രചന :- വിനോദ്.വി.ദേവ്.
നിങ്ങൾ പ്രണയത്തിന്റെ തെരുവിലെ
വാക്ക് മാറാത്ത ഒരുഅടിമയാണോ ?
പ്രണയത്തിന്റെ വിശുദ്ധിയിൽ
കല്ലുംമണ്ണുംചുമന്ന്
പനിനീർപൂക്കളാൽ ചില്ലുഗോപുരം
നിർമ്മിയ്ക്കുന്ന ചങ്ങലയുള്ള അടിമ.?
കവികൾ നിങ്ങളെക്കുറിച്ചുപാടുമെങ്കിലും
ഞാൻ നിങ്ങളെ ഓർക്കാനേ ആഗ്രഹിയ്ക്കുന്നില്ല.
കാരണം പ്രണയം തളിർക്കാത്ത
ഒരു ഏകാന്തമരുഭൂവിലേക്ക്
എന്റെ മനസ്സിന്റെ വിദൂരദർശിനി
ഞാൻ തിരിച്ചുവച്ചിട്ട്
കാലങ്ങളേറെയായി.
എന്റെ പ്രണയത്തിന്റെ വാക്കുകളെ
മുളയ്ക്കുന്നതിനുമുമ്പെ,
മണ്ണിനടിയിൽവെച്ച് തീയിട്ടുനശിപ്പിച്ചിരുന്നു.
ഞാനിനി പ്രണയത്തിന് വേണ്ടി
വാക്കുകൾ മെനഞ്ഞെടുത്താൽ
അതിനെ നിങ്ങൾ ചാപ്പിളളകൾ എന്നുവിളിക്കും.
പ്രണയത്തിന് ഉടമ്പടികളില്ല.
ഉടമ്പടിയിൽ ഒപ്പുവെക്കുന്ന നിമിഷം
പ്രണയം മരിയ്ക്കുന്നു.
അത് അറിഞ്ഞുകൊണ്ടുതന്നെ
ആയിരമായിരം ഉടമ്പടിയിൽ
ഞാൻ ഒപ്പുവെച്ചിരിക്കുന്നു.
പ്രണയത്തിന്റെ തെരുവിൽ
അടിമയെപ്പോലെ പണിയെടുക്കാൻ ഞാൻ
ഒരുക്കമല്ല.
നിങ്ങൾ പണിയെടുക്കുമ്പോൾ ഞാൻ
നിശ്ചലനും ഭയരഹിതനുമായിരിക്കും.
പ്രണയത്തിന് വിലക്കുള്ള ഒരു മരുഭൂമിയിൽ
തപസ്സനുഷ്ഠിക്കുന്ന
സന്യാസിയാണ് ഞാൻ.
പ്രണയത്തിന്റെ തെരുവിലൂടെ
എന്നെ വലിച്ചിഴച്ചുകൊണ്ടുപോകരുത്.
പ്രണയശൂന്യനായ് ഞാൻ സമാധിസ്ഥനാകട്ടെ .