രചന : അബ്‌ദുള്ള മേലേതിൽ ✍️
കുഞ്ഞി പാത്തുവും നബീസുവും
കൂടി സ്കൂളിലേക്ക് പോകുമ്പോഴാണ്
ഒരാൾ കുഞ്ഞി പത്തുവിന്റെ മുന്നിലേക്ക്
വട്ടം ചാടിയത്…
നബീസുവിനോട് പോകാൻ ആംഗ്യം കാട്ടി അയാൾ കുഞ്ഞി പാത്തുവിന്റെ മുന്നിൽ
പോകാൻ അനുവദിക്കാതെ നിന്നു അഞ്ചാം ക്ലാസിലെ പാഠ പുസ്തകങ്ങളും
നെഞ്ചിലേക്ക് അമർത്തി പിടിച്ചു കുഞ്ഞി
പാത്തു അയാളെ നോക്കി നിന്നു..
നബീസു കുറച്ചകലെ മാറി രണ്ട്
പേരെയും നോക്കി നിന്നു..
ഇജ്ജി എത്രയിലാ പഠിക്കുന്നത്
തടുത്ത് നിർത്തിയ ആൾ
കുഞ്ഞി പത്തുവിനോട് ചോദിച്ചു..
അഞ്ചാം ക്ലാസിൽ കുഞ്ഞി പാത്തു
മറുപടി പറഞ്ഞു..
അയാൾ കുഞ്ഞി പാത്തുവിനോട്
അങ്ങോട്ട് നോക്ക് എന്നും പറഞ്ഞു
പുറകിലേക്ക് വിരൽ ചൂണ്ടി..
എങ്ങോട്ട് കുഞ്ഞി പാത്തു ചോദിച്ചു..
അങ്ങോട്ട് അയാൾ വീണ്ടും കുഞ്ഞി പാത്തുവിന്റെ പിറകിലേക്ക് വിരൽ ചൂണ്ടി
പറഞ്ഞു…
കുഞ്ഞി പാത്തു വിരൽ ചൂണ്ടിയ
ഇടത്തേക്ക് നോക്കിയപ്പോൾ
വേലിക്ക് അപ്പുറത്ത് ഒരാൾ നിന്നിരുന്നു
അവൾക്കൊന്നും മനസ്സിലായില്ല..
ഇനി പൊയ്ക്കോ…
തടുത്ത് നിർത്തിയ ആൾ അവളെ
പോകാൻ അനുവദിച്ചു..
അവൾ സന്തോഷത്തോടെ കൂട്ടുകാരിയുടെ
അടുത്തേക്ക് ഓടി..
പിറ്റേന്ന് കുഞ്ഞി പാത്തു
സ്കൂളിലേക്ക് പോകാൻ നിൽക്കുമ്പോൾ
വാപ്പ പറഞ്ഞു ഇജ്ജി ഇനി സ്കൂളിലേക്ക്
പോകേണ്ട മതി പഠിച്ചത്..
ഇന്നലെ കണ്ട ആളുമായി
നിന്റെ നിക്കാഹാണ്..
അവർക്കൊന്നും മനസ്സിലായില്ല
വേലിക്ക് അപ്പുറത്തുള്ള താടിയും
മീശയും വെച്ച ആളെ പോലെ തന്നെയായിരുന്നു എന്താണ് നിക്കാഹ്
എന്ന അവ്യക്തതയും..
നബീസു ഓടിച്ചാടി തന്നെ വിളിക്കാൻ
വരുന്നത് കുഞ്ഞി പാത്തു കണ്ടു..
നബീസുവിനെ ഉപ്പ എന്തോ പറഞ്ഞു
മടക്കി അയക്കുന്നതും നബീസു പിറകിലേക്ക്
നോക്കി കൊണ്ട് തിരിച്ചു പോകുന്നതും
കുഞ്ഞി പാത്തു കണ്ടു..
കുറച്ചു ദിവസങ്ങൾ കൂടി
നബീസു വന്നു പിന്നെ നബീസുവിനെ കണ്ടില്ല
പകരം മറ്റൊരാൾ വന്നു വേലിക്ക്
അപ്പുറത്ത് കണ്ടയാൾ..
പള്ളിക്കൽ വെച്ച് നിക്കാഹ്
കഴിഞ്ഞേത്രേ നാട്ടാരെ വിളിച്ചു
ചോറ് കൊടുത്തപ്പോൾ കല്യാണവും
കഴിഞ്ഞു..
കുഞ്ഞി പാത്തുവിന് ഒക്കെ
ഓരോ രസമായി തോന്നി..
നബീസു വന്നിരുന്നില്ല അവൾ അറിഞ്ഞിട്ടുണ്ടാകില്ല
നബീസു കൊണ്ട് വരുന്ന
ഉപ്പും മുളകും ചേർത്ത കണ്ണി മാങ്ങ
കുഞ്ഞി പാത്തുവിന്റെ നാവിൽ വെള്ളം
ഊറിച്ചു..
സാരമില്ല രണ്ട് ദിവസം കൂടി കഴിഞ്ഞാൽ
ഈ ആളും ബഹളവും ഒക്കെ കഴിയും
ഞങ്ങൾക്ക് വീണ്ടും സ്കൂളിലേക്ക് പോകാം..
കുഞ്ഞി പാത്തു അങ്ങനെ കിനാവ്
കണ്ട് നിൽക്കുമ്പോഴാണ് പുറകിൽ ഒരാൾ വന്ന് നിൽക്കുന്നത് കണ്ടത് കുഞ്ഞി പാത്തു ഞെട്ടി
പിറകോട്ട് മാറി..
