രചന : മോഹനൻ പി സി പയ്യപ്പിള്ളി*
എങ്കിൽ,
കൈരളിയുടെ പടവുകൾ
തിരക്കിനിടയിലും എനിക്ക്
ഒരിടമൊഴിച്ചിടുമായിരുന്നു.
ഇരുന്നാലും ഇരിപ്പുറയ്ക്കാതെ
മുറ്റത്തെ ആഘോഷങ്ങളിലേക്ക്,
അസ്വസ്ഥതകളിലേക്ക്,
പ്രതിഷേധങ്ങളിലേക്ക്
സ്വയമറിയാതെ
ഇഴുകിയിറങ്ങുമായിരുന്നു.
ബോധാബോധങ്ങളുടെ
കുഴമറിച്ചിലിൽ
സന്തോഷിനെ ഷീനയെ ഗോപിയെ വിനിതയെ
അനൂപിനെ ചന്ദ്രനെ അശോകനെ
നിഴലിനെ നിലാവിനെ
അജ്ഞാത ഗായകരുടെ ശിഥില സംഗീതങ്ങളെ
പിഴയ്ക്കുന്ന താളങ്ങളെ വഴുക്കുന്ന പാദങ്ങളെ,
ഹൃദയത്തിന്റെ മിടിപ്പുകളായി
ശ്വാസത്തിന്റെ തുടിപ്പുകളായി,
അറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും,
ദിനരാത്രങ്ങളും ഞാനും
ഒന്നിച്ചാവാഹിക്കുമായിരുന്നു.
ഞാനവിടെയുണ്ടായിരുന്നെങ്കിൽ,
ടാഗോർ തിയേറ്ററിലേക്കുള്ള ചരിഞ്ഞ പാതകൾ
ഇതാ ഇവിടെ ഇതാ ഇവിടെ
എന്നെന്നെ വിളിച്ചു കൊണ്ടേ ഇരുന്നേനെ.
നിന്നുതിരിയാൻ ഇടമില്ലാത്തിടത്ത്
ഒന്നിച്ചൊരുപാട് കൂട്ടായ്മകളുടെ
മിന്നലിൽ കണ്ണഞ്ചി
തെന്നിത്തെന്നിയവിടെയെത്തി ഇവിടെയെത്തി
അത് കണ്ട്, ഇതു കേട്ട്
ഞാനൊരപ്പൂപ്പൻ താടിയായേനെ.
എന്നോ പണ്ടൊരിക്കൽ
ഫിലിം സൊസൈറ്റികളുടെ
അരണ്ട ലഹരിയിൽ
അടിഞ്ഞു പോയവൻ ഞാൻ.
സമാന്തരമെന്നു തോന്നിയ ഒരു ധാരയിൽ
വ്യാമുഗ്ദനായവൻ.
എന്തൊക്കെയോ പ്രതീക്ഷിച്ച്,
സ്ക്രീനിൽ നോക്കി ഇന്നും
നിർന്നിമേഷനായിരിക്കുന്നവൻ.
ഇതല്ല ഇതല്ല എന്ന് ആവർത്തിച്ചാവർത്തിച്ച് തോന്നിയാലും
പ്രതീക്ഷ കൈവിടാനാവാത്തവൻ.
ഞാനവിടെയുണ്ടായിരുന്നെങ്കിൽ,
പതയുന്ന ബിയർക്കുപ്പികളുടെ സീൽക്കാരങ്ങൾ
ഇന്റർനാഷണൽചിത്ര മഹത്വങ്ങളുടെ
പോസ്റ്റുമോർട്ടരംഗത്തിന്
പശ്ചാത്തല സംഗീതമൊരുക്കിയേനെ.
ലൂയിസ് പീറ്ററിന്റെ കവിതയും
പ്രസന്നന്റെ നിശിത നിരിക്ഷണങ്ങളും
രേഖാരാജിന്റെ തീഷ്ണപ്രതികരണങ്ങളും
എന്നെ മറ്റൊരു ഞാനാക്കിയേനെ.
അവിടന്നിറങ്ങി തിയേറ്ററിലെ സ്ക്രീനിൽ
മറ്റൊരു ഡൈമെൻഷനിൽ ചിത്രങ്ങൾ കണ്ട്
കുഷൻ സീറ്റുകളിൽ നിന്നും
പൊങ്ങിപ്പൊങ്ങിപ്പോയേനെ !
എല്ലാം കഴിഞ്ഞ്,
വിജനമായ തമ്പാനൂർ വീഥികളിലൂടെ,
പ്രീഡിഗ്രിക്കാലത്തെ സെക്കന്റ് ഷോകളേയും
ഡിഗ്രിക്കാലത്തെ അലക്ഷ്യാലയലിനേയും
ഉദ്യോഗപർവ്വത്തിലെ പ്രകോപനപ്പോസ്റ്ററൊട്ടിപ്പുകളേയും,
ഓർത്തും ഓർമ്മിപ്പിച്ചും
ആ തെരുവിൽ,
തെരുവിനോട് മിണ്ടിയും പറഞ്ഞും….
…… അല്ലെങ്കിൽ,
ഞാനെവിടെയായാലെന്ത്,
ഈ ഫെസ്റ്റിവൽ സീസണിൽ
ഞാനവിടെയുണ്ടാവും.
എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട്.
ആരൊക്കെയോ പിണങ്ങിപ്പിരിയുന്നുണ്ട്..
കച്ചവടം കലയെ അപ്രസക്തമാക്കുന്നുണ്ട്.
അധികാരം ആസ്വാദനത്തെ
വികലമാക്കുന്നുണ്ട്.
എല്ലാം യാന്ത്രികമാകുന്നുണ്ട്.
പക്ഷേ,
നാം ജീവിക്കുന്നുണ്ട്.
നാം ശ്വസിക്കുന്നുണ്ട്.
അതിജീവിക്കാനാകും;ആകണം.
ചിലതുണ്ട്;
വിട്ടുകൊടുക്കാനാവാത്തത്.
നഷ്ടപ്പെടുത്താൻ കഴിയാത്തത്.
പോയാൽ തിരിച്ചു കിട്ടാത്തത്.
അടുത്ത തലമുറക്ക് കൈമാറേണ്ടത്.
ഞാനവിടെ ഇല്ലെങ്കിലെന്ത് ,
എനിക്ക് വിശ്വാസമുണ്ട്.
അതിജീവിക്കും.
നാം എല്ലാത്തിനേയും അതിജീവിക്കും.
അതിജീവിക്കും.
.