രചന : സന്തോഷ് പല്ലിശ്ശേരി `*

തണുത്ത ഡിസംബറിലെ
ഇടമുറിഞ്ഞ് വീശുന്ന കാറ്റടിച്ച് അപ്പുറത്തെവിടെയോ ഒരു ജനൽപാളി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു..
തീരെ ഉറക്കം വരാത്തതിനാൽ
ടോമി തന്റെ പായിൽ എണീറ്റ് ഇരുന്നു.. അവൻ ചുറ്റിലും നോക്കി.. കൂട്ടുകാരെല്ലാം നല്ല ഉറക്കം…
അവന് അവരോട് അസൂയ തോന്നി, ഉറക്കത്തിന്റെ കാര്യത്തിൽ മാത്രമല്ല
പലതുകൊണ്ടും അവനാ അസൂയ ഉണ്ടായിരുന്നു..
അനാഥാലയത്തിൽ തങ്ങൾ ഒന്നിച്ചാണെങ്കിലും..
അനാഥരെന്നാണ് പൊതുവിൽ പറയുന്നതെങ്കിലും അപ്പനോ അമ്മയോ അതുമല്ലെങ്കിൽ രക്ഷിതാക്കളായി ആരെങ്കിലുമൊ ഒക്കെ ഉള്ളവരാണ് എല്ലാവരും ,താനൊഴികെ…!
താൻ മാത്രമെ ആരുമില്ലാത്തവനായി ഇപ്പോൾ ഇവിടെയുള്ളൂ..
ഇന്ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷമായിരുന്നു..
വളരെ സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കിടയിലും ടോമി ദു:ഖിതനായിരുന്നു.
തന്റെ സുഹൃത്തുക്കളെല്ലാം നാളെ തങ്ങളുടെ വീടുകളിലേക്ക് പോകും…
കഴിഞ്ഞ വർഷം അവരുടെ രക്ഷിതാക്കൾ വന്ന് അവരെ കൂട്ടിക്കൊണ്ടുപോയത് ടോമിയുടെ ഓർമ്മയിൽ തെളിഞ്ഞു…
പിന്നെ കുറച്ചു ദിവസങ്ങൾ
ഡയറക്ടറച്ചനും കുശിനിക്കാരൻ റപ്പായേട്ടനും താനും മാത്രം..!
പിന്നെ പറമ്പിലെ പണിക്കാരും…
ഓർത്തോർത്തിരുന്നപ്പോൾ അവന് സങ്കടം കൂടിക്കൂടി വന്നു…
പെട്ടെന്ന്
തൊട്ടടുത്ത് കിടന്ന അലോഷി ചുമച്ചു.
നല്ല ഉറക്കത്തിലാണവൻ..
രാവിലെ അവന്റെ അപ്പച്ചൻ വരും.. അവന് അപ്പച്ചനും
അമ്മച്ചിയുമൊക്കെ ഉള്ളതാണ്.
പക്ഷെ രണ്ടാളും പിണങ്ങി വെവ്വേറെ താമസിക്കുകയാണ്..
വിവാഹ മോചനത്തിന് കേസ് നടക്കുന്നു..
അവരുടെ ദുർവാശി മകനെയെത്തിച്ചത് അനാഥാലയത്തിലും..
കഴിഞ്ഞൊരു ദിവസം സ്കൂൾ വിട്ട് തങ്ങൾ അനാഥാലയത്തിലേക്ക് വരുന്ന വഴി, ഏതോ ചായക്കടയിൽ ഒളിച്ചിരുന്ന് ,
അവന്റെ അപ്പച്ചൻ
അവനെ നോക്കുന്നത് കണ്ട് ആരൊക്കെയോ കളിയാക്കുകയുണ്ടായത്രെ…
പിന്നീട് അതൊരു ചർച്ചയാവുകയും വികാരിയച്ചനൊക്കെ ഇടപെടുകയുമൊക്കെ ചെയ്തതിന്റെ ഫലമായി കുടുംബ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് അലോഷിയുടെ മാതാപിതാക്കൾ ഒന്നിയ്ക്കുകയായിരുന്നു…
നാളെ കൊണ്ടുപോയാൽ
അവനെയിനി ഇങ്ങോട്ട് വിടുന്നില്ലെന്നവർ തീർത്തു പറയുകയും ചെയ്തു..
