രചന : അശോകൻ.സി.ജി.*
രണഭേരിമുഴക്കങ്ങൾ അസ്തമിച്ചു..,
സമരപന്തൽ കാലിയായി..
വിജയാഹ്ലാദത്തെരുവുകൾ ശൂന്യമായി.. ,
നഷ്ടപ്പെട്ടവർക്കത്
തിരിച്ചുകിട്ടിയതിന്റെയാഹ്ലാദം
നേടിക്കൊടുത്തതിന്റെ
ആവേശയുന്മാദത്തിൽ മാധ്യമപ്പടകളും ..,
പ്രതിപക്ഷങ്ങളും കൂടെ നിന്നവരും..
(ഇന്ധനവില വർദ്ധന …
മതസ്പർദ്ധകൾ, ബാലപീഡനങ്ങൾ, വിലക്കയറ്റം ,
സ്ത്രീധന മരണവാർത്തകളൊക്കെ തമസ്കരിക്കപ്പെട്ട ദിനങ്ങൾ ….)
ശൂന്യമായ ബാലതൊട്ടിലിൽ
മിഴികളൂന്നി..,
ബേബിബോട്ടിലിൽ
പാൽ നിറച്ച്,
പതിവു കളിചിരി കാഴ്ചളോർമ്മയിൽ
ചികഞ്ഞുകൊണ്ട്..,
ഹൃദയനോവുകളൊതുക്കി ഒരമ്മ കാത്തിരുപ്പുണ്ട്…
എകാന്ത ജീവിതത്തോണിയിലേറി
വർഷങ്ങളേറെ തുഴഞ്ഞു നീന്തിയവൾ ..,
തുണയേകാനൊരു
കുഞ്ഞുകരുത്തു കൂടെ വേണമെന്ന് മോഹമുദിച്ചനാൾ….
അന്വേഷണങ്ങൾക്കൊടുവിലൊരു
കുരുന്നിനെ ദത്തായി ലഭിച്ചു….
അമ്മതൻ മടിയിലൂർന്ന് വീണൊരു മാലാഖപൈതൽ.
അമ്മമനതാരിൽ.,
മെനെഞ്ഞെടുത്ത സ്വപ്നങ്ങളിൽ
വർണ്ണഗോപുരമാകെ നിറവസന്തം ചാർത്തി..,
ഉല്ലാസപൊയ്കകളിൽ
രാപകലുകളില്ലാതെ
തെളിമയാർന്ന ദിനങ്ങൾ…
ഉണ്ണിതൻ ബാല്യകൗമാരങ്ങൾക്കായി
മനോശിഖരങ്ങളിൽ സ്വപ്നക്കൂടൊരുക്കിവച്ച്
കാത്ത് നിന്നൊരച്ഛനും.
പേറ്റുനോവിന്റെ വേദന പേറുന്നവൾ
പറയുന്നതിലെ വാദങ്ങൾ ശരിയാകാം..
ഡി എൻ എ യുടെ വെളിപ്പെടുത്തലും
നിയമങ്ങളും ന്യായക്കോടതിയും
മാധ്യമങ്ങളും പൊതുസമൂഹവും പെറ്റമ്മയെ തുണച്ചപ്പോൾ
പോറ്റമ്മയുടെ തൊട്ടിലൊഴിഞ്ഞു…
മകനായി അമ്മയൊരുക്കിയ
സ്വപ്നക്കൂടുകളൊക്കെയും..
അശാന്തിയുടെ കൊള്ളിയാൻ മിന്നലിൽ
ധൂളിയായി തീർന്നല്ലോ?
ആരേറ്റെടുക്കുമീനോവിന്റെ കനവുകൾ…?
ആരേറ്റെടുക്കുമീ കനൽവഴി താണ്ടി ജീവിതവീഥിയിലൂടെ
പൂർത്തികാതെയലയുന്ന വയോജന സ്വപ്നങ്ങൾ..?