടെ മരത്തലപ്പിലെ പച്ചപ്പിലേക്കെത്തി നോക്കും , നനഞ്ഞൊട്ടിയ ചിറകുമായി കൊക്കു വിറപ്പിക്കുന്ന കിളികൾക്ക് ലേശം ചൂട് പകരും, മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ കുളക്കരയിലെത്തുമ്പോൾ അവിടുള്ള പുൽക്കൊടികളും വിറയ്ക്കുന്നുണ്ടാകും.

എന്നാലും അവർ സൂര്യനെ നോക്കി പുഞ്ചിരിക്കും. അവിടെയാണ് ദേവചെമ്പകമുള്ളത്. ആകാശ സഞ്ചാരത്തിനിടയിൽ ദാഹമകറ്റാൻ ഈ കുളക്കരയിലിറങ്ങിയഏതോ ദേവലോകപക്ഷിയാണിവിടെ ദേവചെമ്പകത്തിൻ്റെ വിത്ത് പാകിയത്. അത് കൊക്കിൽ നിന്നും വീണതോ വിസർജ്ജ്യത്തിൽ നിന്നും മുളച്ചതോ ആകാം. മഴയുടെ നാട്ടിൽ ചെമ്പകം വേഗം വളർന്നു. അവൾ നിറയെ പൂത്തു നിന്നു. പ്രിയകൂട്ടുകാരിയായ കുളത്തിനോ ജലപ്പരപ്പിൽ വന്ന് ഒരു പൂവിനായ് യാചിക്കുന്ന മാനത്തുകണ്ണികൾക്കോ അവളത് നൽകിയില്ല. ഒരിക്കലും കൊഴിയാത്ത പൂക്കളവൾ ആർക്കോ വേണ്ടി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. വെളിച്ചം വിതറുന്ന പൂക്കൾ രാത്രിയിൽ കുളക്കരയെ പ്രകാശമാനമാക്കിയിരുന്നു. രാത്രികളിൽ ദേവലോകത്തു നിന്നും പൂമ്പാറ്റകൾ അലങ്കാര ദീപങ്ങളും പേറി കൂട്ടം കൂട്ടമായി ഇവിടെയെത്തുമായിരുന്നു.

അറിഞ്ഞുകൊണ്ടാരും ആ പൂക്കളിൽ തൊടുക പോലും ചെയ്തിരുന്നില്ല. പൂക്കളിറുത്താൽ അത് ദേവകോപത്തിനിടയാക്കുമെന്നും കുഷ്ഠം വന്ന് മരിക്കുമെന്നും പറഞ്ഞതാരെന്നറിയില്ലെങ്കിലും എല്ലാവരും അങ്ങിനെ വിശ്വസിച്ചിരുന്നു.

മഴയൊഴിഞ്ഞൊരു ഉച്ചനേരത്ത് നല്ലോണം വെളുത്ത അയാളും എണ്ണക്കറുപ്പുള്ള അവളും കുളക്കരയിലെത്തിയത് ഒരു നിയോഗം പോലെയായിരുന്നു. ഇരുവരും എതിർദിശകളിൽ നിന്നും വന്നവരാണ്. വീണ്ടും മഴ വരവറിയിച്ചപ്പോൾ അവർ ചെമ്പകച്ചോട്ടിൽ പതുങ്ങി നിന്നു. പക്ഷേ കാറ്റ് അവരെ നനച്ചേ അടങ്ങൂ എന്ന് വാശി പിടിച്ചപ്പോൾ വിറപൂണ്ടു നിന്ന അവൾക്ക് ചൂടു നൽകാമെന്ന് അയാൾ പറഞ്ഞു. അവളത് നിരസിച്ചുമില്ല. മഴ പെയ്തുറയുമ്പോൾ എന്നും മഴയുള്ളൊരീ ഭൂമിയിലെ ദേവചെമ്പകചോട്ടിൽ നാഗങ്ങളായവർ പരസ്പരം ചുറ്റിപ്പിണഞ്ഞു.

ഒടുവിൽ പ്രകൃതിയും മനുഷ്യരും ശക്തിയൊഴിച്ച് അവശരായപ്പോൾ അതു നോക്കി നിൽക്കുകയായിരുന്ന മാനം ചിരിച്ചു. നല്ലതുപോലെ വെളുത്ത ചിരി. ശക്തി പതഞ്ഞൊഴുകിയ മണ്ണിൽ വിത്തുകൾ മുളപൊട്ടാൻ വെമ്പൽ കാട്ടി. വെളുത്തോനും കറുത്തോളും മാനം നോക്കി കിടന്നു. അവരുടെ നഗ്നതയിൽ ദേവചെമ്പകം പൂക്കൾ വാരി വിതറി.

“ഞാൻ ധന്യയായി. ഇത്രയും കാലം ഞാൻ കാത്തിരുന്നത് നിങ്ങളെയായിരുന്നു. ദേവലോകത്തും ഇതു തന്നെയാണ് ഞങ്ങളുടെ നിയോഗം. ദേവൻമാരുടെ തുറന്ന രതിക്ക് ദൃക്സാക്ഷിയാകണം, ഒടുവിൽ പൂക്കൾ വിതറി അവരെ സന്തോഷിപ്പിക്കണം.” ഇതു പറയുമ്പോഴും ദേവചെമ്പകം പൂക്കൾ കൊഴിച്ചു കൊണ്ടേയിരുന്നു.

” ഇവിടെ വന്നു മുളച്ചു എന്ന തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു. ഇനിയെനിക്കു മടങ്ങാം”. മാനത്തുകണ്ണികളും കുളവും ആകാംക്ഷയോടെ അതു കേട്ടു നിന്നു.
” വെളുമ്പാ…. കറുമ്പീ….. എൻ്റെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്കൊരു സൽപുത്രൻ ജനിക്കും. അവൻ ചരിത്രം തിരുത്തിക്കുറിക്കും”.

ആലസ്യം വിട്ടുണർന്ന വെളുമ്പനും കറുമ്പിയും നെഞ്ചത്ത് കൈവച്ചു. അതൊരു അനുഗ്രഹമായി കറുമ്പി കണ്ടെങ്കിലും ഒരു ശാപം കിട്ടിയവൻ്റെ മനോനിലയിലായിരുന്നു വെളുമ്പൻ. സ്വർഗ്ഗവാതിൽ തുറന്നെത്തിയ ഏതോ പക്ഷിയുടെ ചുമലിലേറി ദേവ പോയപ്പോൾ പൂക്കളെല്ലാം നഷ്ടപ്പെട്ടൊരു ചെമ്പകം ശേഷിപ്പായി.

By ivayana