ഭാഗ്യവാൻ…!
ഒറ്റയടിയ്ക്ക്
അപ്പച്ചനയും അമ്മച്ചിയേയും കിട്ടിയല്ലോ അവന്…
തൊട്ടപ്പുറത്ത് കിടന്ന് കൂർക്കം വലിക്കുന്ന ജോയിയുടെ
അമ്മ
ഗൾഫിലാണ്..
അവനോർത്തു ,ജോയിയെ കാണാൻ വരുമ്പോഴൊക്കെ
അവർ തന്നെയും
കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാറുണ്ട്…
മുടിയൊക്കെ പൊക്കി കെട്ടി വച്ച് നല്ല സിൽക്ക് സാരിയൊക്കെ ഉടുത്ത് വരാറുള്ള അവർക്ക്
നല്ല അത്തറിന്റെ മണമാണ്…
ജോയിയുടെ
അപ്പച്ചൻ പണ്ടെന്നോ കെട്ടിത്തൂങ്ങിച്ചത്തതാണ്…
അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ
നാളെ അപ്പൂപ്പനാണ് വരിക..
അവധി കഴിഞ്ഞ്
തിരികെ വന്നാൽപ്പിന്നെ കുറേ ദിവസത്തേക്ക് അവനും നല്ല ഫോറിൻ മണമാണ്..
കുറച്ചുനേരം അവന്റെ അടുത്ത് ചേർന്നിരുന്നിട്ട് തന്നിലേയ്‌ക്ക് ആ മണം പകർത്തിയിരുന്നതോർത്തപ്പോൾ ടോമിന് എന്തോ ഒരു വല്ലായ്മ തോന്നി..
ടോമി പായിൽ നിന്നെഴുന്നേറ്റ് ശബ്ദമുണ്ടാക്കതെ വാതിൽ തുറന്നു.
ഇടനാഴിയുടെ അങ്ങേയറ്റത്തെതാണ് ഡയറക്ടറച്ചന്റെ മുറി.
അതിന്റെ അപ്പുറത്തെ ഷീറ്റ് മേഞ്ഞ ഊട്ടുപുരയിലാണ് കുശിനിക്കാരൻ റപ്പായേട്ടന്റെ താമസം…
എല്ലാവരും നല്ല ഉറക്കത്തിലാണ്.. വലിയ മുറ്റത്തിന്റെ അരിക് ചേർന്നുള്ള ഉയരത്തിലുള്ള മതിൽക്കെട്ടിന്റെ മുകളിലൂടെ കാണാം ,അപ്പുറത്ത് ബേബി മുതലാളിയുടെ വീട്ടിൽ
ഇടവിട്ട് മിന്നിയും അണഞ്ഞും പ്രകാശിച്ചു കൊണ്ടിരിക്കുന്ന വർണ്ണ നക്ഷത്രങ്ങൾ..
എന്തു ഭംഗിയാണവയ്ക്ക്..!
അകലെയെവിടേയോ നിന്ന് ഒരു കരോൾ ഗാനത്തിന്റെ തപ്പ്കൊട്ട് കേൾക്കുന്ന പോലെ അവന് തോന്നി..
നാളെ ഈ നേരത്ത് തന്റെ കൂട്ടുകാരെല്ലാം അവരവരുടെ വീടുകളിലായിരിക്കുമല്ലോ എന്ന് അവൻ ഓർത്തു..
