കഥ : സുനു വിജയൻ*

സാനിട്ടറി നാപ്കിൻ കളയും മുൻപ് ഫിലോമിനയുടെ കണ്ണുകൾ അറിയാതെ അതിലേക്ക് ഒന്നുടക്കി. വെറും രണ്ടു ചുവന്ന കുത്തുകൾ മാത്രം.
കുറെയായി ഇതു ശ്രദ്ധിക്കുന്നു. തന്നിലെ പെണ്മ തീർന്നുകൊണ്ടിരിക്കുന്നു. അതിപ്പോൾ കഷ്ടിച്ചു ഒരു തുള്ളിയിൽ ഒതുങ്ങിക്കഴിഞ്ഞു. ഇനി അടുത്തമാസം അതും ഉണ്ടായില്ലന്നു വരാം.
ദീർഘമായി ഒന്നു നിശ്വസിച്ചുകൊണ്ട് മുഖം കഴുകവേ കണ്ണാടിയിലേക്ക് ഫിലോമിന തന്റെ മുഖം ഒന്നു ശ്രദ്ധിച്ചു നോക്കി. തടിച്ചു തൂങ്ങിയ കവിൾതടത്തിനു മുകളിൽ നേരിയ കറുത്ത പാടുകൾ. പക്ഷേ ഇടം കവിളിൽ ഒരു ചെറിയ പിമ്പിൾ. സമയം തെറ്റി മുഖത്തു വിരിഞ്ഞ ആ കുരു ഫിലോമിന ഞെക്കി പൊട്ടിച്ചു.

പണ്ട് കൗമാരത്തിൽ മുഖകുരു പൊട്ടിക്കാൻ മമ്മി സമ്മതിക്കില്ലായിരുന്നു. മുഖത്ത് കറുത്ത കുഴി ഒരു പാടുപോലെ കിടക്കും എന്ന ഉപദേശം മമ്മി തരൂമ്പോൾ മറ്റൊന്നുകൂടി പറയുമായിരുന്നു.
“എന്തൊക്കെ പറഞ്ഞാലും വയസ്സറിയിച്ച പെണ്ണിന്റെ മുഖത്ത് ഒന്നുരണ്ടു മുഖക്കുരു ഒരു ചന്തം തന്നയാ. അതൊരടയാളമാ “
നാൽപ്പത്തി ഏഴു വയസ്സ് തികഞ്ഞില്ല. പക്ഷേ.. നിറഞ്ഞു വന്ന കണ്ണുകൾ ഫിലോമിന അമർത്തിതുടച്ചു.
താഴേക്കു തൂങ്ങിയ സ്തനങ്ങൾ ഇരുകൈകൾകൊണ്ട് ഉയർത്തി വക്കാൻ ശ്രമിച്ചപ്പോൾ ഫിലോമിന കരഞ്ഞു പോയി.

പാടില്ല സങ്കടപ്പെടാൻ പാടില്ല. ഇടനെഞ്ചിലെ തീക്ഷണമായ വേദന കണ്ണീരിനൊപ്പം മൂക്കിൽ കൂടി ഒഴുകി വന്നപ്പോൾ മുഖത്തേക്ക് ശക്തിയിൽ വെള്ളം തെറിപ്പിച്ചു ഫിലോമിന കണ്ണും മൂക്കും അമർത്തി തുടച്ചു.
ബാത്റൂമിന്റെ വാതിൽ അടച്ചു,കട്ടിലിലേക്ക് കിടന്നപ്പോൾ അപ്പുറത്തെ മുറിയിൽ വെളിച്ചം ഉണ്ടോ എന്നു നോക്കി.ജോർജ്ജ് ഉറങ്ങിയിരിക്കുന്നു. ഒത്തിരി നാളുകൾ കൂടി ഇന്നു വന്നതാണ്.ചിലപ്പോൾ ഒരുറക്കം കഴിഞ്ഞ് ഈ രാത്രി തന്നെ മടങ്ങിയേക്കാം.ഭർത്താവിന്റെ മുഖം ഒന്നു വ്യക്തമായി കണ്ടിട്ട് ഒരു വർഷത്തിൽ കൂടുതലായി.
വലിയ കട്ടിലിന്റെ അറ്റത്തു കിടന്നുകൊണ്ട്, കട്ടിലിന്റെ പകുതി ശൂന്യതയിലേക്ക് ഫിലോമിന വെറുതെ കൈകൾ കൊണ്ട് തടവി. ഇരുപത്തി ഏഴു വർഷം. ഈ കട്ടിലിൽ തനിച്ചു കിടന്നിരിക്കുന്നു. ഓർമ്മകൾ..അവക്ക് തീരെ മധുരമില്ല.

