രചന:- മാധവി ടീച്ചർ, ചാത്തനാത്ത്.*

ധനുമാസരാക്കുളിർ പെയ്യും നിലാവിലെൻ
മധുമാസരാക്കിളി പാടുകയായ്
മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരി
തൂകിയെൻ ചാരത്തണയുകയായ് !

വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾ
മണിവീണാതന്ത്രികൾ മീട്ടിടുമ്പോൾ
മധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെ
പ്രിയമാനസൻ പ്രിയമോതുകയായ്..!

മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേ
മനസ്സിൽ നിലാമഴ പെയ്യുകയായ്!
മിഴികളിൽ ദിവ്യാനുരാഗം തെളിയുന്ന
മനമാകെയനുഭൂതി പൂത്ത കാലം!

ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്ത
വെള്ളാമ്പൽപ്പൂ മാല്യം ചൂടിയ നാൾ !
മിഴികളിൽ, ചൊടികളിൽ, ഹൃത്തിൻദളങ്ങളിൽ
ചുംബനപ്പൂച്ചാത്തിത്തന്ന നാളിൽ!

നീളെ വിരിയും നറുപുഷ്പചുംബനം
മധു പകർന്നീടും വസന്തരാവിൽ
ചെമ്മേ മൊഴിഞ്ഞതാം പ്രിയമോലും വാക്കുകൾ
പ്രാണനിൽ കുളിരേകും തേൻമഴയായ്!

പെയ്തിറങ്ങും പരിരംഭണമോടെയെൻ
ഹൃത്തിൽ കുളിർകോരും പോയ കാലം.
ഇന്നുമെൻ ചിന്തകളക്കരെയിക്കരെ
ചാഞ്ചാടിയാടി രസിച്ചിടുമ്പോൾ –

കാവിൽത്തൊഴുതുമടങ്ങുന്ന വേളയിൽ
ഇന്നുമാ കാലൊച്ച കാതോർക്കവേ ..
ഒരുമാത്ര ചുറ്റിലും മിഴി പരതുന്നുവെൻ
ഓർമ്മകൾ നാവോറുപാടിടുന്നൂ..!

ഏറെത്തിരക്കിട്ടിടവഴി താണ്ടവേ
ഓർമ്മകൾ പിൻതുടർന്നെത്തിടുന്നു
ഇന്നും വഴിപിരിയാൻ മടിച്ചീടുന്നു
മാനസവീഥിയിൽ കൂട്ടുകാരൻ ..!

നിർമ്മാല്യദർശനപുണ്യവും നേടിയെൻ
നീർമാതളപ്പൂ ചിരിച്ചിടുന്നു
മധുരപ്പതിനേഴിൻ മാനസമഞ്ചലിൽ
മതിമുഖിയിന്നും മയങ്ങിടുന്നു ..!

ധനുമാസരാക്കുളിർ പെയ്യും നിലാവിലെൻ
മധുമാസരാക്കുയിൽ പാടിടുന്നു ..!
കാലത്തിൻ കയ്യിൽ കളിപ്പാട്ടമായൊരെൻ
കളിവീണ വീണ്ടും ഞാൻ മീട്ടിടുന്നു … !

By ivayana