എൻ.കെ .അജിത്ത് ആനാരി ✍️
അരവയർ നിറയാൻ പാടുപെടുമ്പോൾ
പലവയർ നമ്മൾ നിറച്ചുകൊടുക്കും
അവനിയിലീവിധമല്ലോയീശൻ
ജീവിതമാലകൊരുപ്പൂ നിത്യം !
അവധി നിനക്കില്ലദ്ധ്വാനത്തിൽ
മരണംവരെയതു ചെയ്തേപറ്റൂ
മടിയുടെ ബാഹുവിലമരുന്നോനാ
തടികൊണ്ടെന്തു പ്രയോജനമോർക്കൂ
ദുരിതം മാടിവിളിക്കും നിന്നുടെ
പടിയിൽ പട്ടിണി വന്നുകിടക്കും
‘മലരും കൈയൊരു ശീലമതാകും
അഭിമാനക്ഷതമരികിൽരമിക്കും
അത്യദ്ധ്വാനിയുയർത്തും കരിയെ
നിത്യദ്ധ്വാനി കിതയ്ക്കാറില്ലാ
ലൊട്ടുലുടുക്കുകൾ ശീലിക്കുന്നോർ
കഷ്ടപ്പാടിനു വഴിവെട്ടുന്നോർ !
കൈയും കണ്ണും കാതും തലയും
കർമ്മോത്സുകത വളർത്തീടുമ്പോൾ
കർമ്മങ്ങൾക്കതിവേഗതയേറും
കർമ്മപഥത്തിലൊരരചനുമാകാം!
ധർമ്മം വെടിയാതുള്ളൊരു കർമ്മം
മർമ്മമതാണ്, മറക്കരുതാരും !
ധർമ്മച്ച്യുതിയുടെ വഴിയേപോലും
പോകരുതാവഴിയുചിതവുമല്ലാ…
ധീരതവഴിയിൽ കൈവിട്ടോനൊരു
ഭീരുവിനൊത്തു വിറച്ചീടുമ്പോൾ
വീരൻ, കാലടിയൂന്നും വിജയം
തേടിവരുന്നവനരികത്തേക്കായ് !
ശാശ്വതമായിട്ടൊന്നും ഭൂവിൽ
സ്ഥായീഭാവം നേടുന്നില്ലാ
ശ്വാസോച്ഛ്വാസം തീരും വരെയും
ധീരതയോടെ നമുക്കു നടക്കാം…
സൂക്ഷ്മഗ്രാഹ്യപടുക്കൾ വഴിയുടെ
തീക്ഷ്ണതകണ്ടു വിരണ്ടോടില്ലാ
ഭീർഘപ്രയത്നം മുതലായുണ്ടേൽ
മുള്ളുകൾ മലരുകളാക്കീടും നാം