രചന : രാഗേഷ് ചേറ്റുവ*
ആൾക്കൂട്ടത്തിന്റെ മനസ്സ് പഴുത്ത ഇരുമ്പ് പോലെ, എങ്ങനെ അടിക്കുന്നോ അങ്ങനെ രൂപം മാറുന്നു.
ഒന്നാം ദിനം.
വിലകൂടിയ ഏതോ മയക്കുമരുന്നിന്റെ
ലഹരി പേറുന്നവൾ എന്നോ,
ഇരുണ്ട ഭൂതകാല ഗുഹകളിൽ
ദിക്കുഴറി അലയുന്നവളെന്നോ
ഇളകിയാടുന്നയെന്നെയവർ വിലയിരുത്തിയിരിക്കാം.!
രണ്ടാം ദിനം.
ഇന്നലെ ഭൂഗർഭത്തിലേക്കാഴുന്ന വേരെന്നപോലെ
പരശതം കാൽവിരലുകൾ മണ്ണിലുറപ്പിച്ചു
പലവർണ്ണ മനുഷ്യർ തിങ്ങിയ മനുജാതിക്കാടായി ഇളകാതെ നിന്നവർ
ഇന്നെന്റെ ഇളക്കത്തെ നൃത്തമെന്നാണ് വിളിച്ചത്.
മൂന്നാം ദിനം.
ഞാൻ കൊടുങ്കാറ്റെന്ന പോലെ,
ഞാൻ പാവക്കൂത്തുകാരിയെന്ന പോലെ,
അവർ എന്റെ ചുവടുകൾക്കൊത്ത്,
എന്റെ ഇളക്കങ്ങൾക്കൊത്തു ആടുന്ന
തെങ്ങിൻകൂട്ടങ്ങൾ പോലെ,
ജീവനില്ലാത്ത,ചിന്തകളില്ലാത്ത
ബൊമ്മകൾ പോലെ..
നാലാം ദിനം.
ഞാൻ മണ്ണിൽ നിറച്ചു വച്ച ലഹരി,
കാൽവിരലുകളിലൂടെ ദേഹമടിമുടി നിറച്ചവർ
വിറയലോടെ എനിക്കുള്ള കാത്തിരിപ്പിൽ.
ഞാൻ അവരിലേക്ക് കുറുവടികളും മുനകൂർത്ത
കുന്തങ്ങളും നീട്ടുന്നു,
പരസ്പരം നോവിച്ചും സ്വയം നൊന്തും
അവർ ഉന്മാദനൃത്തം തുടരുന്നു.
അഞ്ചാം ദിനം.
ഞാൻ അവരിലേക്ക് നീട്ടുന്നതെന്തെന്ന് അവർ അറിയുന്നില്ല.
ആറാം ദിനം.
ശവഗന്ധം പേറുന്ന,
രക്തമുണങ്ങിക്കിടക്കുന്ന തെരുവിൽ നിന്നും
ഞാൻ അടുത്ത ഫ്ലാഷ് മോബിനുള്ള ചുവടുകൾ
പരിശീലിക്കുന്നു.
അടുത്ത തെരുവിലേക്കുള്ള യാത്ര തുടങ്ങുന്നു.