രചന : യൂസഫ് ഇരിങ്ങൽ*

ഏതോ കരയിൽ
എവിടെയോ പ്രിയമായൊരാൾ
ഒരു പാട് കഥകൾ പറയാൻ
കാത്തിരിക്കുന്നുണ്ടാവും
അല്ലാതെന്തിനാണ്
നിറഞ്ഞു തുളുമ്പിയൊരു
പുഴ ചിരിച്ചു കുഴഞ്ഞു
പാഞ്ഞൊഴുകുന്നത്
എത്ര വട്ടം
തിരസ്കരിക്കപ്പെട്ടാലും
പൂക്കൾ ഒരു മൃദു ചുംബനം
കൊതിക്കുന്നുണ്ടാവും
അല്ലെങ്കിലെന്തിനാണ്
ശലഭങ്ങൾ വിട്ടുമാറാതിങ്ങനെ
പാറിപ്പറന്നടുക്കുന്നത്
കൈവിട്ടകന്നു പോയ
സ്വപ്നങ്ങളെ
കണ്ടെടുക്കാൻ
നക്ഷത്രങ്ങൾ
കൊതിക്കുന്നുണ്ടാവും
അല്ലാതെന്തിനാണ്
മനം നിറയെ പുഞ്ചിരിച്ചു
നിലാവിങ്ങനെ
ചേർന്ന് നിൽക്കുന്നത്
എത്ര പൊള്ളിച്ചാലും
നനവാർന്നൊരു
തലോടൽ ഓരോ വേനലും
കൊതിക്കുന്നുണ്ടാവും
അല്ലെങ്കിലെന്തിനാണ്
മൂളി മൂളിയൊരു
ചാറ്റൽ മഴ
പൊടുന്നനെ പെയ്തിറങ്ങുന്നത്
തളിർക്കുന്നില്ലെങ്കിലും
ഇലകൾ പൊഴിഞ്ഞെങ്കിലും
പൂമരങ്ങൾ എന്നും
പ്രിയപ്പെട്ടതാവും
അല്ലെങ്കിലെന്തിനാണ്
കൂട്ടം തെറ്റിയൊരു
ഒറ്റക്കിളി
ഉണങ്ങിക്കരിഞ്ഞൊരുകൊമ്പിൽ
തനിയെ ഇരിക്കുന്നത്
എത്രയെത്ര സ്വപ്ന സന്ദേഹങ്ങളുടെ
നീഹാരമറകൾക്കപ്പുറമാണ്
ഓരോ പുലരിയും
മിഴി നട്ടിരിക്കുന്നത്.

By ivayana