രചന : രാമചന്ദ്രൻ, ഏഴിക്കര.

ജട മുടിയഴിച്ചിട്ടുടലിൽ വിറകൊള്ളു,
മുയിരിനെ വിഷപ്പുകയി, ലാഴ്ത്തി, തളർത്തി
വിഭ്രാന്തിയിൽ പൂക്കു, മുൻമാദ ലഹരിയി, ലാറാടി, ചിരിച്ചും, കരഞ്ഞു,
മിണയെ, യരക്കെട്ടിൽ ചുറ്റിയ കയ്യിൽ, നിറച്ച,
മധു പാത്രത്തിൽ മനം പൊലിച്ചും,
മങ്ങിയ മിഴികളിലാഘോഷ വീര്യത്തിൻ നിറച്ചാർത്തി
ലമർന്നും മയങ്ങി, യടി തെറ്റുന്ന കാലി,
ലാടിയും വഴിതെറ്റിയുരുകുന്നു നാടിൻ
യുവത്വം നിശയുടെ യാമങ്ങളിൽ…..
അരികിലെത്തു, മതിഥികൾക്കാനന്ദമേകി-
യറിവിനെ, യിരുട്ടിൽ തള്ളിനീക്കി, യടരും
ബോധത്തിൽ വിഷജലം നൽകി, യസുരൻ
മാർ, ആളിപ്പടരുന്നു ചുറ്റിലും…..
ഇരുളിലൊഴുകി, തൂവൽ ചിറകുകളിൽ
പറന്നുയരും മോഹ പക്ഷികളായ്, നിമിഷ
ങ്ങളിൽ നേടും സുഖങ്ങളി, ലടിമയായ്,
ഇണ നൽകും ചൂടിൽ, മാന്ത്രിക കുതിരയായ് പായാൻ തുടിക്കുന്ന ഉൽവീര്യ കനവുകളിൽ കുരുങ്ങി
തലച്ചോറിനുള്ളിൽ ഫണം വിരിച്ചാടുന്ന
സർപ്പങ്ങൾ തൻ ദംശനത്തിൽ പിടയുന്ന
ഞരമ്പുകളി, ലൂറും ലഹരി മുകുളങ്ങൾ..
കടന്നൽ കൂടുകളിളകി തെറിക്കുന്നു.
കടുത്താലസ്യത്തിൽ തളർന്നു മയങ്ങുന്നു.
കാണുന്ന കിനാക്കളിൽ പറന്നുയരുന്നു..
അനീർവചനീയ,മായോരനുഭൂതിയിൽ
മുങ്ങി, ആയിരം നാഗങ്ങളെ പുണരാൻ
കൊതിക്കുന്നു…
ഓർമ്മകൾ കറങ്ങുന്ന പമ്പരമായീടുന്നു
ഓർക്കുവാനോ കഴിവേതുമില്ലാതെയായ്..
ഒരു നേരമെങ്കിലും മക്കൾ നൽകു, മന്ന
ത്തിൻ രുചിയറിഞ്ഞീടാൻ ,വിറയാർന്ന
കയ്യാലൊന്നാ ശിരസ്സിൽ തലോടുവാൻ
മധുരപാൽപ്പായസം മതിയാവോളം നൽകാൻ,
മനമതിലാശയിൽ വൃദ്ധദമ്പതി മാരും..
മനുഷ്യനെ മയക്കുന്ന മരുന്നുകൾ വേട്ടയാടും
മികവുറ്റ ജീവിതത്തിൻവർണ്ണങ്ങളെയെന്നും,
മറക്കാൻ പഠിക്കണം, തെറ്റുകൾ തിരുത്തേണം, മഹിയിൽ മനുഷ്യനായ്
വാഴുന്ന കാലം വരേയും…

By ivayana