രചന : സ്വപ്ന എം എസ്*

“ഡാ…. അരുണേ.. കളിമതിയാക്കി… വാ സന്ധ്യയാകാറായി. വിളക്ക് തെളിയിച്ചു നാമം ജപിക്കേണ്ടേ…”
അമ്മയുടെ വിളി കളിയുടെ താളം തെറ്റിച്ചു. പന്തടിച്ചപ്പോൾ ഉന്നം തെറ്റി അടുത്തുള്ള വീടിന്റെ മതിലിൽ ചെന്നിടിച്ചു. അരുൺ പന്തെടുക്കാൻ ചെന്നപ്പോൾ ഒരു പൂച്ച ദയനീയമായി കരയുന്നത് കണ്ടു. പാവം പൂച്ച പന്ത് അതിന്റെ ദേഹത്ത് തട്ടിയോ!! ഏയ്.. തട്ടിയിട്ടുണ്ടാവില്ല.അതിന്റെ കരച്ചിൽ കേട്ടിട്ട് അരുണിന് ദയതോന്നി.

വേഗം പന്ത്കളി മതിയാക്കി അവൻ വീട്ടിലേക്ക് തിരിച്ചു കൂടെ ആ പൂച്ചയും പുറകേ വന്നു.
അരുൺ കൈയും കാലും കഴുകി ഉമ്മറത്തെത്തിയപ്പോൾ, അമ്മ കത്തിച്ചുവെച്ച നിലവിളക്കുമായി വരുന്നു. അപ്പോഴാണ് പടിക്കലിരിക്കുന്ന പൂച്ചയെ കണ്ടത്. ഓടിച്ചു വിടാൻ നോക്കിയെങ്കിലും ദയനീയമായി കരഞ്ഞുകൊണ്ട് അത് അമ്മയെ നോക്കി.
“അമ്മേ പാവം പൂച്ച വിശന്നിട്ടാവും കുറച്ചു ഭക്ഷണം കൊടുക്കാം.”
അമ്മയ്ക്ക് ദേഷ്യം വന്നെങ്കിലും ത്രിസന്ധ്യ നേരത്തു പൂച്ച വന്നു കയറുമ്പോൾ ഓടിച്ചു കളയുന്നത് ശരിയല്ലയെന്നു ചിന്തിച്ചു വേഗം അടുക്കളയിൽ പോയി കുറച്ചു ഭക്ഷണം കൊണ്ടുവന്നു പുറകിലുള്ള ചായ്‌പ്പിൽ വെച്ചുകൊടുത്തു.

അപ്പോഴാണ് അമ്മ പൂച്ചയെ ശ്രദ്ധിച്ചത്, അത് ഗർഭിണിയായിരുന്നു.
അമ്മ വെളുപ്പിനേ ഉണർന്നു അടുക്കളയിൽ പ്രഭാത ഭക്ഷണത്തിന് തെയ്യാറെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ പൂച്ചകുഞ്ഞിന്റെ കരച്ചിൽ. വേഗം ചായ്‌പ്പിൽ ചെന്ന് നോക്കിയപ്പോൾ മൂന്നു കുഞ്ഞുങ്ങൾ, അത് അമ്മയുടെ പാലുകുടിക്കാൻ പരതുന്നു. ശല്യം ചെയ്യേണ്ട എന്ന് കരുതി വേഗം ജോലിതീർക്കാനുള്ള ശ്രമംതുടങ്ങി. മോൻ ഉണർന്നില്ലല്ലോ സമയം ഏഴ് ആയല്ലോ. വേഗംചെന്ന് അരുണിനേയും രേണുകയേയും വിളിച്ചുണർത്തി.
“വേഗം ഉണർന്നു രാവിലത്തെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അമ്മ ഒരു സൂത്രം കാട്ടിത്തരാം.”
കുട്ടികൾക്ക് ആകാംഷയായി, അവർ ചെയ്യേണ്ട കാര്യങ്ങൾ വേഗത്തിൽ ചെയ്ത് അമ്മയുടെ അടുക്കലേയ്ക്ക് ഓടിയെത്തി.

