ബോബി സേവ്യർ ✍️
എനിക്കൊരു കാമുകിയുണ്ടായിരുന്നു,…..
എന്റെ അസ്വസ്ഥതകളും ആകുലതകളും നിറഞ്ഞ ദിവസങ്ങളിൽപോലും ചുടുചുംബനങ്ങളും സീൽക്കാരങ്ങളും മാത്രം ആഗ്രഹിച്ചിരുന്നൊരുവൾ….
തന്റെ അംഗലാവണ്യത്തേക്കുറിച്ച് വർണ്ണിക്കൂ എന്ന് പറയുന്ന ഒരുവൾ…..
ഉടയാടകളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും വാചാലയാവുന്ന ഒരുവൾ……
ഞാനുണ്ടായിട്ടും സന്തോഷമില്ലേയെന്ന ഒറ്റവാക്കിൽ രക്ഷപ്പെടുന്ന ഒരുവൾ….
എനിക്കൊരു പെൺസുഹൃത്തുണ്ടായിരുന്നു…..
പാതിരാത്രികളിൽ വേദനകൊണ്ട് പുളയുമ്പോൾ ഫോണിന്റെ ഇങ്ങേതലയ്ക്കൽ കൂട്ടിരിക്കാൻ, ദീർഘനിശ്വാസങ്ങളും മൂളലുകളും ഏറ്റെടുക്കാൻ ചെവിക്കൂർപ്പിച്ചു പാതിരാക്കൂമനെ പോലൊരു രാത്രിമൗനിയായിരുന്നിട്ടും
പകൽവെളിച്ചത്തിൽ
എന്നെ മറന്നുപോയവൾ……
എനിക്കൊരു വാമഭാഗമുണ്ടായിരുന്നു…..
താലിച്ചരടിന്റെ ബന്ധനവും പാരമ്പര്യത്തിന് അവകാശികളെയും തന്നവൾ….
കൊത്തുകോഴിയെയും ചൊറിയെണ്ണത്തേയും എന്നും ഓർമ്മിപ്പിക്കുന്നവൾ….
എനിക്കൊരു ആൺ സുഹൃത്ത് ഉണ്ടായിരുന്നു…..
ചരസ്സിന്റെ ഗന്ധവും മുഷിഞ്ഞ വസ്ത്രങ്ങളും കള്ള് തലയ്ക്കു പിടിക്കുമ്പോൾ മാത്രം എന്നെ
ഓർമ്മയിൽ വരുന്ന ഒരുവൻ…..
ഭൂതകാലകഥകൾ പറഞ്ഞ് എന്നെ മുറിവേൽപ്പിക്കുന്ന; ഓർമ്മകളുടെ നാഡിഞരമ്പുകളിൽ വിഷാദത്തിന്റെ കുത്തിവെയ്പ്പ് നടത്തുന്ന ഭിഷ്വഗ്വരൻ….
എനിക്കൊരു മനസ്സുണ്ടായിരുന്നു……
അവരാരാലും ശ്രെദ്ധിക്കാതെപോയ;
വേദനകളിൽ ആശ്വാസമാഗ്രഹിക്കുന്ന; മുറിവുകളിൽ ചുംബനങ്ങളേൽക്കാത്ത;
കണ്ണീരിന്റെ ഉപ്പൂറ്റാത്ത; ആവലാതികളിൽ ചേർത്തുപിടിക്കാൻ കരങ്ങളില്ലാതെപോയ മനസ്സ്.
ആരും കാണാതെപോയ ഒന്ന്…..
എനിക്ക് മാത്രമായി ഒരു മുറിയുണ്ട്……..
ഓരോ നിമിഷവും എന്നെ അറിയുന്ന;
എന്റെ ദീർഘനിശ്വാസങ്ങളൊപ്പുന്ന;
ഓരോ നിമിഷവും ചലിക്കുന്ന സൂചികളുള്ള ഘടികാരം ഹൃദയമാക്കിയ ചുവരുള്ള; ദിവസവും ഒരേ ഈണത്തിൽ കറങ്ങുന്ന പങ്കകളുള്ള; മടുപ്പിന് എന്നെ വിഴുങ്ങാൻ കൊടുക്കുന്നൊരിടം…….
അവിടെ എനിക്ക് ഞാൻ മാത്രം……