രചന : സതി സതീഷ്*✍️
തിരികെ വരികെൻ്റെ ബാല്യമേ
തിരികെ തരികെൻ
സുവർണ്ണകാലം
അറിവിൻ വെളിച്ചത്തില-
ക്ഷരമുത്താൽ
മാല കൊരുത്തൊരു
കുട്ടിക്കാലം
മഴ പെയ്യുമിടവഴിയിലോടി
നനഞ്ഞീടും
കുട്ടിക്കുറുമ്പിൻ
കുസൃതിക്കാലം…
കണ്ണൻചിരട്ടയിൽ
കൂട്ടരോടൊത്തു
വിരുന്നൊരുക്കും
മധുരക്കാലം
തിരികെ വരികെൻ്റെ ബാല്യമേ..
തിരികെ തരികെൻ്റെ
സുവർണ്ണകാലം
അക്കരെയിക്കരെ
പൂക്കളിൽ മധുവുണ്ണും
ശലഭമായെങ്കിൽ
മോഹിക്കും വർണ്ണകാലം
മുറ്റത്തെ ചേലൊത്ത
പൂക്കളവട്ടത്തിൻ
അഴകായ് മാറാൻ
കൊതി തൂകും കാലം
എന്തെല്ലാമേതെല്ലാമാ–
ശയാൽ തീർത്തൊരീ
ബാല്യവും കാലത്തിൻ
പ്രിയമേറും സമ്മാനം
ഒടുവിലോരോ മോഹവും പെറുക്കീയൊതുക്കി
പടികളിറങ്ങും ബാല്യമേ
നീയിന്നിൻ
ചുമരോരം ചായും
കളഞ്ഞു പോയൊരു
കാലത്തിൻ ചിത്രം മാത്രം
വെറും ചിത്രം മാത്രം