രചന : ഷബ്‌നഅബൂബക്കർ*
ക്ഷണികമാം ജീവിത കാലമെന്നാകിലും
നയന മനോഹരീ ചിത്രപതംഗമേ
ക്ഷാമമില്ലാതെ മധുകണം നുകരുവൻ
നിത്യവും നീയെത്ര പൂവിനെ ചുംബിച്ചു.
ക്ഷമയോടെ ആരാമമൊന്നിൽനിന്നോന്നായി
ചന്തത്തിൽ പാറിപറക്കുന്ന നേരത്ത്
ക്ഷീണമാവില്ലേ നിൻ നേർത്ത ചിറകിന്
ചിന്തിച്ചു നോക്കുനീ ചിത്രശലഭമേ.
ചന്തമേറുന്നൊരു ആടയണിഞ്ഞു നീ
ചന്തത്തിൽ പൂവിലിരിക്കുന്ന കാഴ്ച്ചയിൽ
ചന്ദ്രനോ നാണിച്ചൊളിക്കുന്നു മേഘത്തിൽ
ചൊല്ലുന്നു താഴ്മയിൽ ചന്തം നിനക്കെന്ന്.
പൂവിനെ മുത്തി നീ ചിറകുകൾ വീശുമ്പോൾ
പൗർണമി ചന്തം തെളിയുന്നു മിഴികളിൽ
പരിഭവമന്നേരം വിരിയുന്നു ചൊടികളിൽ
പിറക്കാതെ പോയല്ലോ പൂമ്പാറ്റയായി ഞാൻ.