രചന : റഫീഖ്. ചെറവല്ലൂർ*
ഗർവ്വിന്റെ പാരമ്യങ്ങളിൽ
ഗമിക്കുന്ന നിനക്കറിയുമോ
ഗഹനമാം ജീവൻ നിലക്കുന്ന നിമിഷം ?
നമിക്കാത്ത നിന്റെ ശിരസ്സും,
നാമം ജപിക്കാത്ത നാവും
നടന്നു തീരാത്ത വഴികളും
നിശ്ചലമാകില്ലെന്നോ നിന്റെ ബോധം?
നിറവയറിൽ നിന്നുമിറങ്ങിവന്ന നിനക്കെന്നും
നിറച്ചുണ്ട വയറിനെക്കുറിച്ചേ നിനവുള്ളൂ…
പാതി പോലുമൊരിക്കലും നിറയാതെ,
പതിതപാതകളിൽ നിരന്തരം
പരിതപിച്ചുണങ്ങുന്ന വയറും,
പട്ടിണിപ്പാലു വരണ്ട മാറിലെ
പൈതങ്ങളുടെയള്ളിപ്പിടിച്ച തേങ്ങലും
പാരിടം വെല്ലാനിറങ്ങിയ നീ കേൾക്കുമോ ?
കാതു പൊത്തി നീ കാതങ്ങൾ താണ്ടി,
കാണുന്നതൊക്കെയും കൈപ്പിടിയിലൊതുക്കി,
കരയാതെ കരളിനെക്കല്ലു പോലാക്കി,
കരുണയറിയാത്ത നീ നിന്നെയും മറന്നു !
ഗർവിന്റെ പാരമ്യങ്ങളിൽ
ഗമിക്കുന്ന നിനക്കറയുമോ,
ഗഹനമാം ജീവൻ നിലക്കുന്ന നിമിഷം ???