ഈ മുട്ടായിത്തെരുവ്
ഇത്ര വലിയൊരു സംഭവമാണെന്ന്
അന്നൊന്നും
ആ തെരുവിനുമറിയില്ലായിരുന്നു
അവനുമറിവില്ലായിരിന്നു
പാളയം സ്റ്റാന്റും കഴിഞ്ഞ്
തെരുവും റെയിൽവേഗേറ്റും
വലിയങ്ങാടിയും കഴിഞ്ഞാൽ
പെട്ടെന്ന് ബീച്ചിലെത്താം
ബ്രിട്ടീഷുകാരുടെ
കാലത്തുണ്ടാക്കിയതാവും
ആ രണ്ടുനിലകെട്ടിടം
അതിന്റെ മുകളിലത്തെ നിലയിലാണ്
അവര് നാലഞ്ചാൾക്കാര് താമസിക്കുന്ന
വാടകമുറി
വിഷയത്തിൽ നിന്നു വിട്ടുപോകുന്നു
തെരുവും അവനും തമ്മിലുള്ള
ബന്ധത്തെപ്പറ്റിയാണല്ലോ
പറഞ്ഞുവന്നത്
കൂടിപ്പോയാൽ
അവിടുന്ന് ഒരു വള്ളിച്ചെരുപ്പ്
വാങ്ങിയിട്ടുണ്ടാവും
അതിലും വലിയ ബന്ധമൊന്നും അവർക്കിടയിലില്ല
അല്ലെങ്കിലും കീശയിൽ
ഒന്നുമില്ലാത്തവനോട്
ആര് കൂട്ടുകൂടാനാണ്
തെരുവിനെപ്പറഞ്ഞിട്ട് ഒരു കാര്യവുമില്ല
കുറച്ചു വിയർപ്പ് നിലത്തു വീണൂന്ന് വെച്ച്
തോളിൽ കയ്യിട്ടു നടക്കാനൊന്നും പറ്റില്ലല്ലോ
അങ്ങനെ നടന്നുനടന്ന് അവനൊരു ദിവസം
ബീച്ചിന്റെ നേരെ അക്കരെവരെയെത്തി
വല്ലാത്തൊരു നടപ്പുതന്നെയായിപ്പോയി
ഇനീം നീണ്ടുപോയാൽ
കേൾക്കാൻ ഒരു ഇതുണ്ടാവില്ല
അവസാനത്തെ വരിയിൽ
ഇത്രയേ കുത്തിക്കൊള്ളിക്കുന്നുള്ളൂ
നെഞ്ചിൽ തെരുവുമായിട്ടവൻ
ഏഴാം നിലയിലെ വീട്ടിലിരുന്ന്
അക്കരെ തന്നെ നോക്കിയിരിപ്പാണ്
പുറത്തിറങ്ങിയാലല്ലേ
തിരിച്ചു നടക്കാൻ പറ്റൂ
കടലിനു മീതെ നടത്തിയവനാണെങ്കിൽ
കണ്ണുമടച്ച് ഒറ്റ ഇരിപ്പാണ് താനും.
പ്രിയ സുഹ്യത്തിനു ഈ വായനയുടെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.