ക്രമേണ അവന്റെ സങ്കടം കൂടിക്കൂടി വന്നു…
എന്തിനായിരിക്കും തന്നെ അമ്മത്തൊട്ടിലിൽ ഉറക്കിക്കിടത്തിയിട്ട് അമ്മയെങ്ങോട്ടൊ പോയ് മറഞ്ഞത്…? എന്തായിരിക്കും പിന്നീടൊരിക്കലും തന്നെപ്പറ്റി തന്റെ അപ്പച്ചൻ അന്വേഷിച്ച് വരാഞ്ഞത്…?
അവന്റെ കുഞ്ഞു മനസിൽ കിടന്ന് തിളച്ച ആ ചിന്തകളൊക്കെ അവനെ ഒടുവിൽ കൊണ്ടെത്തിക്കുന്നത്
” മേരീസാമ്മ ” എന്ന കന്യാസ്ത്രീയമ്മയിലാണ്.
ഈ ലോകത്തിലെ അവന്റെ ഒരേയൊരു ബന്ധു…
അവന്റെ കാണപ്പെട്ട ദൈവവും അമ്മയും എല്ലാമെല്ലാം…
അവരാണ് തന്നെ ഏതോ അമ്മത്തൊട്ടിലിൽ നിന്ന് എടുത്ത് വളർത്തി ഈ അനാഥാലയത്തിലെത്തിച്ചത് .
ഇന്നിപ്പോൾ ടൗണിലെ കന്യാസ്ത്രീ മoത്തിൽ വിശ്രമ ജീവിതം നയിക്കുകയാണ് വാർധക്യത്തോടടുത്ത മേരീസാമ്മ..
സിസ്റ്റർ മേരീസ്…!
മേരീസാമ്മയെപ്പറ്റി ഓർത്തപ്പോൾ അവന്റെ പിഞ്ചുഹൃദയം അമ്മയെന്ന അനുഗ്രഹത്തിന്റെ കരലാളനത്തിനായി ദാഹിച്ചു…
ആ കുഞ്ഞുമനസ്സ് നിശ്ശബ്ദം തേങ്ങി…
മുകളിൽ ,
ആകാശത്തിന്റെ അരിക് പറ്റി മേരീസാമ്മയുടെ അടുത്തേക്ക് പറക്കാൻ അവൻ കൊതിച്ചു ..
അല്പനേരം കൂടി പുറത്തെ നിശ്ശബ്ദതയിലേക്ക് നോക്കി നിന്നിട്ട് അവൻ തിരികെ ഹാളിലേക്ക് നടന്നു..
അപ്പോൾ പുറത്തെവിടെയോ അകലെ നിന്ന് ഒരു കരോൾ സംഘത്തിന്റെ ആർപ്പുവിളികളും തപ്പുമേളങ്ങളും കേൾക്കുന്നുണ്ടായിരുന്നു….

കരോൾസംഘം ക്രിസ്തുരാജന് ജെയ് വിളിച്ചും പുൽക്കൂട്ടിൽപ്പിറന്ന ഉണ്ണിയെപ്പറ്റി പാട്ടു പാടിയും ആ കന്യാസ്ത്രി മഠത്തിന്റെ അങ്കണം ശബ്ദമുഖരിതമാക്കി..
മദർ സുപ്പീരിയറും മറ്റു കന്യാസ്ത്രിമാരും ചേർന്ന് കുട്ടികൾക്കൊക്കെ ചുക്കുകാപ്പിയും വട്ടേപ്പവും കേക്കും കൊടുത്തു… അപ്പോഴാണ് മുറ്റത്തിന്റെ വടക്കെയറ്റത്തെ ഇരുണ്ട കോണിൽ മരച്ചുവട്ടിലിരുന്ന് ഉറങ്ങുന്ന ഒരു പയ്യനെ ആരോ കണ്ടത്…
പെട്ടെന്ന് തന്നെ അവർ ആ പയ്യന്റെ ചുറ്റും കൂടി…
ഓടിക്കിതച്ചെത്തിയ
മദർ തന്റെ കയ്യിലെ
റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ
ആ പയ്യനെ തിരിച്ചറിഞ്ഞു.