“എന്താണ് ആ സൂത്രം”
“രണ്ടുപേരും ഒച്ചവെയ്ക്കരുത് പതുക്കെ അമ്മയുടെ കൂടെവാ “
അവർ ചായ്പ്പിലേക്ക് നോക്കിയപ്പോൾ ഇന്നലെ വന്ന പൂച്ചയും കൂടെ മൂന്നു കുഞ്ഞിപൂച്ചകളും. ഒന്ന് വെളുപ്പ് നിറം, രണ്ടാമത്തെത് കറുപ്പ്, മൂന്നാമത്തെ വെള്ളയും മഞ്ഞയും ചേർന്നത്. കുട്ടികൾ സന്തോഷംകൊണ്ട് അവർ തുള്ളിച്ചാടി.
അമ്മ മിണ്ടരുത് എന്നാഗ്യം കാണിച്ചു. അമ്മയുടെ കണ്ണുവെട്ടിച്ചു കുട്ടികൾ പൂച്ചക്കുഞ്ഞുങ്ങളുടെ അടുത്തു പോകും.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞൊഴിച്ചു മറ്റു രണ്ടു കുഞ്ഞുങ്ങളെയും അമ്മ പൂച്ചയേയും കണ്ടില്ല. ആ കുഞ്ഞാണെങ്കിൽ ഭയങ്കരകരച്ചിലും. അമ്മയോട് അരുൺ കാര്യം പറഞ്ഞപ്പോൾ അത് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറിക്കാണും. ഈ കുഞ്ഞിനേയും കൊണ്ടുപോകുമെന്നു അമ്മ പറഞ്ഞെങ്കിലും രാത്രിയായിട്ടും അമ്മ തിരികെ വരികയോ കുഞ്ഞിന്റെ കരച്ചിലോ നിന്നില്ല. പിന്നെ അമ്മയോട് പറഞ്ഞു കുറച്ചുപാൽ സ്പൂണിൽ കോരി കൊടുത്തു അതോടെ കരച്ചിലും നിന്നു.പെട്ടെന്നാണ് ആ കുഞ്ഞു പൂച്ച അരുണുമായി അടുത്തത് അവന്റെ കയ്യിൽ ഇരുന്നാൽ പിന്നെ കരയാറില്ല, അള്ളിപിടിച്ചു കിടന്നുറങ്ങും. കണ്ടില്ലെങ്കിലോ ഭയങ്കര കരച്ചിലും.അപ്പോഴാണ് ആ കുഞ്ഞിന് കണ്ണ് കാണില്ലെന്നു അരുണും അമ്മയും അറിഞ്ഞത്. കണ്ണ് തുറപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, ഫലമുണ്ടായില്ല ആ ശ്രമം പിന്നീട് ഉപേക്ഷിച്ചു.

ഒരു ദിവസം കാണാതായ അമ്മ പൂച്ചയും മറ്റു രണ്ടു പൂച്ചകുഞ്ഞുങ്ങളെയും കൊണ്ട് ചായ്പ്പിലേക്കു വന്നു.അമ്മ പറഞ്ഞു.
” മോനെ ഈ കുഞ്ഞിനെ അതിന്റെ കൂട്ടത്തിൽ വിട്ടേക്കു.
അമ്മയുടെ ചൂടും പരിചരണവും ഉണ്ടെങ്കിലെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരു, “
അവൻ മനസ്സില്ലാമനസ്സോടെ ആ കുഞ്ഞിനെ അമ്മയുടെ അരികിലേക്ക് കിടത്തി. പക്ഷേ ആ അമ്മ അതിനെ ശ്രദ്ധിക്കുകയോ പാല് കൊടുക്കുകയൊ ചെയ്തില്ല.മറ്റു രണ്ടു കുഞ്ഞുങ്ങളെയും നക്കി തുടച്ചു വൃത്തിയാക്കി ഇടയ്ക്ക് വന്നു പാലുകൊടുത്തു, അവരുടെ കളി തമാശകൾ കണ്ടും, കുസൃതികൾ കണ്ടില്ലന്നു നടിച്ചു കിടന്നു.

അരുണിന് ദേഷ്യം വന്നു ആ കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ കളിക്കാൻ വിട്ടിട്ട് മാറിനിന്നു. കുറേ കഴിഞ്ഞപ്പോൾ അമ്മ പൂച്ച ആ കുഞ്ഞിനെ മണത്തു നോക്കി, പിന്നെ അതിനെ നക്കി തുടച്ചു, പാൽ കൊടുത്തു. ഇതു കണ്ടു നിന്ന അരുണിന്റെയും രേണുകയുടെയും അമ്മയുടെയും കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.
“ഇതാണ് മക്കളെ ‘മാതൃസ്നേഹം.'”

By ivayana