രചന :- സാജുപുല്ലൻ*

ഒരാൾ യുവാവായിരിക്കെ മറ്റൊരാളായ് മാറി
അയാൾ
പുഴയെ വാക്കിലാക്കി
ആകാശം കയറി
മഴയെ വാക്കിലാക്കി
ചെടിയുടെ പണിശാലയിൽചെന്നു
വേരിൻ്റെ മുനയിലെ മൂർച്ച തൊട്ടു
തൊട്ടതെല്ലാം വാക്കിലാക്കി
‘കവിഞ്ഞത് കവിതയായ് ‘
ഒരാൾ യുവാവായിരിക്കെ
കവിയായി മാറി
കവിതയും യുവതയും ഒരുപോലെയാണ് അടങ്ങിയിരിക്കില്ല
ഓരോ പ്രസിദ്ധീകരണവും
ഓരോ പ്രകാശനം…
ഓരോ വായനയും
ഓരോ വേദി …
യുവ കവിതയുടെ ഏറ്റംകണ്ട് മുതിർന്ന കവിത കാറി,
വാക്കുകൾ വളച്ചുകെട്ടി
കുടുക്കെറിഞ്ഞു
രസം
പോര
കളരിയിൽപിമ്പരായിരുന്നു യുവകവിത
മുറകളിൽ മുമ്പരായിരുന്നു ,
കുടുക്കിനെ ശരം എയ്തു …
അപ്പുറവും ഇപ്പുറവും
നിന്നു പൊരുതാൻ
അതിര് കല്ലിട്ട് തിരിച്ച രാജ്യമല്ല കവിത
പ്ലേറ്റോ മരിച്ചു
കവികളുടെ രാജ്യം വന്നു ,
ആചാര്യൻമാർ വിചാരിച്ചു.
പോകെപ്പോകെ
യുവകവി മുതിർന്ന കവിയായി പുതിയൊരാൾ യുവകവിയായി
അപ്പോഴേയ്ക്കും
ലബ്ദപ്രതിഷ്ഠയിരുന്ന മുതിർന്ന കവിത
ഇപ്പോൾ വേദിപിടിച്ചു തുടങ്ങിയ
യുവ കവിതകളെ
ധാരാളമായി കണ്ടു
പഴയ ആ യുവകവി
ഇപ്പോഴത്തെ മുതിർന്ന കവി
ഇപ്പോഴത്തെ യുവകവി ഭാവിയിലെ മുതിർന്ന കവി
…എപ്പോഴത്തെയും
യുവകവിതയെ
ഒന്നുശാസിക്കേണ്ടതാവശ്യമെന്ന് കരുതി
ശാസിച്ചത് അധികാരമായിരുന്നു,
ഇങ്ങനെയല്ല കവിത
ഇരിക്കേണ്ടത്
ചിലതെല്ലാം കാണുന്നു
മറഞ്ഞിരിക്കേണ്ടത് –
പ്ലേറ്റോ മരിച്ചു
വാക്കുകൾക്ക് മരണമില്ല…
മറുപടി ഒറ്റ വാക്ക്
കവിത
ഗുപ്തതലദർപ്പണം

By ivayana