രചന : സുദേവ് ബി*

റൂമി തൻ്റെ വളർത്തു മകളെ ഷംസിനു നൽകി
ഖയോനിയിൽ പാർപ്പിക്കാൻ ശ്രമിക്കുന്നു
പക്ഷേ തൻ്റെ മകൻ അവളുമായി അനുരാഗത്തിലായതും
ഷംസിനേ വധിക്കാൻ ഗൂഢാലോചന നടത്തിയതും അറിഞ്ഞിരുന്നില്ല.

കാറ്റെന്ന പോലെ കഴിയുന്ന ഷംസിനേ
കണ്ടെത്തി റൂമി തിരികേയണച്ചുതൻ
വീട്ടിന്നകത്തു കഴിയാൻ വിശേഷമാം
സൗകര്യമേകി, കനിവോടെ പോറ്റവേ

ഉദ്യോഗമൊന്നുമവനില്ല കേവലം
പ്രാരബ്ദ്ധകർമ്മമതു വന്നു ചേർന്ന പോൽ
പോകും! തനിയ്ക്കു മുറിയും വിശാലമാം
വിൺമച്ചുമൊക്കെയൊരു പോലെ ചിന്മയം !

സ്വാർത്ഥം നിനച്ചു മകളേയവന്നു ഹാ
നിക്കാഹു നൽകി,നിയമേന ബന്ധുവായ്
തീർക്കുന്നു പക്ഷെ അവനെങ്ങടങ്ങുവാൻ !
തബ്രീസി പോയനിശയോ നിഗൂഢമായ് !

അവ്യക്തമാണു,നരഹത്യയാകുമോ
കണ്ടില്ല ഷംസിനെ,മകൻ വധിച്ചതോ ?
പ്രേമിച്ചിരുന്നിരുവരും വിരുദ്ധമായ്
ജീവിക്കുവാൻ നിയതി തൻ കരുവൊക്കയും

റൂമിക്കവൾ മകളുപോൽ വളർത്തുമോൾ !
പ്രേമിച്ചിരുന്നതറിവീല; ഷംസിനായ്
നൽകീടവേ! തെളിവുകളില്ല തന്നെ !
തബ്റീസു മാഞ്ഞു,മകളും മരിക്കയായ്

കാറ്റാണവൻ നിറവുമാണുനിലാവുമാ-
ണാകാശമാണു ജഢമാണു ജീവനും
ഷംസെന്നനാമമതിനൊത്തരൂപമേ
മാഞ്ഞുള്ളു സാഗരതരംഗമെന്നപോൽ

പൊന്തുന്നതൊക്കെ വിലയിയ്ക്കുമിങ്ങനേ
നാനാവിധങ്ങളവയൊക്കെയൊന്നുത-
ന്നുള്ളത്തിലേകടലടങ്ങുമെങ്കിലീ
സംസാരസാഗരമതും സുനിശ്ചലം !

എല്ലാം കഴിഞ്ഞപരിമേയ,മായതൻ
ഉൽക്രാന്തി ഹാ ശരണ സീമകാണവേ
എല്ലാം വെടിഞ്ഞവിടെവീഴുകൽപ്പമാം
ഞാനെന്ന തോന്നലു നശിച്ചിച്ചു കിട്ടുവാൻ

ആണ്ടൊന്നു പൂർണ്ണമവിടേയിരുന്നവൻ
മൗനം ഭജിച്ചു മുറി വിട്ടതില്ല തൻ
നേരിൻ്റെ നാമമുരുവിട്ടിരിക്കവേ
ഞാനെന്ന ദീപമെരിയുന്നതെങ്ങുമായ്

ആർക്കാവുമാവിപുലഭാവസാധനാ
സമ്പത്തി നേടിയതിരറ്റു രമിയ്ക്കുവാൻ
ആയുള്ളവൻ്റെ കവിയുന്ന വാങ്ങ്മയം
വായിയ്ക്കയാണിവനു റൂമി- വിസ്മയം.

സുദേവ് ബി

By ivayana