” ടോം “
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു യാത്രയ്ക്കിടയിൽ അവിചാരിതമായി തനിക്കും നിസ്റ്റർ മേരീസിനും കിട്ടിയ ഒരു ചോരക്കുഞ്ഞ്…
തങ്ങളുടെ ടോം..!!
അവനെ ഈ സാഹചര്യത്തിൽ കണ്ടപ്പോൾ
ആ സ്ത്രീഹൃദയം ഒന്നു പിടച്ചു..

ഇത്രയേറെ ബഹളവും ഒച്ചയും കേട്ടിട്ടും മയക്കം വിടാത്ത അവൻ വളരെ ക്ഷീണിതനാണെന്ന് അവർക്ക് ബോധ്യമായി..
അവന്റെ മേൽ അവിടവിടെയായി കുറേശ്ശെ ചോര പൊടിഞ്ഞിട്ടുമുണ്ട്..
മേരീസാമ്മ അപ്പോഴേക്കും കുറച്ച് വെള്ളം കൊണ്ടുവന്ന്
അവന്റെ മുഖത്ത് തെളിച്ചു..
ഒന്നു ഞെട്ടി, മെല്ലെയവൻ കണ്ണുകൾ തുറന്നു..
നന്നായി അലങ്കരിച്ച ഒരു മുറിയിലാണ് താനെന്ന് കണ്ട് അവൻ അമ്പരന്നു.. കണ്ണുമിഴിച്ച് അവൻ ചുറ്റും നോക്കുമ്പോൾ കണ്ടു ,മുറിയുടെ ഒരറ്റത്തായി മനോഹരമായി ഒരുക്കിയിരിക്കുന്ന പുൽക്കൂട്…
നിറയെ ബലൂണുകൾ…
സമ്മാനപ്പൊതികൾ… നക്ഷത്രങ്ങൾ..
ക്രിസ്മസ് പാപ്പമാർ…
പിന്നെ…
പിന്നെ…
തന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന തന്റെ പ്രിയപ്പെട്ട മേരീസാമ്മ… !!

അകലങ്ങളിൽ നിന്ന്
കരോൾ ഗാനങ്ങളും പള്ളിമണികളുമൊക്കെ മുഴങ്ങുന്ന ആ രാവിൽ
അനാഥാലയത്തിന്റെ ഉയരമുള്ള മതിലിൽ ഏന്തിവലിഞ്ഞ് കയറി പുറത്ത് ചാടിയതും
ഉദ്ദേശം പതിമൂന്ന് കിലോമീറ്റർ ദൂരം അകലെയുള്ള ഈ കന്യാസ്ത്രീ മഠത്തിലേക്ക് ഏകനായി ഈ രാവിൽ തന്നെ നടന്നെത്തിയതും
ഒടുവിൽ ക്ഷീണിച്ച് അവശനായി ഒരു മരച്ചുവട്ടിൽ ഇരുന്നു പോയതുമൊക്കെ അവൻ പറയുമ്പോൾ ..
തന്റെ മേരീസാമ്മയെ കാണാനുള്ള കൊതി കൊണ്ടാണ്,
അവരുടെ കൈകളിലൊന്ന് തൊടാനാണ്,
ആ തലോടലൊന്ന് ഏറ്റുവാങ്ങാനാണ്
താൻ ഇതൊക്കെ ചെയ്തതെന്ന് അവൻ പറയുമ്പോൾ…
ചുറ്റിലും നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു…
ഒരു നിമിഷം..!
