(തിത്തിത്താരാ തിത്തിത്തൈ )
കടവിലായോടമുണ്ട്
ഓടമിൽ തുഴയുമുണ്ട്
ഓടിവള്ളം തുഴയുവാൻ
ഓമലാളുണ്ട്…
കങ്കണങ്ങൾ നിറയുന്ന
കൈകൾമാടി വിളിയ്ക്കുന്നു
കന്നൽകണ്ണി കാണാതെ ഞാൻ
പോവണമെന്നോ……
കുചരങ്ങളാകാശത്ത്
കണ്ണുചിമ്മിയടയ്ക്കുന്നു
കുതൂഹലം പൂണ്ടു ചന്ദ്രൻ
എത്തിനോക്കുന്നു.്…
കേതുവൊന്നതാകാശത്ത്
കേവലമസൂയ പൂണ്ട്
കോപത്തോടെ കത്തി
ജ്വലിച്ചുറ്റു നോക്കുന്നൂ
ചന്ത്രകാന്തം നിറയുന്നു
ചെന്താമര വിരിയുന്നു
ചാരു ചിത്രം വരയ്ക്കുന്നു
കായലോളങ്ങൾ
വെഞ്ചാമരം വീശി നിൽകും
നാളികേര നികുഞ്ചങ്ങൾ
പായൽ പച്ച നിറയുന്ന
കായലമൃതം
ഞാനുമെന്റെ സഹചാരി
ഒത്തു നീണ്ട മൗനത്തോടെ
വള്ളംതുഴഞ്ഞുള്ളിലേക്കു
പോയിടും നേരം
നേരമർദ്ധ നിശയെത്തി
നിശാഗന്ധി പൂത്ത നേരം
ജലജതൻ കേളിയാലൊ
കായലിളകി
ഞാൻ പകച്ചു ചുറ്റും നോക്കി
ഓടവള്ളമൊഴുകുന്നു
നടുവിലായ് ഞാനല്ലാതെ
മറ്റാരുമില്ല