ചെറിയ മോഹങ്ങൾ മാത്രമേ എനിക്കുള്ളൂ. സന്തോഷംവന്നാലും ,സങ്കടംതോന്നിയാലും. കടൽകണ്ടാൽ, വിശാലമായ ആഴിപ്പരപ്പിലേക്ക് നോക്കി കുറേനേരമിരുന്നാൽ മനസ്സും സ്വസ്ഥമാവും. ക്ഷോഭിച്ച കടൽ കാണുവാൻ ഈയിടെ ശംഖുമുഖത്തുപോയി. അപ്പോൾ മനസ്സിൽത്തോന്നിയ വരികളാണിത്.

വീണ്ടുമൊരു വട്ടംകൂടെനിൻ ചാരത്ത്,
ഓടിവന്നങ്ങണഞ്ഞീടുന്നു ഞാൻ.
അരുതേയെന്നോതിടും വീചികളെന്നുടെ,
ചുറ്റിലുമൊന്നാകെയലയടിക്കേ..

നിൻഭാവമാറ്റങ്ങൾ കണ്ടെന്‍റെ മാനസം,
ചകിതമായങ്ങു ത്രസിച്ചിടുന്നു.
തച്ചുടയ്ക്കാനായി വെമ്പിയാര്‍ത്തീടുന്ന,
കൊടുമുടിപോലുള്ള തിരമാലകള്‍!

ഗാഢമാമാലിംഗനത്താൽ ധരയെയും,
തന്നിലാവാഹിക്കും നിന്‍ശൗര്യത്തെ,
പേരെന്തുചൊല്ലി വിളിച്ചിടും ഞാൻ?
സ്വപ്നങ്ങളെല്ലാമന്യമായ് തീര്‍ന്നൊരു
പെണ്ണിന്‍റെ ഭ്രാന്തമാം ഭാവങ്ങളോ?

നിൻനോവുകള്‍ത്തന്നാഴങ്ങളിലെ,
‘മലരി’കളെന്നിലുമുയര്‍ന്നിടുന്നു.
ഒന്നുമേ ചൊല്ലുവാനാവാതെ നിന്നെയും,
നോക്കി,യെന്നന്തരംഗവും കേഴുന്നിതാ..

ഒഴുകുമെന്നശ്രുവിന്‍ ധാരകള്‍ തീരത്ത്,
ചിന്നിച്ചിതറിയലിഞ്ഞീടുന്നു.
തിരിച്ചറിവെല്ലാമേ തിരിച്ചടിയാകവേ,
നമ്മിലെ നാമു,മുണർന്നിടുന്നു..

വെറും ജലരേഖകള്‍ പോലുള്ള ജല്പന-
ച്ചുഴികളിലിടറി വീണിടല്ലേ…
ആഴക്കടലിന്‍റെ,യാഴത്തിലാഴ്ത്തിടാം,
അപ്രിയസത്യങ്ങള്‍ത്തന്നുടെ ശേഷിപ്പുകൾ ..

കണ്ണന്റെ രാധയായല്ല നീ കേവലം,
പെണ്ണായി ഭൂവിലവതരിച്ചോള്‍.
എന്തെന്തുംനേരിടും സൂര്യതേജസ്സാകു-
മഗ്നിയായെരിയുന്ന നേരിന്‍ പൊരുൾ!

തുളസിക്കതിരിൻ വിശുദ്ധിയാലും,
തുമ്പപ്പൂനൈർമല്യവദനത്താലും,
ശാന്തമാവൂ കരുണാസാഗരമേ,
നിന്നന്തർക്ഷോഭങ്ങളടങ്ങിടട്ടേ!

Shyla Nelson

By ivayana