സുനു വിജയൻ*
“എനിക്ക് ഇയാളെ പേടിയാണ്. ഞാൻ ഉറങ്ങുന്ന സമയം നോക്കി പലതവണ ഇയാൾ അടുക്കളയിൽ പതുങ്ങി ചെന്ന് ഗ്യാസ് സിലിണ്ടർ തുറന്നു വച്ചിട്ടുണ്ട് “
“പലതവണ കാറിൽ ഇയാൾക്കൊപ്പം യാത്ര ചെയ്ത സമയത്ത് കാറിന് അപകടം വരുത്തി മനഃപൂർവ്വം എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട് “
“ഭക്ഷണത്തിൽ മാരക വിഷം കലർത്തി ഇയാൾ “
, “മതി നിർത്ത് “
വിനയൻ അത്ഭുതത്തോടെ വലിയ വലിയ നുണകൾ പറയുന്ന തന്റെ ഭാര്യയെ ആ കുടുംബക്കോടതിയുടെ മീഡിയേഷൻ റൂമിൽ ഇരിക്കവേ ആ നുണകൾ കേട്ട് അസ്വസ്ഥതയോടെ അവരെ തടഞ്ഞു.
അയാൾക്ക് തന്റെ ഭാര്യ പറയുന്ന വാക്കുകൾ കേട്ടപ്പോൾ ഹൃദയത്തിൽ ആഴത്തിൽ ആരോ മുറിവേൽപ്പിക്കുന്നതായി തോന്നി. ഒരു ഗദ്ഗദം വിനയന്റെ തൊണ്ടയിൽ ഉടക്കി. കണ്ണുകൾ നിറയുന്നത് അടുത്തിരിക്കുന്ന ഭാര്യയും മീഡിയേഷൻ നടത്തുന്ന സ്ത്രീയായ മീഡിയേറ്ററും കാണാതിരിക്കാൻ വിനയൻ പരിശ്രമിച്ചു.
പകയോടെ, നിറഞ്ഞ വെറുപ്പോടെ തന്നെ നോക്കുന്ന ഭാമയെ വിനയൻ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന തീക്ഷണമായ ഭാവം ഇതിനു മുൻപൊരിക്കലും വിനയൻ ഇങ്ങനെ കണ്ടിട്ടില്ല.
“ഭാമ പറയട്ടെ. ഇപ്പോൾ വിനയൻ മിണ്ടാതെയിരിക്കൂ. നിങ്ങൾക്കും പറയാൻ അവസരം നൽകാം.”
മീഡിയേറ്റർ പറഞ്ഞതും ഭാമ വീണ്ടും കത്തിക്കയറാൻ തുടങ്ങി.
ലോകത്തിൽ ഏറ്റവും, നികൃഷ്ടനും, ആഭാസനും, ചതിയനും, വഞ്ചകനും, ക്രൂരനും വിനയനാണ് എന്ന് പല ഉദാഹരണങ്ങൾ നിരത്തി ഭാമ പറയുമ്പോൾ വിനയന്റെ മനസ്സിലേക്ക് കുറച്ചു വർഷങ്ങൾക്കു മുൻപുള്ള ഒരു രാത്രി കടന്നു വന്നു.
“വിനയേട്ടാ “
“ഉം “
“ദേ എന്റെ മുഖത്തേക്ക് ഒന്നു നോക്കിക്കേ “
“നീ കാര്യം പറ “
“നമുക്ക് നാളെ രാവിലെ വൈക്കത്തു അമ്പലത്തിൽ ഒന്നു പോണം “
“എന്താ പ്രത്യേകിച്ച് “
“എനിക്കൊരു വഴിവാട് നേരണം. വൈക്കത്തപ്പന്റെ തിരുനടയിൽ വിനയേട്ടനോട് ഒപ്പം നിന്നുകൊണ്ട് “
“എന്തു വഴിവാട്, ഇതെന്നാ ഇപ്പോൾ ഇങ്ങനെ ഒരാഗ്രഹം “
“എനിക്ക് വയ്ക്കത്തമ്പലത്തിൽ ഒരു പുറകു വിളക്കു നേരണം. ഇപ്പോൾ രസീത് എഴുതിയാൽ ഒരു പത്തു വർഷം കഴിയുമ്പോളുള്ള ഡേറ്റ് കിട്ടുമായിരിക്കും “
“ഇതെന്തിനാ നല്ല ചിലവുള്ള, ഡേറ്റ് കിട്ടാൻ പ്രയാസമുള്ള ഈ നേർച്ച ഇപ്പോൾ!”
വിനയന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഭാമ പറഞ്ഞു
“ഇനിയും എനിക്കൊരു ജന്മം ഉണ്ടങ്കിൽ എനിക്ക് എന്റെ വിനയേട്ടനെ തന്നെ ഭർത്താവായി ലഭിക്കാൻ വൈക്കത്തപ്പനോട് അപേക്ഷിക്കാൻ ഉള്ള വഴിവാട്.”
“ഇനി വിനയന് പറയാനുള്ളത് പറയൂ.
