രചന :- ഹരികുങ്കുമത്ത്.
കൃഷ്ണൻ്റെ കോവിലിൽ പോകുന്ന ബസ്സിൽ
ചുക്കിച്ചുളിഞ്ഞുള്ള ദേഹമായ് ഞാനും!
ഉഷ്ണം വഴിഞ്ഞുള്ള തിക്കിനിൽപ്പാണേ
കമ്പിക്കു കൈകോർത്തൊരഭ്യാസി പോലെ!
കിട്ടാമിരിപ്പിടമെന്നെൻ പ്രതീക്ഷ
പൊട്ടിത്തകർക്കാതിരിക്കണേ കൃഷ്ണാ!
ബെല്ലെത്ര കേൾക്കുന്നു ബസ്സെത്ര നിന്നു!
ഇല്ലില്ല തള്ളിച്ചയിൽ കോട്ടമൽപ്പം!
എല്ലാർക്കുമീ ബസ്സുതന്നെയോ നോട്ടം?
വല്ലാത്ത നിൽപ്പെൻ ഗുരുവായൂരപ്പാ!
നിർമ്മാല്യ രൂപത്തിൽ കാണുന്ന നേരം
ഇമ്മാതിരിത്തള്ളലില്ലല്ലോ പൊന്നേ!
ദൈവം തുണച്ചെന്ന പോലൊരാൾ; മാഷെ
ഇങ്ങോട്ടിരുന്നോളു, ഞാനെണീക്കുന്നു…
മാഷെത്ര നന്നായിരിക്കുന്നു കേട്ടോ!
ഭോഷത്തമൊക്കെത്തടിച്ചു വീർത്തല്ലേ!
വിഡ്ഢിത്ത മെത്രനാൾ മിണ്ടാതെ ഞങ്ങൾ
ചുമ്മാ ചിരിച്ചന്നു കേട്ടിരുന്നില്ലേ!
തോളിൽ കരംചേർത്തു മിണ്ടുന്ന ശിഷ്യ –
നോർത്തെങ്കിലെൻ കരൾ നീറ്റുന്ന കാര്യം!
പൊള്ളല്ല ബസ്സങ്ങു കീഴ്മേൽ മറിഞ്ഞി-
ട്ടുളളത്ര വാഴ് വും കരിഞ്ഞെങ്കിലപ്പോൾ!
കൃഷ്ണൻ്റെ കോവിലിൽ ചെന്നു പ്രാർത്ഥിക്കാ-
നെന്തൊക്കെയുണ്ടെന്ന ചിന്തയോ കുന്തം 😒