ഡിഗ്രി ഫൈനൽ ഇയർ കഴിയും മുൻപ് ഇങ്ങോട്ടു വന്ന ആലോചന വേണ്ടന്നു വക്കാൻ മമ്മി പപ്പയെ സമ്മതിച്ചില്ല. ജന്മനാ അൽപ്പം വണ്ണം കൂടുതലായിരുന്നു. കൌമാരം കഴിഞ്ഞപ്പോൾ തൂക്കം അറുപത്തി അഞ്ചിലെത്തി.കോളേജിൽ എത്തിയപ്പോൾ അത് തൊണ്ണൂറു കടന്നു. എത്ര ശ്രമിച്ചിട്ടും, എന്തൊക്കെ മരുന്നുകൾ കഴിച്ചിട്ടും തൂക്കം കൂടുന്നതല്ലാതെ കുറഞ്ഞില്ല. ദിവസം ഒരു ഓറഞ്ചു മാത്രം കഴിച്ചു വണ്ണം കുറക്കാൻ ശ്രമിച്ചു.പിന്നെ പട്ടിണി കിടന്നുനോക്കി എത്രയോ ദിവസം എത്രയോ മാർഗങ്ങൾ വഴി വണ്ണം കുറക്കാൻ ശ്രമിച്ചിരിക്കുന്നു പക്ഷെ ഒരു ഫലവും ഉണ്ടായില്ല.
കോളേജിൽ തടിച്ചി ഫിലോ എന്ന് ഏവരും വിളിച്ചപ്പോൾ ആദ്യമൊക്കെ വല്ലാത്ത വിഷമം തോന്നിയിരുന്നു. പിന്നെപ്പിനെ പേരുതന്നെ അതായിമാറി. “തടിച്ചി ഫിലോ “
പപ്പാക്കും മമ്മിക്കും താൻ ജീവനായിരുന്നു. കലാകാരനായ, സിനിമാകമ്പമുള്ള ജോർജ്ജുക്കുട്ടിക്ക് വണ്ണമുള്ള പെണ്ണിനെ മാത്രമേ ഇഷ്ടമുള്ളൂ എന്നറിയിച്ചു ബ്രോക്കർ വീട്ടിൽ വന്നപ്പോൾ സന്തോഷം കൊണ്ട് മമ്മി കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

ജോർജ്ജ് സുന്ദരനായിരുന്നു. അത്യാവശ്യം അറിയപ്പെടുന്ന എഴുത്തുകാരൻ.ആലോചന ഉറച്ചപ്പോൾ ജോർജ്ജിന്റെ കഥകളും, കവിതകളും വായിച്ചു സയൂജ്യമടഞ്ഞു. താനാണ് ഏറ്റവും ഭാഗ്യവതി എന്നു തോന്നി.വാരികകളിൽ ജോർജിന്റെ കഥകളിലെ നായികമാർക്ക് ഒരെഴുത്തുകാരൻ എന്ന നിലയിൽ അയാൾ കൊടുക്കുന്ന സ്നേഹവും പരിഗണനയും കണ്ട് അഭിമാനിച്ചു.
ഒരു റബ്ബർ എസ്റ്റേറ്റ് മുഴുവൻ ജോർജ്ജിന് പപ്പാ സ്ത്രീധനമായി നൽകി. തടിച്ചിയായ മകളെ സന്തോഷത്തോടെ സ്വീകരിച്ചതിന്റെ സന്തോഷം പണമായും, സ്വർണമായും വേറെയും നൽകി.
പക്ഷേ അതൊരു ചതിയായിരുന്നു എന്ന് അധികം വൈകാതെ താൻ മാത്രം മനസ്സിലാക്കി. സിനിമാ നിർമ്മിക്കാനായുള്ള പണം കണ്ടെത്താൻ ജോർജ്ജ് ഉപയോഗിച്ച വിദഗ്ദ്ധമായ തന്ത്രം.

