രചന : മാധവി ടീച്ചർ, ചാത്തനാത്ത്.*
ഇന്നും വിരിഞ്ഞു നിൽപ്പാണെന്റെ അങ്കണാ –
രാമത്തിൽ ചെത്തിയും, മന്ദാരവും;
കൃഷ്ണത്തുളസിയും, ചെമ്പരത്തിപ്പൂവും
ചേലിൽ മൊട്ടിട്ടിടും നേരമെല്ലാം!
ഞാനോർത്തു പോകുന്നു എന്നമ്മ പണ്ടെല്ലാം
പുഷ്പങ്ങളേറെ നുള്ളിയടുക്കി
ഗുരുവായൂർ വാഴുമെന്നുണ്ണിയാം കണ്ണന്റെ
മൗലിയിൽ ചാർത്തിക്കാൻ യാത്രയാകും.
കൃഷ്ണപ്രിയയാകും ഭക്തയാമെന്നമ്മ
പൂക്കൾ ക്ഷേത്രത്തിലെ നടയിൽ വെച്ചും
മാനസത്തിൽ കൃഷ്ണസ്തുതിയുമായ് മിഴിപൂട്ടി
നിൽക്കുമെന്നമ്മ തൻ ഭക്തി കാൺകേ .
ഞാനുമെൻ കണ്ണനെ ഭക്തിപൂർവ്വം നോക്കി നിന്നു വണങ്ങീടുമേറെ നേരം.
മൂന്നു വലം വെച്ചു ചുറ്റമ്പലം ചുറ്റി
വന്നേറെ ഭക്തിപൂർവ്വം നടയിൽ !
കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ !
ഭക്തിയോടമ്മ ജപിക്കുമപ്പോൾ!
ബാലഗോപാലനെ കാണാൻ കൊതിച്ചു ഞാൻ
ശ്രീലകം നോക്കി ജപിച്ചു നില്ക്കും.
ഉള്ളിൽ ഒരുണ്ണിയായ്, ഓമനക്കണ്ണനായ്
തൊട്ടരികത്തെൻ്റെ കണ്ണനെത്തും.!
ഞാനുമെൻ തോഴനാം കണ്ണനാമുണ്ണിയും
കുന്നിക്കുരു വാരാനോടുമപ്പോൾ!
ലീലാവിലാസങ്ങളാടുമെൻ കണ്ണനെ
കാണവേ ഭക്തിയിൽ ഞാൻ മുഴുകും.
ഏകാദശിനാളടുക്കവേ ഉള്ളിലെൻ,
അമ്മയുണ്ട്, കൂടെ കണ്ണനുണ്ട്.!