കുമാർ സഹായരാജു*

നാല്പതു വർഷമായി കടലിൽ പോകുന്ന പുതിയതുറ സ്വദേശി ക്ലീറ്റസ് പറയുന്നു :
” ഇപ്പോൾ കടലിൽ പോകുമ്പോൾ വലയിൽ മീനിനേക്കാൾ കൂടുതൽ കുടുങ്ങുന്നത് പ്ലാസ്റ്റിക്കും ചവറുകളുമാണ് . തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു . കടൽ പഴയതു പോലെയേ അല്ല ; ഒരുപാടു മാറിപ്പോയി .”
തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും കടലടിത്തട്ടിൽ ഗവേഷണം നടത്തുന്ന ഫ്രണ്ട്സ് ഓഫ് മറൈൻലൈഫ് കണ്ടെത്തിയ ദൃശ്യങ്ങളും ഈ മേഖലയിലെ കടലിലെ പ്ലാസ്റ്റിക്കിന്റെയും മാലിന്യത്തിന്റെയും വിവരങ്ങൾ തരുന്നു .
നിത്യജീവിതത്തിലെ മാലിന്യങ്ങൾക്കൊപ്പം വിനോദസഞ്ചാരത്തിന്റെയും നഗരത്തിന്റെയും വ്യവസായത്തിന്റെയുമൊക്കെ മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി സർക്കാരും ജനങ്ങളും കാണുന്നത് കടലിനെയാണ് . പ്രകൃതിദത്തമായ പൊഴികൾ മുറിച്ചും സീവേജ് ചാനലുകൾ കടലിലേക്കു നീട്ടിയും ഈ മാലിന്യത്തിന്റെ തോത് പ്രതിവർഷം കൂട്ടിക്കൊണ്ടുമിരിക്കുന്നു . പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കടലിലെത്തുന്നതും അവയെ ഭക്ഷണമാക്കുന്നതും കടലിലെ ജീവികളുടെ കൂട്ടക്കുരുതിക്ക് കാരണമാകുന്നു . മാലിന്യച്ചാലിലൂടെ കടലിലേക്കെത്തുന്ന ജൈവവസ്തുക്കളിലൂടെയും വിഷകാരികളിലൂടെയും കടലിലെ ഓക്സിജന്റെ അളവ് കുറയുകയും കടലിടങ്ങൾ മീനുകൾക്ക് വസിക്കാൻ കഴിയാത്ത ഡെഡ് സോണുകളായി മാറുകയും ചെയ്യുന്നു . മാത്രമല്ല , പ്രകൃതിക്ക് ഹാനികരമായ ആൽഗേ പോലുള്ളവയുടെ കൂട്ടമായ വളർച്ചക്കും ഇത് കാരണമാവുന്നു . വേളി വെട്ടുകാട് മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് കടലിലേക്ക് പുറന്തള്ളുന്ന മലിനജലം ഇത്തരത്തിൽ കടലിന്റെ സന്തുലിതാവസ്ഥയെ കാലങ്ങളായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതായും കടൽപ്പണിക്കാർ പറയുന്നു . ഇവിടെ നിന്നും ഓരോ ദിവസവും ഏകദേശം 120 ടണ്ണോളം സൾഫ്യൂറിക്ക് ആസിഡും അതിനൊപ്പം ഫെറസ് സൾഫേറ്റ് , ടൈറ്റനസ് സൾഫേറ്റ് , മാംഗനീസ് സൾഫേറ്റ് തുടങ്ങിയ രാസപദാർത്ഥങ്ങളും കടലിലേക്കെത്തുന്നുവെന്നും ഇത് ഈ കടൽ ഭാഗത്തെ ഓക്സിജന്റെ അളവ് വളരെയധികം കുറയാൻ കാരണമാകുന്നുവെന്നും കടലിന്റെ അമ്ലത കൂട്ടുന്നുവെന്നും കോസ്റ്റൽ ഓഷ്യൻ മോണിറ്ററിംഗ് ആൻഡ് പ്രെഡിക്ഷൻ, 2014 – ൽ നടത്തിയ പഠനത്തിൽ പറയുന്നു .

കടൽ കര കാലാവസ്ഥ
കടലെടുക്കുന്ന കേരളം
പഠനങ്ങൾ
ട്രാൻസിഷൻ സ്റ്റഡീസ്
തൃശൂർ
2021

(മോഹനൻ പിസി പയ്യപ്പിള്ളി)

By ivayana