രചന : ജ്യോതി പ്രഭാകരൻ✍️

ആദ്യമായകത്തേക്കെടുത്ത
ശ്വാസത്തിലും
ഉപ്പാംശമുണ്ടായിരുന്നിരിക്കാം

പിന്നെയെപ്പോഴൂമെടുക്കുന്ന
ശ്വാസവും ജീവന്
ഉപ്പായി മാറിയിരിക്കാം

അരുണാംശുവന്നകതാരിലാ-
യേറി ഊർജ്ജമാം വിത്തൂ വിതച്ചിരിക്കാം

പിന്നെയെപ്പോഴൊ നിനവിന്റെ
ഒട്ടകം സൂചിക്കുഴകൾ
കടന്നിരിക്കാം

അനുവാദമില്ലാതെ
ഓടിയകലുന്ന കാലമാം
അശ്വം കിതപ്പറിഞ്ഞീലാ

പറയാതെ വന്നങ്ങു പെറ്റു
കൂട്ടീടുന്ന വിഘടന വാദികളാം
പകയുള്ള കോശങ്ങൾ

അരുതായ്മ കാട്ടുന്ന നോവിൻ
കടന്നലുകളകമേ വ്രണങ്ങളിൽ കുത്തീയകന്നൂ

പിന്നെയെപ്പോഴും ജീവൻ
തുലാസിലായ് ശരിയൊട്ടുമി-
ല്ലാത്ത തുലനങ്ങളായി

അവസാന നടനത്തിലൊരു
മാത്രയപ്പോൾ അരമണി
നാദമറിയാതെ പോയി

പച്ച വാഴയിലതെക്കോറം
തലയായി ഭാരം ചുമക്കാൻ
കിടപ്പിലായീ

ഉപ്പുറയാത്ത തൊലിപ്പുറത്താ-
യിന്ന് കച്ചാപുതപ്പിച്ചു കാലം
മറഞ്ഞൂ.

By ivayana