മീഡിയേറ്റർ പറഞ്ഞപ്പോൾ വിനയൻ ഓർമ്മകളിൽ നിന്നും മടങ്ങിയെത്തി.
‘നിങ്ങൾ ഇവിടെ ഒരൽപ്പം വെയിറ്റ് ചെയ്യൂ.ഒരഞ്ചു മിനിട്ട്. ഞാൻ ഇതാ എത്തി. അപ്പോഴേക്കും വിനയൻ പറയാനുള്ളത് ഓർത്തു വക്കൂ. “
സ്ലീവ് ലസ്സ് ബ്ലൗസ് ഇട്ട, മുടി ബോബ് ചെയ്ത, ചുണ്ടിൽ കടും ചുവപ്പു നിറത്തിൽ ലിപ്സ്റ്റിക് ഇട്ട അവർ മീഡിയേഷൻ റൂമിനു പുറത്തേക്ക് നടന്നപ്പോൾ ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മണം ആ മുറിയിൽ തങ്ങി നിന്നു. വിലകൂടിയ സാരിയുടെ മുന്താണീ അലക്ഷ്യമായി തോളിലേക്കിട്ട് നടന്നു നീങ്ങുന്ന അവരെങ്ങനെ ഒരു മീഡിയേറ്റർ ആയി എന്ന് വിനയൻ ആലോചിച്ചു.
പഴകിയ ക്രീം നിറം ആ മീഡിയേഷൻ റൂമിനു ഒരു വല്ലാത്ത ശ്വാസം മുട്ടൽ നൽകുന്നതായി വിനയന് തോന്നി. ഒരു പാളി ഇളകിയ നീല നിറമുള്ള ജനാലപ്പടിയിൽ ഒരു കുപ്പിയിൽ വെള്ളം വറ്റി ഉണങ്ങിയ മണി പ്ലാന്റ്. നരച്ച ഭിത്തിയിൽ ഒരു ചിത്രം തൂങ്ങുന്നു. ശിഖരം മുറിച്ചിട്ട ഒരു മരത്തിന്റെ ചിത്രം. ആ ചിത്രത്തിന് ജീവിതവുമായി ഒരുപാട് ബന്ധമുള്ളതായി വിനയന് തോന്നി.
നിലത്തു മുറിഞ്ഞു കിടക്കുന്ന ആ ശിഖിരത്തിനു ഇനി ഒരിക്കലും ആ വൃക്ഷത്തോട് കൂടിച്ചേരാൻ കഴിയില്ല.. മുറിഞ്ഞ കടക്കൽ നിന്നും വീണ്ടും തളിരിലകൾ നാമ്പിട്ട് പുതിയ കൊമ്പു മുളച്ചു വരാം. പക്ഷേ മുറിഞ്ഞു വീണത്?
ആ ചിത്രം കൊണ്ട് ചിത്രകാരൻ എന്തായിരിക്കും ഉദ്ദേശിച്ചത്? ഈ ചിത്രം ആരായിരിക്കും ഈ മുറിയിൽ തൂക്കിയത്? വിനയൻ ആലോചനയോടെ പുറത്തേക്ക് നോക്കി.
പുറത്ത് തങ്ങളുടെ ഊഴം കാത്ത് വേറെ രണ്ടു ഭാര്യാഭർത്താക്കന്മാർ അക്ഷമയോടെ കാത്തു നിൽക്കുന്നു. അവർ ഇടക്കിടക്ക് ഈ മുറിയിലേക്ക് എത്തി നോക്കുന്നത് വിനയൻ കണ്ടു. സ്നേഹത്തിനു കണക്കു പറയാൻ, വിശ്വാസത്തിന്റെ ഉടഞ്ഞ ചില്ലുകൾ പരസ്പരം വാരിയെറിഞ്ഞു മുറിവേൽപ്പിക്കാൻ കാത്തു നിൽക്കുന്നവർ.
ഭാമ പുച്ഛത്തോടെ വിനയനെ നോക്കി. ഇയാൾ ഇനി എന്താവും പറയുക?
ഗൾഫിൽ പോയി വെയിലുകൊണ്ട് പണമുണ്ടാക്കി വാങ്ങിയ വീടും പറമ്പും താൻ സൂത്രത്തിൽ തന്റെ പേരിലേക്ക് മാറ്റിയ ചതിയെക്കുറിച്ച് പറയുമായിരിക്കും.
നാട്ടിൻ പുറത്തുകാരിയായ അയാളുടെ അമ്മയുടെ കൈകളിലെ നഖത്തിന്റെ ചെളി കാരണം അവർ ഉണ്ടാക്കുന്ന ഒരു ഭക്ഷണവും താൻ കഴിക്കാറില്ല എന്നു പരാതി പറഞ്ഞേക്കാം.
പിണങ്ങിയ ശേഷം അയാളുടെ അച്ഛൻ മരിച്ച ദിവസവും കുട്ടികളെ അവിടേക്ക് അവസാനമായി അയാളുടെ അച്ഛന്റെ ശവ ശരീരം ഒരുനോക്ക് കാണാൻ വിടാതെ താൻ അവരെ സ്കൂളിൽ അയച്ച കഥ പറഞ്ഞേക്കാം.
