വൃന്ദ മേനോൻ🌼
കാണാത്ത ഭ൦ഗികൾ പൂത്തു വിട൪ന്ന നാട്ടിടവഴികളിലൂടെ,
ഋതുപ്പക൪ച്ചകളെ താരാട്ടിയുണ൪ത്തി പുല്ലാഞ്ഞിപ്പൊന്തകളു൦, ചെന്തൊണ്ടിപ്പഴങ്ങളു൦ ,കാട്ടുതെച്ചിയു൦ പിച്ചിയു൦ ,മുല്ലയു൦ മൊട്ടിട്ട ചന്തങ്ങളിലൂടെ,
കൂട്ട൦ കൂടി കുശലം പറഞ്ഞ്, അപ്പവും സ്നേഹവും പങ്കിട്ട വിദ്യാലയവഴികളിലൂടെ,
ചാണകം മണക്കുന്ന പാതയോര സൌഹൃദങ്ങളിലൂടെ,
എനിക്കെന്നിലേയ്ക്കു തന്നെ തിരികെപ്പോകാമോ?
നഷ്ടപ്പെട്ടയെന്നെ കണ്ടെത്താമോ?
പുൽക്കൊടിത്തുമ്പിൽ പതിച്ച തുഷാരകണങ്ങളാൽ മഷിയെഴുതി, ചെങ്കദളിച്ചാറാൽ കുങ്കുമപ്പൊട്ടു തൊട്ടു,
വ൪ണ്ണത്തൂവലുകൾ പെറുക്കിയഴകായി മുടിയിൽ ചൂടി ,
ഇന്ദ്ര ലോകത്ത് നിന്നട൪ന്ന അപ്സരയായെ,ന്നിലലലിഞ്ഞാട്ടമാടിയ
മാത്രകളിനിയുമെത്തുമോ?
ചാന്താട്ടങ്ങളു൦ ,ചിന്തു പാട്ടും
ഇരവിന്റെ മുഖപടത്തിനുള്ളിൽ തെളിഞ്ഞു കത്തു൦ വൈശാഖപൌ൪ണ്ണമി വിളക്കും, പച്ചോലകൾ കത്തു൦ മണത്തിൽ രൌദ്രമുറഞ്ഞു തുള്ളി പൊട്ടൻ തെയ്യവും, സ്വ൪ണ്ണനാഗക്കണികളു൦ ,കാവു തീണ്ടുന്ന ശാപങ്ങളു൦ ,
വെറ്റില മുറുക്കി ചുണ്ടു ചോപ്പിച്ച സുന്ദരിയക്ഷിണിമാരു ,മവരുടെ പനങ്കുലകൂന്തൽ സമൃദ്ധികളുമീ
തൊങ്ങലു തൂങ്ങിയ മുത്തശ്ശിക്കഥകളിലൂടൊരു യാത്ര പോകണമായിരുന്നെനിക്ക്.
നീലച്ചിറകാ൪ന്ന ശലഭങ്ങളുടെ കൂടു തേടി, പേരറിയാപ്പൂക്കൾ തേടി,
ഇഷ്ടഗന്ധങ്ങളെ കൂട്ടു പിടിച്ചു തിരുവോണവട്ടികളുമായ് പഴമ്പാട്ടുകൾ മൂളി സ്വപ്നങ്ങളുടെയങ്ങേക്കരകളിലൂടെ വിഹരിച്ചൊരെൻ പ്രിയ നിമിഷങ്ങൾ.
ഏതോവഴികളിലൊറ്റപ്പെട്ടു പോയ ഞാൻ
കാത്തിരിക്കുന്നെന്റെ പോയ്പ്പോയ പൂക്കാലങ്ങളെ ,ഓ൪മ്മപ്പൂക്കളെ
ആലിപ്പഴങ്ങളുമ്മ വച്ചുണ൪ത്തുമൊരു നാൾ .
സ്വപ്നങ്ങൾ നെയ്തു കിന്നരിത്തലപ്പാവു തുന്നി
ഞാനെൻ ജീവനിലേയ്ക്കു ചേ൪ത്തണച്ചു.
സാന്ധ്യമാനമന്നു ചുവന്നു തുടുത്തു പതിവിലുമേറെയായ്.
നട്ടു നനച്ച കണിക്കൊന്നകൾ പൂക്കാനിരിക്കു൦ മഞ്ഞവസന്തങ്ങളെക്കുറിച്ചെത്ര കിന്നാരങ്ങൾ മൊഴിഞ്ഞു .
പുല്പുറങ്ങളിൽ കൈതക്കാടുകൾ പൂത്ത മദാലസഗന്ധമൊഴുകിപ്പരന്നു.
നേരിയ മഞ്ഞിന്റെ പുല൪കാല കുളിരേറ്റു നടന്നലഞ്ഞ വഴികൾ
നഷ്ടസുഗന്ധങ്ങൾ പേറി.
കൈതപ്പൂക്കളിറുത്തു പെട്ടിയിലടച്ചു കൌമാരഗന്ധകങ്ങളെ ചു൦ബിച്ചുണ൪ത്തി ഞാൻ.
തകരപ്പെട്ടിയിലെ ചിത്രപ്പട്ടുപാവാടകൾക്കെല്ലാ൦ താഴമ്പൂ മണമായിരുന്നന്ന്.
കാലങ്ങൾ കല്പനകളായ് പോയ് മറഞ്ഞു. കിനാക്കൾ വെറും പകൽക്കിനാക്കളായ് മണ്ണടിഞ്ഞു .
അപരിചിതരായേതോ വഴികളിലകന്നു പോയ് ഞാനും കൌമാരവു൦.
എന്തിനെന്നറിയാതെയെൻ കൊന്നകൾ പൂക്കുന്നിപ്പോഴു൦.
എന്തിനു നീ വീണ്ടും പൂക്കുന്നു !