സ്നേഹത്തോടെ ഒരു വാക്ക്, ഒരു നോട്ടം അതെങ്കിലും തന്നിരുന്നുവെങ്കിൽ എന്ന് എത്രയോ കൊതിച്ചിരുന്നു. ഒരിക്കലും ഒന്നും ഉണ്ടായില്ല. തടിച്ചിയായ ഭാര്യയെ ഒന്നു നേരെചൊവ്വേ നോക്കുകപോലും ചെയ്യാത്ത പേരിനൊരു ഭർത്താവ്.ഈ വലിയ മുറിയിലെ വലിയ കട്ടിലിന്റെ ഒരറ്റത്ത്‌ കഴിഞ്ഞ ഇരുപത്തി ഏഴു വർഷമായി താൻ തനിച്ചുറങ്ങുന്നു.
ആരെയും ഒന്നും അറിയിച്ചില്ല, ആരോടും ഒരിക്കലും മനസ്സു തുറന്നിട്ടില്ല. ഉള്ളിലെ സങ്കടങ്ങൾ പുറത്തേക്കു വന്നത് വീണ്ടും ശരീരഭാരത്തിന്റെ രൂപത്തിലായിരുന്നു. എങ്ങോട്ടും പോകാതെ, ആരെയും കാണാതെ ഈ വീട്ടിൽ തന്നെ എപ്പോഴും ഒതുങ്ങിക്കൂടി.

എസ്റ്റേറ്റു പണയപ്പെടുത്തി ജോർജ്ജ് എടുത്ത സിനിമകൾ ഒക്കെ പരാജയപ്പെട്ടു. പിന്നെ ജോർജ്ജ് മദ്രാസിലേക്കു സ്ഥിരതാമസമാക്കി.ഏതൊക്കയോ സ്ത്രീകളുടെ കൂടെ താമസിക്കുന്നു എന്നു കേട്ടു. വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞു.ഈ തടിച്ചിയെ മറന്ന് അയാൾ സുഖമായി ജീവിക്കട്ടെ എന്നു കരുതി എല്ലാ വേദനയും നിശബ്ദം സഹിച്ചു.
സിനിമക്ക് ബാക്കി ഉണ്ടായിരുന്ന പണം മുഴുവൻ മുടക്കി പരാജയപ്പെട്ടു.എന്നിട്ടും വീണ്ടും വീണ്ടും പലിശക്കു പണം വാങ്ങി സിനിമ എടുത്തു. ഏതൊക്കയോ വിജയിച്ചു. വിജയിച്ചതിൽ കൂടുതൽ പരാജയപ്പെട്ടു.

വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഈ വീട്ടിലെ സന്ദർശകനായി എത്തി. തിരിച്ചു പോകുമ്പോൾ ഉള്ള ആഭരണങ്ങൾ ചോദിച്ചു വാങ്ങിച്ചു കൊണ്ടുപോയി.
നൂറു കിലോയിൽ കൂടുതൽ ഭാരമുള്ള, വീടിനു പുറത്തിറങ്ങാത്ത തടിച്ചിക്ക് എന്തിന് ആഭരണങ്ങൾ?
ഒക്കെ കൊടുത്തു. ഒരിക്കലും ഒന്നും ആവശ്യപ്പെട്ടില്ല, ഒരു പരിഭവവും പറഞ്ഞില്ല. ആദ്യമൊക്കെ തന്നെ ഒന്നു തൊട്ടിരുന്നെങ്കിൽ എന്നു കൊതിച്ചിരുന്നു. പിന്നെ ആ മോഹവും ഉപേക്ഷിച്ചു.
മുറിയിലെ ഭിത്തിയിൽ തൂങ്ങുന്ന തിരുഅത്താഴത്തിന്റെ ചിത്രത്തിനു മുന്നിലെ ലൈറ്റിന്റെ നേർത്ത പ്രകാശത്തിൽ കർത്താവിനെ നോക്കി ഫിലോമിന മനസ്സിൽ ചോദിച്ചു.
“എന്തിനായിരുന്നു എനിക്കീ ജന്മം “
ഓർത്തോർത്തു കരയാൻ ഒത്തിരി നൊമ്പരങ്ങളുണ്ട്. ഒരിറ്റു സന്തോഷം അതെന്റെ അവകാശമല്ലേ..

