രചന :- ബിനു. ആർ.*
കുറിക്കാം ‘അ’ എന്നക്ഷരമാദ്യം
‘മ’യ്ക്ക് ഇരട്ടിപ്പിട്ട്
അമ്മയെന്ന മധുരമാംപദം
അമ്മിഞ്ഞപ്പാലിൻ മധുരിമയോടെചൊല്ലാം അതുചിലപ്പോൾ
മനസ്സിന്നുസാന്ത്വനവുമാകാം.
കണക്കുകൾ വരക്കാം
ഒന്നെന്നും രണ്ടെന്നും മൂന്നെന്നും
മുച്ചൂടുകളും കൂട്ടിക്കുഴക്കാം
കണക്കുകളുടെ കൂട്ടപ്പിഴവുകൾ
കണ്ടില്ലെന്നുനടിക്കാം
കാണാചരടുകളിൽ പിന്നിയ ജീവിതം ഇഴപിരിച്ചെടുക്കാം
കാലത്തിൻ കൂട്ടിക്കിഴിക്കലുകൾ
നടത്താം
ജീവിതത്തിന്റെ വരകൾ നേരായിരിക്കാൻ
മനനം ചെയ്യാം
സ്വപ്നങ്ങളെല്ലാം കരുപ്പിടിപ്പിക്കാം
ജീവിതത്തിൻ ഉയർച്ചതാഴ്ചകളിൽ
മനം മടുപ്പിക്കാം
ചില്ലറ ജീവിതസാഹചര്യങ്ങളിൽ
മനസിന്നിടർച്ചകൾ
ചിന്തിയെടുക്കാൻ കരുക്കൾ നീട്ടാം.
എല്ലാം തുടങ്ങുന്നതേ ഈ സ്ലേറ്റിൽ
കല്ലുപെൻസിലുകളുടെവരയിൽ,
മായ്ക്കുന്ന മാഷിച്ചെടിയുടെ തണ്ടാൽ
കോലങ്ങളാകാൻ കൂട്ടിരിക്കും
എഴുത്തച്ഛന്റെ വിരൽത്തുമ്പിനാൽ.
കാലം കാത്തുനിൽക്കുന്നുണ്ട്
ജീവിതമാകും പെരുവഴിതന്നറ്റത്ത്,
കാതോർത്തിരിക്കുന്നുണ്ട്
യഥാർദ്ധ്യങ്ങളേകണ്ടു
ഭയപ്പെടുമ്പോഴുള്ളോരു മർമ്മരം
കേൾക്കാൻ,
ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ.