സുദർശൻ കാർത്തികപ്പറമ്പിൽ*

നിങ്ങളന്നെന്നെ പഠിപ്പിച്ചതൊക്കെയും
അന്ധ വിശ്വാസങ്ങളായിരുന്നു!
നിങ്ങളന്നെന്നെപ്പിഴപ്പിച്ചതൊക്കെയും
നിങ്ങൾതൻ സ്വാർഥതയായിരുന്നു!
നിങ്ങളിന്നും സുഖലോലുപൻമാരായി-
ത്തന്നെ വസിക്കുന്നീ,നാട്ടിലെങ്ങും!
ഇന്നിക്കാണും ധനക്കൂമ്പാരമൊക്കെയും
എന്നുടെ പൂർവികർ തൻ വിയർപ്പാൽ;
എന്നറിഞ്ഞീടാതെയല്ലോ നിരന്തരം
നിങ്ങൾ മദിച്ചു പുളച്ചിടുന്നു!
ജാതിയെ മാറോടണച്ചുപുൽകി,നിങ്ങൾ
വ്യാധികളെത്ര പരത്തിനീണാൾ!
കാലങ്ങൾ മാറി,ജനായത്തമായിട്ടു-
മായതിനെന്തുള്ളൊരൊട്ടു മാറ്റം?
‘മാറ്റുവിൻ ചട്ടങ്ങ’ളെന്നൊരുനാൾകവി-
യേറ്റമുറക്കെ,മൊഴിഞ്ഞതോർപ്പൂ
മാറ്റിയില്ല,ച്ചട്ടമിപ്പോഴുമങ്ങനെ;
മാറ്റമില്ലാതെ തുടർന്നിടുന്നു!
കാട്ടാള നീതികൊണ്ടല്ലി,കീഴാളരെ;
വേട്ടയാടുന്നീ,ഭരണവർഗം!
നാട്ടിൻ തുടിപ്പുകൾ തെല്ലുമറിയാത്ത,
കൂട്ടർക്കെന്തുണ്ടല്ലേ,ലാദർശങ്ങൾ?
അപ്പഴയോലകൾ മേഞ്ഞകുടിലിലാ-
ണിപ്പൊഴുമീഞാൻ ശയിച്ചിടുന്നു!
അപ്പോഴുമോർക്കാതെ പോകുന്നു,നിങ്ങള-
ച്ചോപ്പിൻ മഹാദർശ നിസ്വനങ്ങൾ!
പണ്ടൊരു നാളങ്ങു ജർമനിയിൽ ജന്മം;
കൊണ്ടൊരാ,മാനവസ്നേഹിയെങ്ങാൻ,
ഹാ!പുനർജന്മമെടുത്തുവന്നീടിലും;
ഈയുള്ളവൾ കാട്ടുപുല്ലുതന്നെ!ഉണ്ണാനൊരുപിടിയന്നമില്ലാതല്ലോ;
മണ്ണുതിന്നാനായ്‌ മുതിർന്നതീഞാൻ!
കണ്ണുനീർ വാർത്തുവാർത്തെത്ര നാളീ,മന്നി-
ലെണ്ണിയെണ്ണിക്കാലം പോക്കിടേണം!
‘ജീവിതമാകുമീ,യാരണ്യകം തന്നിൽ
മേവിടും കീഴാളജന്മങ്ങളെ,
ആരുണ്ടറിയുന്നൊരിത്തിരിക്കാരുണ്യ-
ധാര പൊഴിച്ചഹോ മാനുഷരായ്’!

By ivayana