രാജീവ് ചേമഞ്ചേരി*
കണ്ണിലൊരു വലയായി മെല്ലെ വന്നൂ!
കണ്ണടയ്ക്കുള്ളിലെ മങ്ങലായ് തോന്നി!
കണ്ണു തിരുമ്മി കലശലായ് നോക്കി-
കണ്ണിലിരുട്ടുപോൽ മുന്നിലെന്നും!
കാണേണ്ട കാര്യങ്ങളൊന്നും കാണാതെ-
കലുഷമായ് തപ്പി തിരഞ്ഞു നടന്നൂ!
കാതങ്ങളേറെ ഭൂവിലുണ്ടെന്നാലും-
കൂരമ്പെയ്യുവാൻ നാവിന്ന് ശക്തൻ !
കാലിടറി വീഴുന്ന ജീവിതങ്ങൾ-
കാണാക്കര തേടിയുഴലുമ്പൊഴും…..
കിട്ടാക്കനിയായ് വളരുന്ന മോഹം
കർക്കശകാരുടെ കണ്ണിലെ കരട് !
കാലങ്ങളീവിധമരുതാത്ത കാഴ്ചകൾ
കഥയില്ലാതെയേടുകൾ തീർക്കുന്നു!
കൂനി കൂടി മൂലയിലായൊരു ജന്മം-
കണ്ണു കാണാത്തൊരു മർത്യവിലാപം…!