വിദ്യാസമ്പന്നരായ തന്റെ മാതാപിതാക്കൾ ലക്ഷങ്ങൾ മുടക്കി തനിക്ക് സ്കൂളിൽ ജോലി വാങ്ങിതന്നതിന് ശേഷം, ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ അയാളോട് എന്റെ വീട്ടിൽ നിന്നിറങ്ങി പോകാൻ ചെരിപ്പുയർത്തി താൻ പറഞ്ഞ കാര്യം അയാൾ പറഞ്ഞേക്കാം.
അതുമല്ലങ്കിൽ മക്കളെ കാണാൻ അയാൾ വരുമ്പോൾ വീടിന്റെ കതകും ജനലും വലിച്ചടച്ചു അയാളെ ഒന്നു ഗൗനിക്കുക പോലും ചെയ്യാൻ മക്കളെ അനുവദിക്കുന്നില്ല എന്ന പരാതിയും ചിലപ്പോൾ പറഞ്ഞേക്കാം
വിലകൂടിയ പെർഫ്യൂമിന്റെ അകമ്പടിയോടെ മീഡിയേറ്റർ വീണ്ടും കടന്നു വന്നു.
അവർ കൈ ഉയർത്തിയപ്പോൾ രോമം വടിച്ചു കളഞ്ഞ അവരുടെ കക്ഷത്തിൽ പൌഡർ വെള്ള വരകൾ തീർത്തിരിക്കുന്നത് കണ്ടപ്പോൾ വിനയന് ഒരറപ്പു തോന്നി.
പുറത്തു നിന്നും ഊഴം കാത്തു നിൽക്കുന്ന, പിരിയാൻ വെമ്പി നിൽക്കുന്ന ദമ്പതികൾ മുറിയിലേക്ക് എത്തി നോക്കുന്നത് കണ്ടപ്പോൾ ആ വാതിൽ ചാരിയിടാൻ മീഡിയേറ്റർ വിനയനോട് പറഞ്ഞു
“എന്താണ് വിനയന് ഇനി പറയാനുള്ളത്. വിശദമായി പറഞ്ഞുകൊള്ളൂ. പരസ്പരം പിരിയും മുൻപ് ഒരു അവസരം കൂടി ഈ മീഡിയേഷനിൽ കൂടി നിങ്ങൾക്ക് കുടുംബക്കോടതി നൽകിയയിരിക്കുകയാണ് എന്താണ് ഭർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് ഭാമയുടെ പോരായ്മകൾ പറയാനുള്ളത്.”
വിനയൻ ഒരു നിമിഷം ആ ഭിത്തിയിലെ ശിഖരം മുറിഞ്ഞ മരത്തിന്റെ ചിത്രത്തിലേക്ക് നോക്കി. എന്നിട്ടു ഉറച്ച ശബ്ദത്തിൽ പതിയെ പറഞ്ഞു.
“ഞാൻ മുറിച്ചു മാറ്റപ്പെട്ട ഒരു ചില്ലയാണ്. എനിക്കിനി കരിഞ്ഞുണങ്ങാനേ കഴിയൂ. എന്നാൽ ആ മരത്തിനു വീണ്ടും തളിർക്കാൻ അവസരം ഉണ്ട്., ചില്ലകൾ വീണ്ടും മുറിച്ചു മാറ്റിയാലും അതിന് വളർന്നു പന്തലിക്കാം “
“എനിക്ക് വിശക്കുന്നു. ഒരു മസാല ദോശ കഴിക്കണം. ഓർമ്മ നഷ്ടപ്പെട്ടു തുടങ്ങിയ അമ്മ വീട്ടിൽ തനിച്ചാണ്.എനിക്ക് വേഗം വീട്ടിൽ എത്തണം മറ്റൊന്നും എനിക്ക് പറയാനില്ല.. ഞാൻ പോകുന്നു.”
തലയുയർത്തി ആ മീഡിയേഷൻ റൂം കടന്ന്, കുടുംബക്കോടതിയുടെ മതിലുകടന്ന് വിനയൻ പുറത്തേക്കു നടന്നു.
അപ്പോൾ തലകുനിച്ചുകൊണ്ട് ഒരു യുവതിയും ഗർവ്വോടെ ഒരു യുവാവും തങ്ങളുടെ ഊഴം ലഭിച്ച ആശ്വാസത്താൽ ആ മീഡിയേഷൻ റൂമിലേക്ക് കയറി.പരസ്പരം വാരി എറിയാനുള്ള ചെളി ആവശ്യത്തിനു തങ്ങളുടെ പക്കൽ ഉണ്ടന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു.
സുനു വിജയൻ
കടപ്പാട് :- ഭാര്യയെ ഒരിക്കലും കുറ്റപ്പെടുത്താതെ വിവാഹ മോചനം നേടാതെ ജീവിക്കുന്ന ഒരു ഭർത്താവിനോട്.