അയാൾ അവളെ കടന്ന് പിടിച്ചു
കുഞ്ഞി പാത്തുവിന്റെ ശ്വാസം വിലങ്ങി
ആരോ വാതിൽ ചേർത്തടച്ചു..
അവൾ ഉമ്മയെയും ഉപ്പയെയും
നബീസുവിനെയും എല്ലാം മാറി മാറി വിളിച്ചു
അപ്പോഴേക്കും അയാൾ അവളുടെ വായ
പൊത്തി കുഞ്ഞി പാത്തുവിന്റെ ബോധം
പോയി അയാൾ എന്തൊക്കെയോ
കുഞ്ഞി പാത്തുവിനെ ചെയ്ത്
തീർത്തിരുന്നു അപ്പോഴേക്കും..
നബീസുവോ കണ്ണി മാങ്ങയോ
പിന്നീട് ആ വഴി വന്നിട്ടില്ല..
കൃത്യം പതിനൊന്നാം വയസ്സിൽ
കുഞ്ഞിപാത്തു പ്രസവിച്ചു…
കുറച്ചു വർഷങ്ങളുടെ ഇടവേളകളിൽ
കുഞ്ഞി പാത്തു എട്ട് പ്രസവം നടത്തി..
അതിൽ രണ്ടെണ്ണം മരണപ്പെട്ടു….
എട്ടാമത്തെ കുഞ്ഞിന് പാലൂട്ടി
ഇരിക്കുമ്പോഴാണ് കെട്ടിയൊൻ
വേറൊരു പെണ്ണുമായി അറയിലേക്ക്
കയറി വന്നത്..
കുഞ്ഞി പാത്തുവിന് വയ്യാതായിരിക്കുന്നു
വിട്ട് മാറാത്ത നടവേദന ശ്വാസം മുട്ട്
നീര് വീഴ്ച്ച ഒക്കെ..
കുഞ്ഞി പാത്തു ചുമച്ചു തുടങ്ങിയാൽ
വീട് മുഴുവൻ കുലുങ്ങും..
പുതു പെണ്ണിനോട് ചുറ്റി കറങ്ങി
കെട്ടിയോൻ നടക്കുന്നത് കൊണ്ട്
കുഞ്ഞി പാത്തുവിന് കുറച്ചൊരാശ്വാസം
കിട്ടി..
ഇപ്പോൾ കുഞ്ഞി പാത്തുവിന്
45 വയസ്സായി മക്കളൊക്കെ വലുതായി
കെട്ടിയോൻ ഒന്ന് കൂടി കെട്ടിയിരുന്നു
അപ്പോഴേക്കും..
പറ്റെ വയ്യാതായപ്പോൾ മക്കൾ
എല്ലാവരും കൂടെ കുഞ്ഞി പാത്തുവിനെ
ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയപ്പോഴാണ്
കുഞ്ഞി പാത്തുവിന്റെ രണ്ട് കിഡ്നിയും
പോയത് അറിയുന്നത്..
കുഞ്ഞി പാത്തു ഹോസ്പിറ്റൽ
ബെഡിൽ നിർ വികാരയായി കിടന്നു..
മക്കളൊക്കെ അത് വേണോ ഇത്
വേണോ എന്ന് ചോദിച്ചു അടുത്ത് നിൽക്കുന്നുണ്ട് കുഞ്ഞി
പാത്തുവിന് ഒന്നും വേണ്ടായിരുന്നു..
വേണ്ടിയിരുന്നത് കുറച്ചു കണ്ണിമാങ്ങകളും
ഉപ്പും മുളകും ഒക്കെയായിരുന്നു അതിനി
നൽകാൻ ആർക്കും കഴിയില്ലല്ലോ..
കുഞ്ഞി പാത്തു പതുക്കെ കണ്ണുകൾ അടച്ചു
ഓർമ്മകളുടെ ഒരറ്റത്ത് നബീസു നടന്ന്
വരുന്നുണ്ടായിരുന്നു
വേലിക്ക് അപ്പുറത്ത് മറ്റൊരാളും….
ആത്മാവിന്റെ ചുംബനത്തിലൂടെ
ഒഴുകി വരുന്ന കഥകളാണ് ഇതെല്ലാം
ചുംബനത്തിന് ഒപ്പം ചുംബനത്തെ
തേടി വരുന്നവരിൽ നിന്ന് മണിക്കൂറുകൾ
നിന്ന് കഥ പറയപ്പെടുന്ന പല കഥകളിൽ
നിന്നും കാമ്പുള്ള ഏതെങ്കിലും
ഒരോർമ്മ അത് നെഞ്ചിൽ
പിടപ്പുകൾ ഉണ്ടാക്കുന്നു..
വന്നവർ പോയി കഴിഞ്ഞാലും
കുഞ്ഞി പാത്തു നെഞ്ചിൽ
നൊമ്പരം തീർക്കുന്നു
കുഞ്ഞി പാത്തു ഇന്നും ജീവിച്ചിരിക്കുന്നു
എല്ലാ വിധ ദുരിതങ്ങളോടും കൂടി
തന്നെ…
മറവികൾക്ക് മേലെയുള്ള ചില
ഓർമ്മപ്പെടുത്തലുകൾകൂടിയാണ്
ചിലകഥകളുടെ പിറവികൾ..
അങ്ങനെ പിറവി എടുത്തതാണ്
ആത്മാവിന്റെ ചുംബനവും..