ഞാൻ അതു ചെയ്യാൻ പോകുകയാണ്. ആരോടും പറയാതെ ആരെയും അറിയിക്കാതെ അല്ലങ്കിൽ ഫിലോമിന തോറ്റുപോകും അവളോടുതന്നെ.
തലയിണയുടെ അടിയിൽ നിന്നും ഫിലോമിന നിർവൃതിയോടെ ആ കത്ത് വീണ്ടും പുറത്തെടുത്തു. കോളേജിലെ ഉറ്റ സുഹൃത്തായിരുന്ന ബീനഎഴുതിയ ആ കത്ത് ഇതിനോടകം ഒരു നൂറാവർത്തി വായിച്ചു കഴിഞ്ഞു. എന്നിട്ടും ഫിലോമിന വീണ്ടും ആ കത്തു വായിച്ചു.
“ഫിലോ
അവസാനം നീ സമ്മതിച്ചല്ലോ. എനിക്ക് സന്തോഷമായി.
നിന്റെ ജീവിതം ഇനി പൂത്തു തളിർക്കും. നീയും ഒരമ്മയാകും.
നിന്നെ വേണ്ടാത്ത, നിന്നെ വഞ്ചിച്ച പണത്തിനു വേണ്ടി മാത്രം നിന്നിലേക്കെത്തിയ അയാളോട് നീ ഒന്നും പറയണ്ട.

ഇപ്പോൾ തന്നെ ഒത്തിരി വൈകി. അടുത്ത പീരിയഡ്‌സ് കഴിഞ്ഞ് മൂന്നാലു ദിവസം കഴിയുമ്പോൾ നീ കൊച്ചിയിലേക്ക് വരണം.ബീജ ദാദാവ് ആരെന്ന് അറിയേണ്ടതില്ല. അതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. നിന്നിലെ സ്ത്രീത്വം മരിക്കില്ല. നീ ഒരമ്മയാകും. അതിന് നിന്റെ ഭാരമുള്ള ശരീരം ഒരിക്കലും ഒരു തടസ്സമാകില്ല. നീ പ്രസവം വരെ കൊച്ചിയിൽ എന്റെയൊപ്പം താമസിക്കും. അതിനുശേഷം എന്തുവേണം എന്ന് പിന്നെ തീരുമാനിക്കാം. സന്തോഷമായിരിക്കുക.നീ ഫോൺ ഉപയോഗിക്കാതെ ഇപ്പോഴും ഈ കത്തുകളെ ആശ്രയിക്കുന്നത് കഷ്ടമാണ് കേട്ടോ. നിനക്കെന്റെ വീട് അറിയാമല്ലോ. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഒരു പറുദീസ നിനക്കായി കാത്തിരിക്കുന്നു.
സസ്നേഹം
ഡോക്ടർ ബീന മാത്യു “

ഫിലോമിന ആ കത്ത് തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. അപ്പോൾ ഒരു കുഞ്ഞു മാലാഖ തന്റെ മാറിൽ കിടന്നുകൊണ്ട് അമ്മേ എന്നു വിളിക്കുന്നതായി അവൾക്ക് തോന്നി.
മാതൃത്വത്തിന്റെ സുവർണ്ണ തേജസ്സ് സ്വപ്നം കണ്ട്, പണ്ടെങ്ങോ കേട്ടുമറന്ന ഒരു താരാട്ടു മൂളിക്കൊണ്ട് ഫിലോമിന ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് ഇടവകയിൽ ഒരു മരണ മണി മുഴങ്ങി
ഫിലോമിന ജോർജ്ജ് (47 )ഹൃദയാഘാതം മൂലം രാത്രി അന്തരിച്ചിരുന്നു.
ഒരു താരാട്ട് ബാക്കിയാക്കി
ഒരു സ്വപ്നം ബാക്കിയാക്കി ഫിലോമിന യാത്രയായി.
ഫിലോമിനയെ ഞാൻ അറിയും. ഇപ്പോൾ നിങ്ങളും.

By ivayana