തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 71 വയസായിരുന്നു. ദീർഘ കാലമായി അർബുദ ബാധിതനായി അ​ദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 

1950 ഡിസംബര്‍ 12ന് ഇടുക്കിയിലാണ് പിടി തോമസിന്റെ ജനനം. ഉപ്പുതോട് പുതിയപറമ്പില്‍ തോമസും അന്നമ്മയുമാണ് മാതാപിതാക്കൾ. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം. കെ.എസ്.യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് എത്തുന്നത്. 

തന്‍റെ നിലപാടുകളില്‍ ഉറച്ചുനിന്ന സമുന്നത കോണ്‍ഗ്രസ്‌ നേതാവായിരുന്നു  പിടി തോമസ്‌.  അദ്ദേഹത്തിന്‍റെ വേര്‍പാട് കോണ്‍ഗ്രസ്‌ നേതൃനിരയില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അനിഷേധ്യ  സാന്നിധ്യമായിരുന്ന  പിടി തോമസ്    ശരിയ്ക്കുവേണ്ടിയുള്ള തന്‍റെ   പോരാട്ടങ്ങള്‍ക്ക് പ്രശസ്തനായിരുന്നു.  ജീവിതത്തില്‍ പാലിച്ചിരുന്ന ചിട്ടകള്‍ക്കൊപ്പം തന്‍റെ മരണത്തിലും  ചില ചിട്ടയും കാര്യങ്ങളും പാലിക്കണമെന്ന ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

വിശ്വസ്ത സുഹൃത്തും  കോൺ​ഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തിയ  സ്വകാര്യ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.  തന്‍റെ  മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ മ‍ാർ​ഗനി‍ർദേശം  അദ്ദേഹം നല്‍കിയിരുന്നു. വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22ന് ഡിജോ കാപ്പനെ ഫോണിൽ വിളിച്ച പിടി  ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും  കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. 

‘കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം തന്നെ  സംസ്കരിക്കാൻ. കുടുംബാംഗങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും…. എന്ന ​ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. കൂടാതെ, തന്‍റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം’, ഇത്രയും കാര്യങ്ങള്‍ ആ സംഭാഷണത്തില്‍ അദ്ദേഹം  ഡിജോ കാപ്പനെ അറിയിച്ചിരുന്നു.

ഇക്കുറി വെല്ലൂരിലേക്ക് ചികിത്സയ്ക്ക് വേണ്ടി പുറപ്പെടുപ്പോൾ പെട്ടെന്ന് തിരിച്ചെത്താം എന്ന ഉറപ്പ് സുഹൃത്തുകൾക്കും പ്രവർത്തകർക്കും നൽകിയാണ് പിടി യാത്ര പറഞ്ഞത്. എന്നാൽ മടക്കമില്ലാത്ത ഒരു യാത്രയായിരുന്നു അത് എന്ന് വേദനയോടെ ഓര്‍ക്കുകയാണ് അണികള്‍… 

By ivayana