രചന : മോഹൻദാസ് എവർഷൈൻ*
യമുനാ പുളിനങ്ങളെ പുളകിതയാക്കും
ഓടക്കുഴൽ വിളിയെവിടെ?.
അനുരാഗ സൂനങ്ങൾ വിടർന്നൊരാ
വൃന്ദാവനിയുമിന്നെവിടെ?
ആയിരംസ്വപ്നങ്ങൾ വാരിവിതറിയ
ആലിലകണ്ണാ നീയെവിടെ?എവിടെ?.
(യമുനാ..)
അരികത്തണയുവാൻ കേഴുമീ രാധയെ
നീ മറന്നോ കണ്ണാ, നീ മറന്നോ..
കരളിന്റെ കിളിവാതിൽ ചാരാതെ
ഞാനിരിക്കെ
കാർമുകിൽത്തേരേറിയെങ്ങുപോയ്
കണ്ണാ നീയെങ്ങുപോയ്?.
താരാപഥത്തിലൊളിച്ചുവെന്നോ?. നീ മറ്റൊരുതാരമായുദിച്ചുവെന്നോ?.
(യമുനാ…)
വിരഹത്തിൻ തംബുരു മീട്ടുവാനെങ്കിൽ
എന്തിനീ പ്രണയത്തിൻ മുരളീരവം?.
നിൻ കരപരിലാളനമേല്ക്കുവാൻ മോഹിക്കും രാധയല്ലേ ഞാൻ…
നിൻ രാധയല്ലേ?.
(യമുനാ….)