അസ്‌ക്കർ അരീച്ചോല.✍️

മരണം സുനിശ്ചിതമായ ഈ ഭൗതികലോകത്തിലെ നശ്വര ജീവിതത്തിനുള്ള അർത്ഥവും, അർഥമില്ലായ്മയും വിവേകത്തോടെ വ്യവഹാരിച്ചെടുക്കാൻ സാധ്യമാകുന്ന ഹൃദയമുള്ള ഏതൊരാളിലും സ്വഭാവികമായി ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്.. “!!
ശരീരം, മനസ്സ്‌ എന്നീ അവസ്ഥകൾക്കും, അവയുടെ വിവിധ തലങ്ങൾക്കും അപ്പുറം ആത്മാവിന്റെ സ്വതന്ത്രമായ അവസ്ഥകൾ ഏതൊക്ക തരത്തിലായിരിക്കും എന്നുള്ളതാണത്..”!!
സന്ദേഹിയായ ഒരു ആത്മാന്വേഷിയെ സംബന്ധിച്ച് ഓരോ ഘട്ടത്തിലും അന്വേഷിച്ചെത്തുന്ന ആത്മീയ വഴിയിലെ മുഖ്യമായ തടസ്സം മനസ്സ്‌ സൃഷ്ടിക്കുന്ന ഓരോരോ ബാലിശമായ കാരണങ്ങളാണ്..

പ്രത്യക്ഷത്തിൽ നമുക്കിവയെ തടസങ്ങൾ എന്ന് വിളിക്കാനേ കഴിയു.
മനസ്സും ദേഹവും കുടുങ്ങികിടക്കുന്ന ഈ തടസ്സങ്ങളുടെ ചങ്ങലക്കെട്ടുകൾ മുറിച്ചെറിയുക എന്നത് സ്വയം അത്ര എളുപ്പമുള്ള പ്രക്രിയകളൊന്നുമല്ല.. “!!
നേടിയെടുക്കാൻ സാധിച്ച ആത്മജ്ഞാനം അതീന്ദ്രിയമായ ബോധ്യത്തോടെ അകമേ അനുഭവമായി ഉരുതിരിയുന്നതാണ് ആത്മീയത.

ശരീര, മനോ ഇച്ഛകളെ തിരിച്ചറിഞ്ഞ് മനസ്സ്‌ സൃഷ്ടിക്കുന്ന പ്രലോഭനങ്ങൾക്ക് സ്വയം സാക്ഷിയായി ഗുരു സമക്ഷത്തിൽ സംപൂർണ്ണ സമർപ്പണത്തോടെ ഉള്ളിലുള്ള അവിദ്യകളുടെയും,അജ്ഞതകളുടെയും കൊടുംതമസ്സിനെ കഠിന പരിശ്രമങ്ങളിലൂടെ കഴുകി ഇല്ലാതാക്കി അവിടെ ആ പരമപ്രകാശം തെളിയുമ്പോഴാണ് ആത്മജ്ഞാനം അനുഭവമായി ഉരുവപ്പെടുന്നത്.

നശ്വരമായ ലൗകികാനന്ദങ്ങൾ ശാശ്വതവും, സത്യവുമാണെന്ന് മനസ്സും, ശരീരവും ഭ്രമിക്കുമ്പോൾ അതിൽ നിന്ന് (നശ്വരത) വിടുതൽ നേടി അനശ്വരമായ ആത്മാവിന്റെ നിത്യാനന്ദങ്ങളെ അന്വേഷിക്കാനുള്ള അഭിവാഞ്ജ ഓരോ ആത്മനേഷിയിലും അന്തർലീനമായ ഒന്നാണ്.
പരിപൂർണ്ണനായ ഒരു ഗുരുവിലൂടെയല്ലാതെ സ്വയം അതിന് സാധ്യമാകുക എന്നത് ആത്മാന്വേഷികളിൽ നിന്നുള്ള അപൂർവ്വം ചിലർക്കല്ലാതെ കഴിയുകയുമില്ല.

അതായത് അതത് കാലങ്ങളിലെ ലോകത്തിലെ കോടാനുകോടി വരുന്ന മനുഷ്യകുലത്തിലെ ഒന്നോ രണ്ടോ പേർക്ക് മാത്രം സ്വയം സിദ്ധിക്കുന്ന ഒരു അനുഗ്രഹമാണത്..”!!
ഇവിടെയാണ് തികച്ചും സാമാന്യ തലത്തിൽ ഉപജീവനാർത്ഥം ഭൗതിക, പദാർത്ഥ ലോകത്ത് വ്യവഹരിക്കുന്ന എന്നെപ്പോലൊരാൾക്ക് നിത്യമായ ജീവനകലയെ പുൽകണമെങ്കിൽ ഒരു ഗുരു അത്യാവശ്യമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാവുന്നത്.

വഴിമുടക്കുന്ന മനസ്സിന്റെ ബലഹീനതകളെയും, കുടിലതകളെയും അപ്പപ്പോൾ തിരിച്ചറിഞ്ഞ് നമുക്ക് സ്വയം അതിനെ മെരുക്കാൻ കഴിയുന്നിടത്താണ് ആത്മ നിയന്ത്രണത്തിന്റെ പ്രാരംഭം..
ആത്മീയതയുടെ പ്രശാന്തമായ അനശ്വര സുഷുപ്തി സദാ അനുഭവിക്കുന്ന ഒരു ആനന്ദമാവാൻ ഓരോ മനുഷ്യനും അകമേ അതിയായി ആഗ്രഹിക്കുന്നു.. “!”❤

By ivayana