രചന : പി.ഹരികുമാർ.✍️
ക്ഷേത്രക്കുളത്തില്‍ താമരപ്പൂകൃഷി.
താമരത്താരെന്തു ബഹുനിറം,നറുംതിടം.
പഴംപുരാണ പ്രകീർത്തിതം
ലക്ഷ്മിദേവീ പ്രസീതിതം,പ്രധാനം.
എങ്കിലുമിനിയും,
താമരപ്പൂ നീ ചൂടണ്ടാ പെണ്ണാളേ.
താമരകൃഷിയോർത്തു തുള്ളണ്ടാ കൂട്ടാളേ.
ലക്ഷ്മിക്കു പ്രിയമെന്ന്
നോക്കണ്ടാ മാളോരേ
കാണാത്ത മുള്ളുണ്ടേ.
വളയങ്ങളാഴത്തില്‍
നീണ്ടുപിണഞ്ഞുണ്ടേ.
മുക്കിപ്പിഴിഞ്ഞാലും
നനവില്ലാത്തിലയുണ്ടേ.
ഇല മീതേ നിരക്കുകില്‍
ഓളങ്ങളനങ്ങില്ലേ,
ആഴങ്ങളറിയില്ലേ.
താമരക്കുളമാകെ
ശാന്തമായ്ത്തോന്നില്ലേ?
ഉള്ളിലൊളിക്കുന്ന
നീരാളിയെന്നപോൽ
താമരവളയങ്ങള്‍
ചെളിയിലേക്കാഴ്ത്തുകില്‍,
മാളോരുമറിയില്ലാ,
മേലാളുമോരില്ലാ.
ആകയാൽ,
നന്നല്ല നമ്മക്കീ താമരപ്പൂകൃഷി.
കുടിവെള്ളം നിന്നുപോം.
കുളിക്കാനിറങ്ങുവോര്‍
ചെളിയില്‍ പുതഞ്ഞുപോം.
വൈകാതെയെല്ലാമേ
ഓർമ്മയായ് മാഞ്ഞുപോം;
നമ്മളും,നമ്മുടെ നാടും,കുളങ്ങളും.