രചന : സുദർശൻ കാർത്തികപ്പറമ്പിൽ*
ക്രിസ്തുവിൻ മാറിൽ തറച്ച കുരിശുമാ –
യിപ്പൊഴും നമ്മൾ നടക്കുന്നു നിഷ്ഠുരം!
പള്ളിതൻ ശൃംഗത്തിലെന്നല്ല,മർത്യന്റെ –
കണ്ഠനാളത്തിലുമിന്നതു കാൺമു,ഞാൻ!
രണ്ടു സഹസ്രാബ്ധമിങ്ങു കഴിഞ്ഞിട്ടു –
മുണ്ടായതില്ലൊരു ക്രിസ്തുവുമങ്ങനെ!
മുറ്റിത്തഴച്ചു ജൂദാസ്സുമാർ നിൽക്കവേ;
എത്തുന്നതെങ്ങനെയ,ക്രിസ്തുമാമുനി?
സത്യധർമ്മത്തിന്റെ മൂർത്തിയാം ക്രിസ്തുവി-
ന്നാപ്ത വാക്യങ്ങളെക്കാറ്റിൽ പറത്തി നാം
വെട്ടിപ്പിടിച്ചതന്നെത്ര ഭൂഖണ്ഡങ്ങൾ,
മുഷ്ടിമിടുക്കിനാൽ,ഹാ മതഭ്രാന്തിനാൽ!
പള്ളിതൻ മുറ്റത്തെ രമ്യഹർമ്യങ്ങളിൽ
പള്ളനിറച്ചു,സുഖിച്ചുവസിച്ചിടും
ദുഷ്ടപ്പരീശ വർഗ്ഗങ്ങളല്ലീ ക്രിസ്തു-
ശിഷ്യരായിന്നു സുവിശേഷമോതുന്നു!
ളോഹതന്നുള്ളിലൊളിഞ്ഞിരിക്കുന്നൊരാ-
മാദകഭാവങ്ങളെത്ര ഭയാനകം!
എങ്ങും തെളിഞ്ഞുനിൽക്കുന്നു പൊൻതാരകൾ;
എങ്കിലും ക്രിസ്തുവിന്നോർമ്മ പുതുക്കുവാൻ!