രചന : സുദർശൻ കാർത്തികപ്പറമ്പിൽ*

എത്ര കൊന്നാലു,മൊടുങ്ങില്ല ജൻമങ്ങൾ;
അത്രമാത്രം നാമറിവൂ
കൊല്ലേണ്ടതീ,നമ്മിലുള്ളൊരജ്ഞാനത്തെ –
യല്ലോ മനുഷ്യരെന്നെന്നും
കൊല്ലുകയല്ല ചിലർ,ചിലരെക്കൊണ്ടു –
കൊല്ലിക്കയല്ലി,നിർലജ്ജം !
കൊല്ലുന്നവർക്കെന്തുകിട്ടി പ്രതിഫല –
മെന്നുള്ളതേയുള്ളു ചിന്ത !
കൊല്ലാതിരിക്കുവാനുള്ളോരു മാർഗ്ഗങ്ങ –
ളെല്ലാരുമൊന്നുചേർന്നേവം;
തെല്ലും മടികൂടിടാതെടുത്തീടുകി –
ലെല്ലാം ശരിയാക്കിമാറ്റാം
രാഷ്ട്ര പുരോഗതി മാത്രമായീടണം
തീർത്തുമ,ച്ചിന്തയ്ക്കു പിന്നിൽ
രാഷ്ട്രമില്ലേ,ലെന്തധികാരമോർക്കുകിൽ,
രാഷ്ട്രമാണേതിനും മീതെ
ജാതിമതങ്ങൾക്കുമപ്പുറം മാനവ –
വ്യാധികൾ നീക്കിടാൻ നിത്യം
മേദിനിതന്നിലുണർന്നു സ്നേഹോദാര –
ഗീതികൾ പടുകീനമ്മൾ
ജാതിമതങ്ങളെയൂട്ടി വളർത്തുന്ന –
വേതാള രാഷ്ടീയവർഗ്ഗം
എന്തറിഞ്ഞീടുന്നു ജീവിതത്തിൻ പൊരുൾ
സന്തതമീ മന്നിലൽപ്പം?
ഈ ലോക ഗോളത്തിലൊന്നായി നിന്നുഹാ!
ചേലൊത്ത സ്വപ്നശതങ്ങൾ,
കാണുകനാരതമുള്ളിരുൾ നീക്കിനാം,
പ്രാണന്റെ സാരങ്ങൾതേടി.

By ivayana