രചന : ജനാർദ്ദനൻ കേളത്ത്*

പണി എഴുത്തല്ല,
എന്നാലും എഴുതും,
ചിലപ്പോൾ;
കാലം കരഞ്ഞു
തീരാത്ത കടൽ
നീർ ചവർപ്പിൻ്റെ
നാവൂറുകൾ!
നാക്കിൽ വിരൽതൊട്ട്
താളുകൾ മറിച്ച
വായനാ സുഖം
മാസ്ക് ധരിച്ച്
പകച്ചു നിൽക്കെ,
മാസ്ക്കഴിഞ്ഞ മനസ്സിൽ
വിരലുകൾ വരടുന്ന
വേദനകൾ!
ചങ്ങലക്കിട്ട
പട്ടിയുടെ കുര
പൊയ്മയായ
പരിഭ്രാന്തിയൂട്ടി
കള്ളപ്പണത്തിന്
കളവു കാക്കും
കുടിലതകൾ!
അവിഹിതേഛക്ക്
വിധേയത്വം മറുക്കെ
വധശിക്ഷ വിധിക്കുന്ന
തേജോവധങ്ങളെ
വ്യാപാരമാക്കുന്ന
വ്യവസ്ഥിതികൾ!
ദൂഷണങ്ങൾക്കും
പീഡനങ്ങൾക്കും
വാട്സാപ്പിൽ നിറഞ്ഞു കവിയുന്ന ലൈക്കിൻ്റെ
വർഷ പെരുക്കിൽ
നിർവ്രുതിയടയുന്ന
പ്രബുദ്ധതകൾ!
സംസ്കാരങ്ങൾ
സംസ്കരിക്കുന്ന
തീച്ചൂളകളിലെ
കനലാളുന്ന വേവിൽ
ദഹിച്ചടങ്ങാത്ത
ദൈന്യതകൾ !
നീറിപ്പുകയുന്ന
പരിദേവനങ്ങളുടെ .
നാട്ടുവെളിച്ചത്തിൽ
മിന്നാമിനുങ്ങുകൾ
മായ്ച്ചെഴുതുന്ന
ജലരേഖകളായി
ദിക്കറ്റു കിടന്നു…
എഴുത്തിൻ്റെ വഴി!!

By ivayana