രചന : സ്വപ്നസുധാകർ(സ്വപ്ന. എം. എസ്.)*

നിയാ.. സൂക്ഷിച്ചിറങ്ങണം നല്ല വഴുക്കലുള്ളതാ.. കടവിന്റെ ഓരം ചേർന്ന് നടക്കുമ്പോൾ മാധവ് പറഞ്ഞു. പെരിയാറിന്റെയും കാറ്റിന്റെയും സംസാരം കാതുകളിൽ നന്നായി മുഴങ്ങികേൾക്കാമായിരുന്നു. ഇന്ന് നല്ല ഒഴുക്കുണ്ടെന്നു തോന്നുന്നു. ആ ശബ്ദം കേട്ടില്ലേ..
മാധവ് നിനക്ക് ‘പുഴയുടെ ഹൃദയതാളം ‘അറിയാമെന്നു തോന്നുന്നു.
‘അതെ അറിയാം ‘ ഞാൻ കളിച്ചു തിമിർത്തു നടന്ന പുഴയല്ലേ അപ്പോൾ അറിയാതെയിരിക്കുമോ? ഒരു കാലത്ത് ഈ പുഴ എന്റെ എല്ലാമായിരുന്നു.
പുഴയേപുണർന്ന ആ കാറ്റ് മാധവിനെയും നിയയേയും തഴുകി വട്ടമിട്ടു. നിയാ…. സൂക്ഷിച്ച്..
മാധവേട്ടനെന്താ ഇത്ര പേടി?
നിനക്ക് വെള്ളം കണ്ടാൽ പിന്നെ.. അതുകൊണ്ട് പറഞ്ഞത്. നിയ ചിരിച്ചുകൊണ്ട്… കവിളിൽ ഒരുന്നുള്ളുകൊടുത്തു.വീണ്ടും ആ കാറ്റ് ഇവരെ വട്ടമിട്ടുകൊണ്ടിരുന്നു.
‘മാധവ് നല്ല മുല്ലപ്പൂവിന്റെ മണം.’ അപ്പോഴാണ് മാധവ് ശ്രദ്ധിച്ചത്. മഞ്ഞയിൽ പുള്ളിയുള്ള ചിത്രശലഭത്തെ…
കാറ്റിനോടൊപ്പം ആ ചിത്രശലഭവും വട്ടമിടുന്നുണ്ട്. അവൾ
എന്റെ…. മാധവിന്റെ കണ്ണുകൾ ആ ചിത്രശലഭത്തിനു പിന്നാലെ സഞ്ചരിച്ചു.അറിയാതെ ഉള്ളിൽ ഒരു വിങ്ങൽഅനുഭവപ്പെട്ടു.വർഷൾക്ക് മുൻപ്, എന്റെ എല്ലാമെല്ലാമായിരുന്നവൾ.
‘എന്റെ കാദംബരി ‘
കളിക്കൂട്ടുകാരി.
വീട്ടുകാരുപോലും കളിയാക്കിയിട്ടുണ്ട് എന്തിനും എന്റെ കൂടെ വാലുപോലെ അവളുമുണ്ടാവും.എപ്പോഴോ അവളോട് പ്രണയം തോന്നിയ നിമിഷം ഈ പുഴയുടെ തീരത്തുവെച്ചായിരുന്നു. പിന്നെ.. പിന്നെ വേർപിരിയാനാവാത്ത ബന്ധത്തിലേക്കു വളർന്നെങ്കിലും വിധിയുടെ കാവൽക്കാരൻ, അവളെ… ഇവിടെവെച്ചായിരുന്നില്ലേ.. ‘കശാപ്പ് ചെയ്തത്’ ഈ പുഴയുടെ ഒഴുക്കിന് പോലും അവളുടെ പാദസരത്തിന്റെ ശബ്ദം. അന്നവൾ മഞ്ഞ പട്ടുപാവാടയും പുള്ളിബ്ലൗസും മുല്ലപ്പൂവും ചൂടി പതിവിലും സുന്ദരിയായി അന്ന് എന്റെഎടുത്തിരുന്നു കുറേനേരം സംസാരിച്ചിരുന്നു. അവൾ എനിക്കായ് കൊണ്ടുവന്ന ഒരു സമ്മാനപ്പൊതി അവളുടെ കയ്യിൽ നിന്നു വഴുതി പോയത്… അതെടുക്കാൻ വെള്ളത്തിൽ ഇറങ്ങിയതും,പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്.എന്റെ കൺമുന്നിൽ വെച്ച്…
‘ മാധവ് ‘നിയയുടെ വിളി കേട്ടില്ല ഉറക്കെ വിളിച്ചപ്പോളാണ് മാധവിനു പരിസരബോധം വന്നത്. മാധവ് എന്താ കാണിക്കുന്നത്? ഭയപ്പാടോടെ നിയയുടെ ചോദ്യം കേട്ടപ്പോൾ എവിടെയാണ് നിൽക്കുന്നതെന്നുള്ള ബോധം വന്നത്. അരയോളം വെള്ളത്തിൽ ഞാൻ.. എങ്ങിനെ ഇവിടെവരെ എത്തി? നിയയെ നോക്കിയപ്പോൾ അവൾ കരയിൽ നിന്നു വിളിച്ചുകൂവുന്നുണ്ട്.
എനിക്ക്എന്തോ പേടിയാകുന്നു മാധവ് നമുക്ക് തിരിച്ചുപോകാം. നിയയുടെ പിൻവിളി കേട്ട് ഓർമ്മകൾക്ക് വിരാമമിട്ട് തിരികേ നടക്കുമ്പോഴും ആ ചിത്രശലഭം മാധവിനെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.

By ivayana