രചന : സണ്ണി കല്ലൂർ*

ഡിസംബർ 24…. രാവിലെ കണ്ണു തിരുമ്മി എഴുന്നേറ്റു. പായ ചുരുട്ടി വച്ചു. ഭിത്തിയിൽ ഇളം വെയിൽ, നേരിയ കുളിര്.
പ്രഭാതകൃത്യങ്ങൾ, കാപ്പികുടി കഴിഞ്ഞു. കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കണം. ഇഞ്ചി പച്ചമുളക് ഇറച്ചി വലിയ ലിസ്റ്റ്.

വഴിയിൽ പരിചയക്കാരും കൂട്ടുകാരും.. നല്ല തിരക്ക്. എല്ലാവരും രാവിലെ പണിതുടങ്ങി കഴിഞ്ഞു. പെരുന്നാൾ..
നക്ഷത്രം, കുടം, സന്ധ്യയാവുമ്പോൾ വിളക്ക് വച്ച് തൂക്കണം . ചിലർ തട്ടിൻമുകളിൽ നിന്നും പഴയ നക്ഷത്രം എടുത്തു കൊണ്ടുവന്ന് പുതിയ കടലാസ് ഒട്ടിക്കുന്നു. കറൻറ് കണക്ഷൻ ഉള്ളവർ നക്ഷത്രം തൂക്കി കഴിഞ്ഞു.

ഉച്ചയാകുന്നതോടെ കൂട്ടുകാർ ഒത്തുകൂടുന്നു. ക്രിസ്തുമസ്സ് ട്രീ ഉണ്ടാക്കുവാനുള്ള പരിപാടിയാണ്. അരണമരത്തിൻറ കൊമ്പ്, അല്ലെങ്കിൽ ഇലയോടുകൂടിയ കരിങ്ങാലിതുമ്പ്, മുറ്റത്ത് കുഴികുത്തി ഉറപ്പിച്ച്, വർണ്ണകടലാസ്, തങ്കകടലാസിൽ പൊതിഞ്ഞ പുന്നക്കാ. സിഗററ്റ് പാക്കറ്റ് രണ്ടായി മുറിച്ച് ചുവന്ന കടലാസ് ഒട്ടിച്ചത്, കാറ്റ് വരുമ്പോൾ കറങ്ങുന്ന ക്രേപ്പ് പേപ്പർ കൊണ്ടുള്ള അലങ്കാരങ്ങൾ..
വഴിയിലൂടെ പോകുന്നവർ നോക്കുന്നു. അയൽവക്കത്തുകാർ നക്ഷത്രം മാവിൻ കൊമ്പിൽ കയർ വഴി കയറ്റുന്നു.
ഇതിനിടക്ക് ഒരു കുപ്പി സംഘടിപ്പിക്കുവാൻ മാർഗ്ഗമുണ്ടോ എന്ന് കൂട്ടുകാരിൽ ചിലർ ഗാഢമായി ആലോചിക്കുന്നു.

വിശപ്പും ദാഹവും ഇല്ല. വെള്ളേപ്പത്തിൻറ മണം എവിടെ നിന്നോ വരുന്നു.
സന്ധ്യയാവുമ്പോൾ കരോളിന് പോകണം. കൂട്ടത്തിൽ പാട്ടുകാരും, മൺകുടം തബലയാക്കി അടിക്കുന്നവരും പപ്പാഞ്ഞിയാവാൻ പറ്റിയ തടിയൻമാരും ഉണ്ട്. ആറ് മണിക്ക് ഒത്തുകൂടാമെന്ന് പറഞ്ഞിരിക്കുകയാണ്.

ക്രിസ്തുമസ്സ് ഗാനങ്ങൾ എഴുതി നാലുപേജിൽ അച്ചടിച്ച് വിൽക്കുവാൻ കൊണ്ടുനടക്കുന്ന അനുഗ്രഹീത കവികൾ എൻറ സമപ്രായക്കാർ, സ്നേഹിതൻമാർ, ഇന്ന് ആരൊക്കെ ഉണ്ടെന്നു പോലും അറിയില്ല.
പാട്ടുപാടാൻ തുടങ്ങിയാൽ അവസാനം കാശൊന്നും വേണ്ട എന്നു കൂടി പറഞ്ഞ് അടുത്ത വീട്ടിലേക്ക് നടക്കുമ്പോൾ പിന്നിൽ ചുറ്റി പറ്റി നിന്ന് വീട്ടുകാരോട് കാശ് വാങ്ങിക്കുന്ന വിദ്വാൻമാർ….