ഒന്നുമാലോചിക്കാതെ
ചോരയും ചെളിയും പുരണ്ട ആ കുഞ്ഞുശരീരം
തന്റെ വെള്ളയുടുപ്പിലേയ്ക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവനെ തുരുതുരാ പൊന്നുമ്മകൾ കൊണ്ട് മൂടുമ്പോൾ
സിസ്റ്റർ മേരീസ് അക്ഷരാർത്ഥത്തിൽ
ഒരു അമ്മയായി മാറുകയായിരുന്നു…

അന്നു രാത്രിയിലെ പാതിരക്കുർബാനക്ക് തന്റെ മേരീസാമ്മയുടെ കൈ പിടിച്ചുകൊണ്ട്
മദറും മറ്റു കന്യാസ്ത്രീമാർക്കുമൊപ്പം ഇരുവശത്തും
നക്ഷത്രദീപങ്ങൾ പ്രകാശിക്കുന്ന തെരുവീഥിയിലൂടെ
പള്ളിയിലേക്ക് നടക്കുമ്പോൾ
അവന്റെ ഹൃദയം
സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു ..!
അവന്റെ
‘ ആദ്യത്തെ ‘ ക്രിസ്മസ് രാവായിരുന്നു അത്..!

പെട്ടെന്ന് വരാന്തയിൽ ലൈറ്റ് തെളിഞ്ഞു…
അയാൾ ഞെട്ടിപ്പോയി..
” അല്ലാ ടോം… നിങ്ങളിതുവരെ കുളിച്ചില്ലേ..?
ദേ കുർബ്ബാനയ്ക്ക് നേരമാവാറായി… “

  • ഭാര്യയാണ് , സൂസൻ….
    മേരീസാമ്മ തന്നെ കണ്ടെത്തിയ മറ്റൊരു അനാഥജന്മം…!
    അവളെ തന്നോടു ചേർത്ത് വച്ച്
    അമ്മ പറഞ്ഞത് ഇന്നും ചെവികളിൽ മുഴങ്ങുന്നു..
    ” ഇനിയുമീ മണ്ണിൽ അനാഥർ ജനിക്കാതിരിക്കട്ടെ മക്കളേ… “
    അങ്ങനെ അനാഥരായ തങ്ങൾ രണ്ടു പേരും ചേർന്നപ്പോൾ ഒരു കുടുംബമുണ്ടായി.
    തങ്ങൾ സനാഥരായി…
    തങ്ങൾക്ക് സനാഥരായ മക്കളുണ്ടായി…
    പക്ഷെ ,
    ലോകമുള്ളിടത്തോളം കാലം
    അനാഥത്വങ്ങളുമുണ്ടാകുമെന്നത്
    എത്രയോ ദുഃഖപൂർണ്ണമായ
    സത്യമാണ്…
    മനുഷ്യർ വന്ന വഴിയെങ്കിലും
    മറക്കാതിരുന്നെങ്കിൽ….
    ” ദേ…. മനുഷ്യാ…. “
    ” മ്… ഓരോന്നോർത്ത് ഇരുന്നു പോയതാ..
    മക്കൾ റെഡിയായോ സുസന്നാ…?”
    ” ഓ.. നിങ്ങളൊന്ന് എണീറ്റു വാ മനുഷ്യാ..
    കഥയും കവിതയും ഓർത്തിരിക്കാണ്ട്.. “
  • അവൾ അകത്തേക്ക് പോയി..
  • എട്ടാംനിലയിലെ ആ അപ്പാർട്ട് മെന്റിന്റെ വരാന്തയിലിരുന്ന് കൊണ്ട് അയാൾ
    ടൗണിന്റെ മധ്യഭാഗത്തായി നക്ഷത്രദീപങ്ങളാൽ അലങ്കരിക്കപ്പെട്ട് ഉയരങ്ങളിലേക്ക് ഉയർന്നു നിൽക്കുന്ന ദേവാലയത്തിലേക്ക് നോക്കി…
    പാതിരാ കുർബാനയ്ക്കുള്ള മണി മുഴങ്ങുമ്പോൾ അകത്ത് ഭാര്യ സൂസനും മക്കളും ഒരുങ്ങുന്നുണ്ടായിരുന്നു…

By ivayana