ഇരുട്ടായാൽ പാട്ടുകാരുടെ വരവായി ….. ബാൻറ്സെറ്റുമായി കരോളിന് ഇറങ്ങുന്ന ക്ലബ്കാർ. ദൂരെ നിന്നുള്ള പിള്ളേരുടെ സംഘം.
ഇതിനിടക്ക് വോളിബോൾ കളിക്കാൻ പന്തു വാങ്ങിക്കാനുള്ള ധനശേഖരണത്തിനിറങ്ങിയ കുട്ടികളുടെ കൂട്ടം.

ഇടവഴിയിൽ രണ്ടു കൈയ്യിലും അടക്കാമരത്തിൻറ ഉണങ്ങിയ ഓല… തണുങ്ങു കുലുക്കികൊണ്ട് കുട്ടികളുടെ മുന്നിലേക്ക് ചാടിവീഴുന്ന കസൃതികൾ. പേടിച്ച് കൈയ്യിലുള്ള നക്ഷത്രകുടവും താഴെയിട്ട് ആദ്യം കരയുമെങ്കിലും കൈയ്യിൽ കിട്ടിയ കല്ലും വെള്ളക്കയുമായി തിരിഞ്ഞ് ആക്രമണം തുടങ്ങുമ്പോഴേക്കും തണുങ്ങുകാരൻ ജീവനുമായി ഓടി രക്ഷപെട്ടുകാണും.
ഒരു വീട്ടിൽ പാട്ടുപാടി കഴിഞ്ഞാൽ ഇനി നമുക്ക് ഇവൻറ വീട്ടിൽ പോയി പാടണം എന്നും പറഞ്ഞ് ഒരു കിലോമീറ്റർ ദൂരം നടക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പോകുന്ന വഴിക്ക് മക്കളെ ഇവിടെ ഒന്ന് പാടിയിട്ട് പോ…. എന്ന് ആരെങ്കിലും വിളിച്ചാൽ ചേടത്തി ഞങ്ങൾ അത്യാവശ്യമായി ഒരു സ്ഥലത്ത് പോകേണ്. തിരിച്ചു വരുമ്പോൾ രണ്ട് പാട്ട് പാടാം എന്നും പറയാൻ മടിയില്ലാത്ത കൂട്ടുകാരൻ.
വഴിയിൽ വേലിക്കകത്ത് വളർന്നു വരുന്ന കപ്പ മൂത്തിട്ടുണ്ടോ എന്ന് ഒരു മൂട് പറിച്ചു നോക്കാനും, തൊണ്ടു പൊളിച്ച് തിന്ന് ലേശം കയിപ്പ് ഉണ്ടെങ്കിൽ പിറ്റേ ദിവസം ഉടമസ്ഥനെ വിവരം അറിയിക്കാനും നല്ല കിഴങ്ങാണെങ്കിൽ അടിപൊളിയാണെന്ന് പറയാനും ആളെ ഏർപ്പാട് ചെയ്യും…
രാത്രി മുഴുവൻ അലഞ്ഞ് തിരിഞ്ഞ് സമയം പോകുന്നതറിയില്ല.

വീട്ടിൽ പുതിയ കുട്ടയിൽ വെള്ളേപ്പവും നല്ല രുചിയുള്ള ഇഷ്ടുവും തയ്യാറായി ഇരുപ്പുണ്ടെങ്കിലും പാതിര കുർബാനയ്ക്ക് പോകാൻ സമയമാവുമ്പോൾ പൊരിഞ്ഞ വിശപ്പായിരിക്കും.
ക്രിസ്തുമസ്സ് ആശംസകൾ…..

ചിത്രം.. ബെന്നി കല്ലൂർ

By ivayana